നിധിന്‍.വി.എന്‍
“വെള്ളായിയപ്പന്‍ യാത്ര പുറപ്പെടുമ്പോള്‍ വീട്ടില്‍ നിന്നും കൂട്ടനിലവിളി ഉയര്‍ന്നു. അപ്പുറത്ത് അമ്മിണിയുടെ വീട്ടിലും അതിനപ്പുറത്ത് മുത്തുറാവുത്തറിന്റെ വീട്ടിലും ആളുകള്‍ ശ്രദ്ധാലുക്കളായി. വിഷാദവാന്മാരായി. ആ വീടുകള്‍ക്കുമപ്പുറത്ത് പാഴുതറയിലെ അമ്പതില്‍ ചില്വാനം കുടികളിലത്രയും ഈ വിഷാദവും സഹാനുഭൂതിയും നിറഞ്ഞു”- കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. തീവണ്ടി കയറാന്‍ പണമുണ്ടായിരുന്നെങ്കില്‍ അമ്മിണിയും റാവുത്തറും നാകേലച്ചനും കോമ്പിപ്പൂശാരിയും കണ്ണൂരിലേക്കു പുറപ്പെടുമായിരുന്നു. വെള്ളായിയപ്പന്റെ ഏകാന്തസഞ്ചാരം വിഷാദസാന്ദ്രമാണ്.
കടല്‍തീരത്ത് എന്ന കഥയിലേക്ക് പ്രവേശിക്കുന്ന ഏതൊരാളുടെയും മനസ്സ് വിതുമ്പും. കടല്‍തീരത്തെന്ന കഥ, അത്രമേല്‍ ആഴത്തില്‍ ഉള്ളില്‍ കൊളുത്തുന്നുണ്ട്. ഖസാക്കിലെ രവി, അള്ളാപിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, അപ്പുക്കിളി, കുപ്പുവച്ഛന്‍, നൈജാമലി വായനക്കാരന്റെ മനസ്സിലേക്ക് പടര്‍ത്തിവിട്ട കഥാപാത്രങ്ങള്‍ നിരവധിയാണ്. ആഖ്യാനത്തിലെ വ്യത്യസ്തത കൊണ്ടും, ചെത്തി മിനുക്കിയ ഭാഷ കൊണ്ടും വിജയന്‍ തന്‍റെ രചനകള്‍ക്ക് കരുത്തും, വൈവിധ്യവും, വിസ്മയവും പകര്‍ന്നു. എഴുത്തിലും വരയിലും ദര്‍ശനത്തിലും വിവരണാതീതമായ സംഭാവനകള്‍ നല്‍കിയ മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസകാരനാണ് ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി. വിജയന്‍. എഴുത്തും വരയും ഒരുപോലെ അനായാസം കൈകാര്യം ചെയ്ത പ്രതിഭയാണ് അദ്ദേഹം. നാല്പതുവര്‍ഷം നീണ്ട കഥാജീവിതത്തില്‍ നൂറ്റിയിരുപതോളം ചെറുകഥകളും ആറു നോവലുകളുമാണ് വിജയന്‍ രചിച്ചിട്ടുള്ളത്.
എഴുത്തിലെന്നപോലെ വരയിലും തന്റെ പ്രതിഭ തെളിയിച്ച കലകാരനാണ് ഒ.വി. വിജയന്‍. ചിത്രകലയുടെ കാര്യത്തിൽ താൻ മോശമാണെന്ന് സ്വയം മനസ്സിലാക്കിയ വിജയൻ, കറുപ്പും വെളുപ്പും സൂക്ഷ്മമായി കൈകാര്യം ചെതുകൊണ്ട് കാര്‍ട്ടൂണില്‍ തന്റെതായ ശൈലി രൂപപ്പെടുത്തി. കറുപ്പിനെ വിവിധ ഭാവതലങ്ങളിൽ സമർഥമായി ഉപയോഗിക്കുക വഴി ഊന്നൽ നൽകേണ്ടിടത്ത് ഊന്നൽ നൽകാനും അതിനെ ത്രിമാനസ്വഭാവത്തോടെ എടുത്ത് കാട്ടാനും സാധിച്ചു. അടിയന്തരാവസ്ഥകാലത്ത് കലാകൗമുദിയിൽ ആരംഭിച്ച “ഇത്തിരിനേരമ്പോക്ക് ഇത്തിരി ദർശനം” ഏറ്റവും കുറഞ്ഞ ലളിതമായ വരകളിൽ വിജയൻ നടത്തിയ ദാർശനിക വിളംബരമായിരുന്നു. ഈ പരമ്പരയിലെ തോക്കുമേന്തി കവാത്തു നടത്തുന്ന കബന്ധങ്ങളെ ആർക്കാണ് മറക്കാൻ കഴിയുക? “ഒരു നീതിയുടെ പാളിച്ചകൊണ്ടും മനുഷ്യൻ മരിച്ചുകൂടാ. ജീവിതം പാവനമാണ്. എല്ലാ സമ്പത്തും ശാസ്ത്രവും കലയും ദർശനവും ഈ സത്യത്തെ ആശ്രയിക്കണം” എന്ന് വിജയന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. വാക്കും പ്രവൃത്തിയും ബന്ധവുമില്ലാത്ത സമൂഹത്തിൽ വിജയന്റെ ദർശനം ഒരു മുഴക്കമായി മാറുകയായിരുന്നു.
1930 ജൂലൈ 2- ന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഒ.വി. വിജയന്‍ ജനിച്ചത്. അച്ഛന്‍ വേലുക്കുട്ടി, അമ്മ കമലാക്ഷിയമ്മ. മലബാര്‍ സ്പെഷ്യല്‍ പോലീസ് എന്ന എം.എസ്.പിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിജയന്‍റെ പിതാവ്. അനാരോഗ്യം കാരണം സെക്കന്റ് ഫോറം മുതലേ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ പാസ്സായ ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി. താനൊരു മോശം അദ്ധ്യാപകനാണെന്ന് സ്വയം തിരിച്ചറിഞ്ഞ് അദ്ധ്യാപകവൃത്തി ഉപേഷിച്ചു. തുടര്‍ന്ന് ശങ്കേര്‍സ് വീക്കിലിയിലും(1958), പോട്രിയറ്റ് ദിനപത്രത്തിലും(1963) കാര്‍ട്ടൂണിസ്റ്റ് ആയി ജോലി ചെയ്തു. 1967 മുതല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി.
1975 അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിശ്ചിതമായ വിമര്‍ശനം എഴുത്തിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആവിഷ്കരിച്ച ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാളാണ് വിജയന്‍. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത കൃതിയാണ് ധര്‍മ്മപുരാണം. ധർമ്മപുരിയിലെ ഭരണാധികാരിയായ പ്രജാപതിയെയും അയാളുടെ അശ്ലീലം നിറഞ്ഞ അധികാരപ്രയോഗത്തിന് കൂട്ടുനിൽക്കുന്ന ആശ്രിതരേയും നിസ്സഹായരായ പ്രജകളെയും ചിത്രീകരിക്കുന്നതാണ് ധര്‍മ്മപുരാണം. സിദ്ധാർത്ഥൻ എന്ന ബാലനാണ് നായകൻ. ഗുരുപ്രതീകമായ സിദ്ധാർത്ഥൻ കപിലവസ്തു വിട്ട് അതിർത്തി കടന്ന രാത്രിയിൽ, “സ്ഥലരാശിയുടെ ഇരുൾപരപ്പുകളിലെവിടെയോ അസാധാരണമായ നക്ഷത്രങ്ങളുദിച്ച്” ധർമ്മപുരിയുടെ ആകാശങ്ങളിലേയ്ക്ക് പ്രയാണം തുടങ്ങുന്നത് വിവരിച്ചാണ് നോവൽ തുടങ്ങുന്നത്. ആ ദേവസ്പർശത്തിന്റെ അറിവ് നൽകിയ ആനന്ദത്തിൽ സസ്യവും മൃഗവും കാത്തിരുന്നെങ്കിലും ധർമ്മപുരിയുടെ ഭരണാധികാരിയായ പ്രജാപതിയെ നക്ഷത്രങ്ങളുടെ ഈ സൂചന അസ്വസ്ഥനാക്കി. ഭയം അയാളുടെ കുടലുകളെ ഞെരിച്ചതോടെ “പ്രജാപതിയ്ക്ക് തൂറാൻ മുട്ടി”. വിസർജ്ജ്യ, സംഭോഗ ബിംബങ്ങൾ ചേർന്ന ആഖ്യാന ശൈലിയാണ് ഈ രചനയിൽ വിജയൻ സ്വീകരിച്ചിരിക്കുന്നത്. “ബീഭത്സമായ കാമരൂപങ്ങൾ കൊണ്ടു നിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റേയും സ്ഥലത്തിന്റേയും ചെറിയ അതിരുകളിൽ തളച്ചിടാൻ സാധ്യമല്ല” എന്ന് കെ.പി. അപ്പന്‍ പറയുന്നു.
“നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്മാരാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍. നൂറ്റാണ്ടുകളിലൂടെ കൊച്ചുളികളും ചെറു ചുറ്റികകളും അലസമായി പണിയുന്നു. വലിയ സന്ദേഹങ്ങളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നുപോകുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിനെയും മറ്റ് മനസിലാകാതെ പോകുന്നത് തച്ചന്മാര്‍ തന്നെ” എന്ന് സ്വയം ആശങ്കപ്പെടുന്ന വിജയന്‍ തന്റെ രചനകളിലൂടെ മികച്ച ശില്പങ്ങള്‍ കൊത്തുന്ന തച്ചനായി.