ജില്ലകളില്‍ കൈറ്റിന്റെ ‘ഇന്‍സ്റ്റാള്‍ ഫെസ്റ്റ്’

0
444

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്‌കൂളുകളില്‍ ‘ലിറ്റില്‍ കൈറ്റ്‌സ്’ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സെമിനാറുകള്‍, ഡിജിറ്റല്‍ പോസ്റ്റര്‍ രചന, പെയിന്റിംഗ് മത്സരങ്ങള്‍, അനിമേഷന്‍ നിര്‍മാണം, പ്രസന്റേഷനുകള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഗാന്ധിജയന്തി ദിനം വരെ തുടരും. ഒക്ടോബര്‍ 2ന് കൈറ്റിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് അവരുടെ കമ്പ്യൂട്ടറുകളില്‍ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന ‘ഇന്‍സ്റ്റാള്‍ ഫെസ്റ്റ്’ നടത്തുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

ഐ.ടി@സ്‌കൂള്‍ ഗ്‌നൂ/ലിനക്‌സ് ഓപറേറ്റിംഗ്‌ സിസ്റ്റം, ഓഫീസ് പാക്കേജുകള്‍ (വേര്‍ഡ് പ്രൊസസിംഗ്, സ്‌പ്രെഡ് ഷീറ്റ്, പ്രസന്റേഷന്‍, ഡേറ്റാബേസ്, ഗ്രാഫിക് ഇമേജിംഗ്, വീഡിയോ എഡിറ്റിംഗ്, അനിമേഷന്‍ നിര്‍മാണം, പ്രോഗ്രാമിംഗിനുള്ള ജി.ഐ.എസ്, ഐ.ഡി.ഇ, വെബ് ഡേറ്റാബേസ് സെര്‍വറുകള്‍) തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുള്ള ആപ്ലിക്കേഷനുകള്‍ അടങ്ങിയ സോഫ്റ്റ്‌വെയര്‍ സഞ്ചയമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്നത്.  ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകളാണെങ്കില്‍ ഈ സഞ്ചയത്തിന് ഒന്നരലക്ഷം രൂപ ലൈസന്‍സ് ഇനത്തില്‍ നല്‍കേണ്ടിവരും. ഇതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ക്ലാസുകളും സംശയ നിവാരണ സെക്ഷനുകളും ഒക്ടോബര്‍ 2ന് എല്ലാ ജില്ലകളിലും നടക്കും.

സ്വാതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതില്‍ മാറ്റം വരുത്താനും യാതൊരു തടസങ്ങളുമില്ലാതെ ആവശ്യമുള്ളത്ര പകര്‍പ്പുകള്‍ എടുക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍.  ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകള്‍ സൗജന്യമായി ലഭ്യമാക്കുകയാണെങ്കില്‍ പോലും അവ യഥേഷ്ഠം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം അവയുടെ ലൈസന്‍സ് വ്യവസ്ഥകളില്‍ അനുവദിക്കുന്നില്ല.  സംസ്ഥാനത്ത് ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്.   ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി വിന്യസിക്കുന്ന 60250 ലാപ്‌ടോപ്പുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് മാത്രം 900 കോടി രൂപയുടെ ലാഭം സര്‍ക്കാര്‍ക്കാരിനുണ്ടായി.  സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഇത്ര വിപുലമായ ഐ.ടി. വിന്യാസവും ഉപയോഗവും വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാവുമായിരുന്നില്ല.

വിവിധ ജില്ലകളിലെ ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 26നകം കൈറ്റിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ www.kite.kerala.gov.in ല്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here