ഈ കടലാസ് ഇന്നലെ സായാഹ്നത്തിരക്കുളള ഒരു തെരുവിൽ നിന്ന് ചവിട്ടിച്ചുളിഞ്ഞ നിലയിൽ കിട്ടിയതാണ്. 2007 മെയ് ലക്കം ഗൃഹലക്ഷ്മിയുടെ ഒരു താൾ. തകഴി ശിവശങ്കരപ്പിളളയുടെ സഹധർമ്മിണി കാത്തയെക്കുറിച്ച് ബന്ധങ്ങൾ എന്ന പംക്തിയുടെ ആദ്യ പുറം. ശീർഷകമാണ് ഏറെ ആകർഷിച്ചത്. എന്തോ പൊതിഞ്ഞതിനെ ശേഷം വഴിയിൽ വലിച്ചെറിഞ്ഞതാകണം. അത്യാവശ്യം ചളിയും ചുരുളലും കീറലുമുണ്ടായിരുന്നു. ചവിട്ടിയേനേ. തിരക്കുളള നടപ്പാതയിൽ നിന്ന് ഈ കടലാസ് കഷ്ണം കുമ്പിട്ടെടുക്കുന്നത് എല്ലാവരും കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. എടുത്ത് തോൾസഞ്ചിയിൽ ഭദ്രമായി വച്ചു. അഴുക്കെല്ലാം തുടച്ച്, ചെറുചൂടോടെ ഇസ്തിരിയിട്ടു. കാത്തുവയക്കുകയാണ് കാത്തവളെക്കുറിച്ച് വഴിയിൽ നിന്ന് കിട്ടിയ ഈ വാക്കുകൾ. തകഴിയുടെ കൃതികൾ പഠിപ്പിക്കുമ്പോൾ മക്കൾക്ക് വായിക്കാനെങ്കിലും നല്കാമല്ലോ ഈ കാത്തവളെ. പരിസരശുദ്ധിയേക്കാളപ്പുറം കടലാസ് കഷ്ണങ്ങൾ ഇങ്ങനെ വഴിവക്കുകളിൽ വലിച്ചെറിയാതിരിക്കുക, പല കാത്തവരും അതിനുളളിലുണ്ടായിരിക്കാം. ശ്രദ്ധിക്കുക. നിസാരം എന്നു കരുതുന്നവയെ ആരാധിക്കുക.
ഡോ.കെ.എസ്. കൃഷ്ണകുമാർ