കൊയിലാണ്ടി: പ്രളയാനന്തര കേരളത്തിന് കൈത്താങ്ങാവാൻ കൊയിലാണ്ടി പരിസര പ്രദേശത്തെ വിവിധ കലാമേഖലകളിൽ പ്രാവീണ്യം നേടിയ 200ൽപ്പരം കലാകാരന്മാർ ഒരുക്കുന്ന ‘കലാകൂട്ടായ്മ’യ്ക്ക് വർണാഭമായ തുടക്കം. പ്രവാസിയും കലാകാരനുമായ കൊയിലാണ്ടി സ്വദേശി ശശി കാവുംവട്ടത്തിന്റെ ഭാര്യ ആൻസി ശശി 13000 രൂപ കൊയിലാണ്ടി എസ്. ഐ സജു എബ്രഹാമിനു നൽകിക്കൊണ്ട് ധനശേഖരണ പരിപാടിക്ക് തുടക്കം കുറിച്ചു. കൊയിലാണ്ടി ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ചെണ്ട മേളത്തോടെയാണ് കലാകൂട്ടായ്മയ്ക്ക് ആരംഭമായത്.
പാട്ട്, ഡാൻസ്, മിമിക്രി, തൽസമയ ചിത്രം വര, കരകൗശല വസ്തുക്കളുടെ നിർമ്മാണവും വിൽപനയും തുടങ്ങി വിവിധ കലാപരിപാടികളാണ് കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് വൈകീട്ട് ഏഴു മണി വരെ നടക്കുന്നത്. പിരിച്ചു കിട്ടുന്ന തുക മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ജില്ലാ കലക്ടർ യു. വി ജോസ് വൈകീട്ട് തുക ഏറ്റുവാങ്ങും. സമൂഹത്തിന്റെ വിവിധ മേഖലകളിലെ ആളുകളുടെ സജീവ പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.