“THE SONGS ARE MINE” -ILAYARAJA.

0
445
ഷഹബാസ് അമൻ

ഈ വിഷയത്തെ ഒരു കീ ആക്കിക്കൊണ്ട്‌ സക്രിയാത്മകമായ ഒരു‌ ദിശയിലേക്ക്‌ ഗായക/സംഗീത ലോകത്തെ പ്രവോക്ക്‌ ചെയ്യാവുന്ന തരത്തിലുള്ള പോയന്റുകള്‍ എല്ലാവരും ഉന്നയിക്കേണ്ടതാണ്. അല്ലാതെ ‘ആഭ്യന്തര വിഷയം’ എന്നു കണ്ട് സംഗീതജ്ഞരോ, സിനിമാ ലോകത്തുള്ളവരോ വെറും ഗാനാസ്വാദകരോ ചേര്‍ന്ന് കേവലം വൈകാരിക തലത്തിലേക്ക് മാത്രമായി വിഷയത്തെ ചുരുക്കുന്നത് ഇത്തവണയെങ്കിലും അഭികാമ്യമായിരിക്കില്ല എന്ന് കരുതുന്നു .

വേറൊരു തരത്തില്‍ ആണെങ്കിലും എഴുപതുകളില്‍ നടന്ന റഫി സാഹബ് -ലതാജി തർക്കം ഇതിലേക്കുള്ള ചില സൂചനകൾ നൽകിയിരുന്നു. യേശുദാസും അടുത്ത കാലത്ത് വിഷയം ഉയര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ, അപ്പോഴൊക്കെയും സബ്ജക്റ്റിന്റെ ക്ലാരിറ്റിക്കുറവു കൊണ്ടാണോ അതോ രാഷ്ട്രീയമായ ഖനക്കുറവു കൊണ്ടാണോ അതല്ലെങ്കില്‍ ‘റോയല്‍റ്റി’ എന്ന ഒരു വാക്ക് ഇടയില്‍ വന്ന് പെട്ടതുകൊണ്ടോ എന്നറിയില്ല പൊതു സമൂഹം വിഷയത്തെ സീരിയസ് ആയി എടുത്തതേയില്ല .

ഇപ്പോള്‍ ഇളയരാജ കണിശമാക്കിപ്പറഞ്ഞതോടെ വിഷയത്തിന് കുറേക്കൂടി ശ്രദ്ധ കിട്ടിയിരിക്കുന്നു. കൃത്യതയും കടുകട്ടിയും വന്നിരിക്കുന്നു .

ഇളയരാജയുടെ പാട്ട് എസ്.പി.ബി സ്റ്റേജില്‍ പാടുന്നത് ഇനിയങ്ങോട്ടു കേള്‍ക്കാന്‍ കഴിയില്ലേ, രാജാപ്പാട്ടുകള്‍ മുഴങ്ങാത്ത തമിള്‍ നാടോ, നിയമം കൊണ്ട് വിലക്കെടുക്കാമോ ഹൃദയം എന്നിങ്ങനെയുള്ള നിഷ്കളങ്കമായ ഒരു പക്ഷെ രാഷ്ട്രീയവും കൂടിയായ ആശങ്കകള്‍ മുന്‍പില്ലാത്ത വിധം ഉയരുകയും ആരാധകരും മാധ്യമങ്ങളുമൊക്കെ അത് കുറേക്കൂടി ഗൌരവത്തില്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു, ഇത്തവണ! വളരെ നല്ല കാര്യം.

പാട്ടിൽ കേൾവിക്കാരുടെ പകർപ്പവകാശം എന്ത്‌ ?എങ്ങനെ ? അവര്‍ക്ക് അത് എങ്ങനെ ഉയര്‍ത്താന്‍ കഴിയും? എന്നതും കൂടി ഇത്തരുണത്തില്‍ സീരിയസ്‌ ചർച്ച ആകേണ്ട ഒരു കാര്യമാണ് .

ഒരു ഗാന നിര്‍മ്മിതിയില്‍ സംഗീത സംവിധായകര്‍ ഗായകര്‍ എന്നിവരുടെ സംഭാവന എന്ത് എന്ന പ്രശ്നം ഒരു വശത്ത്‌ നില്‍ക്കുന്പോൾ പാട്ട് എഴുതുന്ന ആളുകളുടെ ഭാഗത്തു നിന്നുള്ള വീക്ഷണം ഉള്‍പ്പെടെ ആ ഗാന സൃഷ്ടിയുടെ ഭാഗമായിത്തീരുന്ന മുഴുവന്‍ കലാപ്രവര്‍ത്തകരുടെയും വ്യക്തിപരമായ പങ്കാളിത്തപ്രശ്നങ്ങള്‍ മുഴുവന്‍ മറു വശത്ത് നില്‍ക്കുന്നു .

ഇളയരാജയോട് ”ഹൂ ആര്‍ യൂ ” എന്ന് ചോദിയ്ക്കാന്‍ പാങ്ങുള്ള ആരും സംഗീത ലോകത്ത് ഉണ്ടെന്നു തോന്നുന്നില്ല ! അഥവാ ഇനി പുറത്ത് ഉണ്ടെങ്കില്‍ത്തന്നെ അത് തിരുവണ്ണാ മലയിലെ രമണാശ്രമമാണ്. അവിടുത്തെ ഒരു സ്ഥിരം അന്തേവാസി എന്ന നിലയില്‍ ആ ചോദ്യം നിത്യേന കേള്‍ക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ആണല്ലോ ”സോങ്ങ്സ് ആര്‍ മൈന്‍” എന്ന ഒരു ഉത്തരം ഇപ്പോള്‍ അദ്ദേഹം തന്നിരികുന്നത്. താന്‍ ആരാണെന്ന് സ്വയം വ്യക്തമായി അറിയുന്നത് കൊണ്ടാണ് അത് എന്നതില്‍ തര്‍ക്കമില്ല. അപ്പോള്‍ ആ ഏരിയയില്‍ പ്രവേശിക്കും മുന്‍പ്, കാര്യം എന്തെന്ന് കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതിഹാസങ്ങള്‍ക്കിടയില്‍ കയറി നിന്ന് വൈകാരികതയുടെ പേരില്‍ കണ ..കുണ എന്നും പറഞ്ഞ് കുരുത്തക്കേട്‌ വാങ്ങിവെക്കാൻ ഇതെഴുതുന്ന ആള്‍ക്ക് എന്തായാലും കഴിവില്ല. ശീലവുമില്ല.

അതേ സമയം, ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വാഭാവികമായി മനസ്സില്‍ ഉയരുന്ന ചില ചോദ്യങ്ങള്‍ മുന്നോട്ടു വെക്കാനോ… ചില സംശയങ്ങള്‍ ഉയര്‍ത്താനോ… ചില തോട്സുകള്‍ ഷെയര്‍ ചെയ്യാനോ ആര്‍ക്കും സാധ്യവുമാണ്‌. അതിനു സംഗീതത്തില്‍ വലിയ അറിവ് വേണമെന്നില്ല. അതുകൊണ്ടാണ് പറഞ്ഞത്. ഇളയരാജയുടെ പാട്ടിനെ തൊടാന്‍ കഴിവില്ലാത്തവര്‍ക്ക് അദ്ദേഹം ഉയര്‍ത്തിയ വിഷയത്തില്‍ ചര്‍ച്ചയാകാം എന്ന് ! സത്യം പറഞ്ഞാല്‍ ആ നിലവാരത്തിലാണ് ഈ വിഷയത്തില്‍ എന്തെങ്കിലും ഇപ്പോള്‍ മിണ്ടുന്നത്. സംഗീതത്തില്‍ ഒരു വിവാദം ഉയരുമ്പോള്‍ അതിനെ ക്രിയാത്മകമായി എങ്ങനെ സ്വയം നോക്കിക്കാണാന്‍ കഴിയും എന്നതിന്‍റെ ഒരു പ്രാക്ടീസ് കൂടിയാണ്.

നോക്കൂ …

പാക് സംഗീതജ്ഞന്‍ നിസാർ ബസ്മിയുടെ ”രഞ്ഞ്‌ജ്‌ഷീ സഹി” എന്ന ഒരു സിനിമാക്കന്പോസിംഗിനെ, ഒരു ക്ലാസ്സിക്കൽ ഗസലിന്റെതായ മുഴുവൻ ലാവണ്യത്തിലേക്കും അതി സ്വതന്ത്രമായി ഉയർത്തുക മാത്രമല്ല, അതിന്റെ ഈണക്കാരൻ ആരാണെന്നു പലര്‍ക്കും ഓർമ്മ പോലും ഇല്ലാത്ത വിധം അതിനെ സ്വന്തം മുദ്ര കൊണ്ട്‌ ആസ്വാദക ഹൃദയത്തില്‍ വെച്ചു സ്വന്തമാക്കുക പോലും ചെയ്ത ഉസ്താദ്‌ മെഹ്ദി ഹസൻ ‘പാടലിലെ സ്വാതന്ത്യ ‘ വിഷയത്തില്‍ ഗായകരെ എക്കാലവും ചിന്തിപ്പിക്കേണ്ട ഒരു സിംഗിംഗ് സ്കൂൾ ആണ് ! നിസാര്‍ ബസ്മിക്ക് എന്റെ രണ്ജ്ഷീ എന്ന് പറയാന്‍ കഴിയാത്ത അത്രക്ക് !

ഉപകരണ സംഗീതജ്ഞരെ സംബന്ധിച്ചും ഇത് സാധ്യമാണ്…തീര്‍ച്ചയായും അത്തരം ചില കഥകള്‍ കേട്ടിട്ടുമുണ്ട് .

സാന്ദര്‍ഭികമായി പറയട്ടെ . യേശുദാസിനെ നോക്കൂ.എഴുപതു കൊല്ലത്തെ അത്യുജ്ജ്വലമായ ഗാന പരിശീലനം കിട്ടിയിട്ടു പോലും ഒരു പാട്ടിനെ സിനിമക്ക്‌ പുറത്തേക്ക്‌ വെറും ശബ്ദം കൊണ്ടല്ലാതെ ,പാടി ‘സ്വന്തം’ ആക്കേണ്ടത് എങ്ങനെയാണെന്ന് മാതൃ ഭാഷയില്‍ അദ്ധേഹം തെളിയിച്ചിട്ടുള്ളതിനു തെളിവുകള്‍ ഉണ്ടോ എന്നു പോലും സംശയിക്കേണ്ടി വരുന്നുണ്ട്! ‘സ്വന്തം’ എന്നത് ഇവിടെ ഒരു സ്വാര്‍ത്ഥ വാക്കായിട്ടല്ല ഉപയോഗിക്കുന്നത്. ഇനി അതല്ല, തിരിച്ചാണ് സത്യമെങ്കില്‍, അതായത് ആദ്യ ആലാപനത്തില്‍ത്തന്നെ / /ആലേഖനത്തില്‍ത്തന്നെ, ഒരു ഗാനത്തെ താന്‍ ‘സ്വന്തം’ ആക്കുന്നുണ്ട്, ആക്കിയിട്ടുണ്ട് , അത് ദേവരാജന്‍ മാസ്റ്ററിന്റെയോ ദക്ഷിണാ മൂര്‍ത്തിയുടെയോ ബാബുരാജിന്റെയോ ഇളയരാജയുടെയോ രവീന്ദ്രന്റെയോ ആരുടെ പാട്ടാണെങ്കിലും ശരി എന്ന് അദ്ധേഹത്തിനു പറയാനുണ്ടെങ്കില്‍ അത് വിശദീകരിക്കാൻ അത്ര വലിയ ഒരു ഗാനജ്ഞനു ബാധ്യതയുണ്ട്‌ .അതിനുള്ള സ്പെയ്സും ഇവിടെ ഉണ്ടാകണം. അങ്ങനെ പറയുമ്പോള്‍ അതിനെ കേവലം അഹങ്കാരം എന്ന് ചുരുക്കാതിരിക്കാനുള്ള ഹൃദയ വിശാലത കേള്‍വിക്കാര്‍ക്ക് ഉണ്ടാകേണ്ടതായും വരും.പറയാന്‍ ധൈര്യമുള്ളവര്‍ പറയട്ടെ.

ഒരു ഗാനസൃഷ്ടിയിൽ തങ്ങളുടെ കൃത്യമായ ആലാപന /വാദന /മിശ്രണ സംഭാവനകള്‍ എങ്ങനെയുള്ളതായിരുന്നു എന്ന് ഗായകരോ ഉപകരണ സംഗീതജ്ഞാരോ സൌണ്ട് എഞ്ചിനീയര്‍മാരോ വിശദീകരിക്കുന്നത് ഒരിക്കലും ഒരു അല്പ്പത്തമല്ല . ആവുകയുമില്ല മറ്റുള്ളവരുടെ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്ന ഒരു കാര്യം കൂടി ആയത്കൊണ്ട് പ്രത്യേകിച്ചും .

കള്ള വിനയം ഉപേക്‌ഷിച്ചു കൊണ്ട്‌ അങ്ങനെയൊരു ഡമോണ്‍സ്ട്രേഷന്‍ ക്ലാസ്സ്‌ നടത്തൂ, ഞങ്ങള്‍ക്ക് സത്യം പറഞ്ഞു തരൂ എന്ന് ആസ്വാദക ലോകം അങ്ങനെയുള്ള എല്ലാ അര്‍ഹതപ്പെട്ടവരോടും ആവശ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ! സംഗീതത്തില്‍ മാത്രമല്ല ഇത്തരം അപനിര്‍മ്മിതികള്‍ നടക്കേണ്ടത് എന്നത് വേറൊരു കാര്യം.അതവിടെ നില്‍ക്കട്ടെ .

അതുകൊണ്ട് ,ഇത് തന്നെയാണ് പ്രിയ ഗായക രത്നം എസ്.പി.ബാലസുബ്രഹ്മണ്യത്തിന്‍റെ കാര്യത്തിലും പറയാനുള്ളത് .അദ്ദേഹം തീര്‍ച്ചയായും വളരെ വളരേ വലിയ ഒരു ഗായകനാകുന്നു .ഒരര്‍ത്ഥത്തില്‍ വലിയ രാഗജ്ഞാനികളെക്കാളുമൊക്കെ വലിയ സ്വാഭാവിക ഗായകന്‍.പക്ഷെ ,ഒരു ഇളയ രാജാ ഗാനത്തില്‍ തന്‍റെ സ്വന്തം ആലാപന ഭാവുകത്വം അതിന്‍റെ ഉള്ളറകളില്‍ ചെന്ന് അതിന്‍റെ ഉള്ളര്‍ത്ഥങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയാണ് ? പല ഉപകരണങ്ങളില്‍ ഒരു ഉപകരണം അല്ലെങ്കില്‍ പല ലെയറുകളില്‍ ഒരു ലെയര്‍ എന്ന നിലയില്‍ മാത്രമായി ഉപയോഗിക്കപ്പെടുകയാണോ ഒരു രാജാ ഗാനത്തില്‍ തന്‍റെ ശബ്ദം?

എസ്.പി.ബി യുടെ കാര്യത്തില്‍ ഇത്തരം സംശയ നിവര്‍ത്തിയുടെ ഉത്തരവാദിത്തം പ്രാഥമികമായി അദ്ദേഹത്തില്‍ തന്നെയാണ് നിക്ഷിപ്തമായിട്ടുള്ളത് . പ്രത്യേകിച്ചും താനും കൂടി ഉള്‍പ്പെട്ട ഒരു വിഷയത്തില്‍ സംഗീത ലോകം ഒരു സന്നിഗ്ദാവസ്ഥ നേരിടുന്ന ഒരു ഘട്ടത്തില്‍ ഇതെല്ലാം നമുക്ക് പാടിപ്പറഞ്ഞു തരാന്‍ ഒരു പരിധി വരെ അദ്ദേഹത്തിനു ധാര്‍മ്മികമായ ബാധ്യസ്ഥത ഉണ്ട് എന്ന് വരും . എന്നാല്‍ മൌനം പാലിക്കാനും കഥകള്‍ ഒന്നും പറയുന്നില്ല എന്ന് വെക്കാനുമാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കില്‍ അതിനുള്ള വ്യക്തിപരമായ അദ്ദേഹത്തിന്‍റെ അവകാശത്തെ തീര്‍ച്ചയായും മാനിക്കെണ്ടിയും വരും. .പക്ഷെ,ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറമേ നില്‍ക്കുന്നവരുടെ നിരീക്ഷണങ്ങള്‍ എത്രത്തോളം വൈകാരികം മാത്രമായിരിക്കുമെന്നും അത് തനിക്കു തന്നെ ഏറെ പ്രിയങ്കരനായ ഇളയരാജയെ എങ്ങനെ ബാധിക്കുമെന്നും അദ്ദേഹം ആലോചിക്കുന്നത് നല്ലതായിരിക്കും .ആയതിനാല്‍ ഈ വിഷയത്തില്‍ അദ്ദേഹം കൂടുതല്‍ ക്ലാരിറ്റിയുള്ള വിശദീകരണങ്ങള്‍ നല്‍കും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം .

അതോടൊപ്പം ഒരു പാട്ടിനു മുകളില്‍ ജനങ്ങള്‍ക്കുള്ള അവകാശം അവര്‍ എങ്ങനെയാണ് സ്ഥാപിച്ചെടുക്കേണ്ടത് ?ഏതു കോടതിയില്‍ ? മലനിരകള്‍ക്കുള്ള അവകാശം ? ജലത്തിനും വായുവിനും ഉള്ള അവകാശം ? മരങ്ങള്‍ക്കും പക്ഷികള്‍ക്കും പൂച്ചകള്‍ക്കുമുള്ള അവകാശം ? സ്വരങ്ങളും അക്ഷരങ്ങളും രാഗങ്ങളും താളങ്ങളുമൊക്കെ സംഗീത താപസികളിലേക്ക് ഒഴുകി വന്നെന്നു പറയുന്നു .ശരി.എവിടെ നിന്ന് ? വെറും മനുഷ്യര്‍ എങ്ങനെയാണ് സംഗീതജ്ഞര്‍ ആവുന്നത് ? ചിന്തകള്‍ എവിടെ നിന്നുണ്ടായി ?ഇതും കൂടി സീരിയസ് ആയി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കാരണങ്ങളുടെയും നിമിത്തങ്ങളുടെയും അവകാശങ്ങള്‍ കൂടി ചര്‍ച്ച ചെയ്യാം .രസമായിരിക്കും , ബിതൊവന്‍റെ മൂണ്‍ ലൈറ്റ് സൊണാറ്റയില്‍ അന്ധയായ ആ പെങ്കുട്ടിക്കുള്ള അവകാശം പോലെ !

എന്നാല്‍,ഇവിടെ , ‘സ്വന്തം ‘ പാട്ടിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗായകര്‍ ഉള്‍പ്പെടെയുള്ള തൊണ്ണൂറ്റി അഞ്ചു ശതമാനം പേരും ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഒരാള്‍ ഇത് തന്റെ മാത്രം പാട്ടാണ് എന്ന്‍ നിസ്സംശയം പറയുന്നുണ്ടെങ്കില്‍ അതില്‍ അപാരമായ ഒരു ഇച്ചാശക്തി ഉണ്ട്. എന്തോ ഒന്നുണ്ട് ! അതിനെ വെറും റോയല്‍റ്റിയുടെ തലത്തില്‍ മാത്രം കണ്ടാല്‍ ശരിയാവില്ല.അതില്‍ വേദനയുടെ ,കണ്ണീരിന്‍റെ ,അവഗണനയുടെ രാഷ്ട്രീയ അര്‍ഥങ്ങള്‍ കൂടി തിരയേണ്ടി വരും !ഒരാളിന്‍റെ മാത്രമല്ല .പലരുടേയും ! അല്ലെങ്കില്‍ എന്തുകൊണ്ടാണ് മറ്റുള്ളവര്‍ അതിനെ ചോദ്യം ചെയ്യാത്തത് ? താന്താങ്ങളുടെ ഭാഗം അതില്‍ എന്താണെന്നു കൃത്യമായി വിശദീകരിക്കാത്തത് ? .സംഗീതത്തില്‍ അങ്ങനെ വിശദീകരിക്കാന്‍ കഴിയാത്ത ഭാഗം ഉണ്ടോ ? ഉണ്ടെങ്കില്‍ ഇളയരാജ എങ്ങിനെയാണ് ഇത് എന്‍റെ മ്യൂസിക് പീസാണെന്നു കൃത്യമായി വിശദീകരിക്കുന്നത് ? വിശദമാക്കാന്‍ ആവാത്തത് ബ്രഹ്മമാണെങ്കില്‍ വിശദമാക്കാന്‍ കഴിയുന്നതും ബ്രഹ്മമല്ലേ ? ഒരു കാര്യത്തിന്‍റെ വ്യവസ്ഥയും വ്യാഴാഴ്ച്ചയും എങ്ങനെയാണ് തീരുമാനിക്കുക ? ആരാണ് തീരുമാനിക്കുക ?

വെറും കുറുമ്പ് , കുന്നായ്മ , അഹങ്കാരം എന്നൊക്കെ ഈ സംഭവത്തെപ്പറ്റി നാളെ മറ്റന്നാളെ ജലാര്‍ദ്രമായ വൈകുന്നേര ചര്‍ച്ചകളില്‍ സംഗീതജ്ഞരില്‍ ആരെങ്കിലും പറയാന്‍ സാധ്യത ഉണ്ടെങ്കില്‍ മുന്‍‌കൂര്‍ ആയി അറിയേണ്ടത് ഇത്ര മാത്രമാണ് . അതായത് പ്രിയ എബി സാല്‍വിന്‍ ഓര്‍മിപ്പിച്ചത് പോലെ ലൂപ്പുകളുടെ ലോകത്ത് ഇരുന്നു കൊണ്ടല്ല, ഈച്ചക്കോപ്പിയുമല്ല . ആയിരം സിനിമകള്‍ക്ക് പാട്ട് മാത്രമല്ല, പശ്ചാത്തല സംഗീതം ഉള്‍പ്പെടെ സ്വന്തം കൈപ്പടയില്‍ തന്മയായ തനതായ മ്യൂസിക്കല്‍ നോട്ടുകള്‍ തന്നത്താന്‍ എഴുതിയുണ്ടാക്കിയ ഒരു അപൂര്‍വ്വ പ്രതിഭാസമാണ് ഈ പ്രശ്നം ഉയര്‍ത്തിയിരിക്കുന്നത് .അതും തന്‍റെ പാട്ട് പാടി ജീവിക്കുന്ന പാവം ഗാനമേള ഗായകരെ അല്ല ഉദ്ദേശിച്ചത് എന്ന്‍ എടുത്തു പറഞ്ഞു കൊണ്ട് ! അപ്പോള്‍ സംഗതി വിരല്‍ ചൂണ്ടുന്നത് കൃത്യമായ ഏതോ ഒരു സ്ഥലത്തേക്കാണ്! ആരെയാണ് അത് അഡ്രസ്സ് ചെയ്യുന്നത് ? എന്തിനെയൊക്കെയാണ് ? ഇളയരാജയുടെത്തന്നെ കൂടുതല്‍ വിശദീകരണം വരുന്ന മുറക്കും അല്ലാതെയും അതിന്മേല്‍ കാതലായ ചര്‍ച്ചകള്‍ തീര്‍ച്ചയായും ആവശ്യമാണ്‌ .

ഇനി. ഇളയരാജ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും അവസാന ഫലത്തില്‍ ഇതിലൊക്കെ ഉള്‍ലീനമായിരിക്കുന്ന സൂചന ഒന്ന് മാത്രമാണ് . ഓരോ കാര്യത്തിന്റെയും ഓരോ ജീവന്‍റെയും യുണീക്ക്നെസ്സിനെ അതിന്റേതായ അര്‍ത്ഥത്തിലും ആഴത്തിലും നിലയിലും അംഗീകരിക്കാന്‍ പഠിക്കുക.അതിന്‍റെ അശ്രദ്ധാ പൂര്‍വ്വവും അവഗനനാ പൂര്‍വവുമായ ഉപയോഗത്തിലും അതിനോടുള്ള കടന്നാക്രമണപൂര്‍വവുമായ ഇടപാടിലും വളരെ വളരേ ശ്രദ്ധ വെക്കുക !

ഒരു നിലയില്‍ നോക്കിയാല്‍ ‘എല്ലാം ദൈവഹിതം’ എന്ന കള്ള വിനയങ്ങളെയും കള്ളക്കൈക്കൂപ്പലുകളേയും ഇളയരാജ പൊളിക്കുന്നുണ്ട്! ‘നമ്മള്‍’ ‘നാം’ ‘ഒരുമ ‘ എന്നൊക്കെയുള്ള ആരാരോക്കെ എന്തെന്തൊക്കെ എന്നില്ലാത്ത പൊട്ടയായ,ഉള്ളില്ലാത്ത കളക്റ്റിവിറ്റികളെ ചോദ്യം ചെയ്യുന്നുമുണ്ട് .ഒരു പക്ഷെ, സംഗീതത്തിലെ ഇക്കാലം വരെയുള്ള അധീശത്വ വിചാരങ്ങളോടും അഴകുഴംബത്തരങ്ങളോടും അനാവശ്യ മിസ്റ്ററികളോടും ആ പഴയ ആട്ടിടയനായ ബാലന്‍ നേര്‍ക്ക്‌ നേര്‍ മുട്ടാന്‍ തുനിയുന്നതുമാവാം . .സമയമായി എന്ന് സ്വയം തോന്നുന്നതുകൊണ്ട്.അതിനുള്ള ആത്മ വിശ്വാസവും ധൈര്യവും ഉള്ളത് കൊണ്ട് ! പൊതുജനമോ ആള്‍ക്കൂട്ടമോ നിശ്ചയിക്കുന്നതല്ലല്ലോ ഒരാളുടെ വളര്‍ച്ചയുടെ അറ്റവും തുടക്കവും.മറ്റുള്ളവര്‍ അവസാനിച്ചു എന്ന് കരുതുന്നേടത്തു നിന്നും തുടങ്ങുന്നവരുണ്ട്.

മാത്രമല്ല,ഒരു വ്യക്തിയുടെ വിനയത്തിന്റെയും അഹന്തയുടെയും മെഷര്‍ ആരുടെ കയ്യിലാണ് ?

കൂട്ടം എന്നാല്‍ എന്താണ് ? സ്വന്തം എന്നാല്‍ എന്താണ് ? ഒരാള്‍ക്ക് ,സ്വന്തമായി എന്താണുള്ളത് ?

അത്, ധൈര്യം മാത്രമാകുന്നു !

”ഉടൈയ രെനപ്പടുവതു ഊക്കം അതില്ലാര്‍ ഉടൈയതു ഉടൈയരോ മറ്റു” -എന്ന്‍ തിരുക്കുറല്‍ !

LEAVE A REPLY

Please enter your comment!
Please enter your name here