മാഞ്ഞു പോകുന്നവ

0
466

മനീഷ് നരണിപ്പുഴ

ഒറ്റക്കിരുന്നു കളിച്ചു മടുക്കുമ്പോളാണ്
ടൈപ്പും ഷോർട്ടും കഴിഞ്ഞു വരുന്ന
ഓപ്പോളുടെ വാലിൽ പിടിക്കുക

മുയൽ കുഞ്ഞുങ്ങളെ കാണാൻ പോയാലോ?
ഞാനൊന്നുമില്ലെന്ന കുടച്ചിലിൽ
ഞാനുറക്കെ കരയും
കരയിപ്പിക്കാതെവിടാന്നു വെച്ചാ പോടീ-
യെന്നതിനു പിന്നാലെ ചെക്കനെ കൊണ്ട് തോറ്റെന്ന്
ഗോഷ്ടി കാണിച്ചഭിനയിച്ച് തലയാട്ടി
പാവാട രണ്ടു വശത്തേക്കുമിളക്കി കൈ പിടിച്ചോടും

അരയിൽ മടക്കി വെച്ചൊരിച്ചിരിയുപ്പും മുളകും
പറമ്പിലെ ഇരുമ്പൻ പുളിയോടും
അരിനെല്ലിയോടും കൂട്ടു കൂടും
അതിരിനപ്പുറത്തു നിന്നും
കറുത്ത കട്ടിയുള്ള ഫ്രെയിമിലെ
കട്ടി ചില്ലിനുള്ളിലൂടെ കോന്തുണ്ണ്യരുടെ
കണ്ണുകൾ പുറത്തു ചാടി പിന്തുടരും
അയാളുടെ പറമ്പിൽ നിന്നാരും
വരില്ലെന്നുറപ്പാക്കി പാടത്തേക്കിറങ്ങും വരെ

ചെറിയ ഇടവരമ്പിലൂടെ തുപ്പലം പൊട്ടി
ചേച്ചിയുടെ മുടിയിൽ പൊട്ടിത്തെറിക്കുന്നത്
കണ്ട് ചിരിച്ചു നടക്കുമ്പോൾ
പാടത്തിന്ററ്റത്ത് റെജിയേച്ചിയുടെ വീട് തെളിയും

പതുക്കെ പതുക്കെ പാവാടയും ജമ്പറും
ഇട്ട റെജിയേച്ചി തെളിയും
എന്നത്തേയും കണക്കെ ചേച്ചിയുടെ
മുയൽക്കൂട്ടിലേതു പോലെ കറുപ്പും വെളുപ്പും പുള്ളികൾ തന്നെ ആയിരിക്കും
മുയൽ കുഞ്ഞുങ്ങളെ നോക്കി
നിൽക്കുക തന്നെയാവും ചേച്ചിയപ്പോൾ

ചോരക്കണ്ണുള്ളതിനേയും കറുപ്പിനെയും
വെളുപ്പിനേയും, പുള്ളിയുള്ള ഗർഭിണിയെയും
ചൂണ്ടി കഥ പറയുമ്പോൾ ചേച്ചീടച്ഛൻ വരും
അകത്തേക്ക് കയറി പോകും
വിറക്കുന്ന ചുണ്ടുകളാൽ സംസാരം മുറിയും
മുയൽ കുഞ്ഞുങ്ങൾ കൂട്ടിൽ പരക്കം പായും

കുറച്ചു കഴിഞ്ഞാൽ മുടി വാരി കെട്ടി
എടീ റെജിയേന്ന് നീട്ടി വിളിച്ച് ചേച്ചീടമ്മ വരും
ചേച്ചിയപ്പോളൊരു മുയലിനെയുമെടുത്ത്
പിന്നെ കാണാന്ന് അകത്തേക്കോടും

മുയൽ റോസ്റ്റ് കൂട്ടി കള്ളപ്പം കഴിക്കുമ്പോൾ
കണ്ണിലൂടൊഴുകുന്നത് എരിഞ്ഞിട്ടാണെന്നോ
അല്ലേൽ മുയലു പോയ സങ്കടത്താലെന്നോ
എല്ലാവരും നടിക്കും

കയറി വരുന്ന ആളുകളെന്നും
മാറി കൊണ്ടിരിക്കുമെങ്കിലും
എന്നും ചേച്ചീടച്ഛൻ തന്നെ ആയിരിക്കും
മുയൽ കുഞ്ഞുങ്ങൾ എന്നുമോരോന്നു കുറയും
കണ്ണുകളിലൂടെ ആ പുഴകളിങ്ങനെ…..

ഒഴുകി ഒഴുകി……റെജിയേച്ചി…..
ചോദ്യങ്ങളുമുത്തരങ്ങളുമില്ലാതെ….
ശൂന്യമായ വീടും കൂടും മാത്രം ബാക്കി.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)

LEAVE A REPLY

Please enter your comment!
Please enter your name here