ദീപൻ ശിവരാമന്റെ ദി കാബിനറ്റ് ഓഫ് ഡോ.കാലിഗരി

0
1846

 

 

തൃശ്ശൂർ: ഡൽഹി പെർഫോമൻസ് ആർട്ട് കളക്ട്ടീവിന്റെ നിർമാണത്തിൽ, NECAB ഉം ബ്ലൂ ഓഷ്യൻ തീയേറ്ററും സംയുക്തമായി സംഘിപ്പിക്കുന്ന, “ദി ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലിഗിരി” എന്ന നാടകം, കേരള സംഗീതനാടക അക്കാദമിയിലെ ഭരത് മുരളി തീയേറ്ററിൽ അവതരണത്തിനൊരുങ്ങുന്നു. ഒക്ടോബർ 13 ന്‌ അവതരിപ്പിക്കും. 13 ന്  വൈകീട്ട് 7.15 , 14 ന്‌ വൈകീട്ട് 6.15 , 8.30 എന്നിങ്ങനെ മൂന്ന് അവതരണങ്ങളാണുണ്ടാവുക. 

നാടകത്തെക്കുറിച്ച് പി.കെ. ഗണേശൻ ഫെയ്സ്ബുക്കിൽ കുറിച്ചത്

വളരെ സന്തോഷം ഉള്ള സാംസ്കാരിക വാർത്തയാണ് ജർമൻ ചലച്ചിത്ര സംവിധായകൻ റോബർട്ട് വെയ്നറുടെ ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലിഗരി യെ പിൻപറ്റി പ്രശസ്ത മലയാള നാടക സംവിധായകൻ ദീപൻ ശിവരാമൻ തന്റെ ഏറ്റവും പുതിയ നാടകവുമായി അരങ്ങിൽ എത്തുന്നു എന്നത്.ലോക സിനിമാഭൂപടത്തിൽ ജർമ്മൻ എക്പ്രഷനിസ്റ്റ് സിനിമയുടെ വരവ് ഈ സിനിമയോടെയാണ്.ആ സിനിമ ഒരിക്കൽ കണ്ടയാൾ മറക്കില്ല.അത്രമേൽ വസ്തുനിഷ്ഠമായി ചരിത്രത്തിൽ അടയാളപെട്ട ചലച്ചിത്ര ആഖ്യാനമാണിത്. ഒരാളുടെ റിമോട്ട് കൺട്രോളിൽ എന്ന രീതിയിൽ മറ്റൊരാൾ നടത്തുന്ന കൊലപാതകങ്ങളുടെ പരമ്പര.ഒരു സ്വപ്നാടകനെ ഉപയോഗിച്ചു ഒരു ഹിപ്നോടിസ്റ്റ് നടത്തുന്ന കൊലപാതകങ്ങൾ. കൊല്ലുന്നവന് അറിയില്ല ആരെയാണ് കൊല്ലുന്നത് എന്ന് എന്തിനാണ് കൊല്ലുന്നത് എന്ന് എന്നത് സിനിമയിൽ എന്ന പോലെ ഇക്കാലത്തും നമ്മുടെ നാട്ടിൽ നടക്കുന്ന പലവിധ ലേബലുകളിൽ നടത്തുന്ന ക്വട്ടേഷൻ കൊലപാതകങ്ങളുടെയും ചരിത്രമാണ്. ആ കൊലപാതകങ്ങളെ സിനിമയിൽ നിയന്ത്രിക്കുന്ന ഹിപ്നോടിസ്റ്റിൻറെ പ്രതിരൂപങ്ങൾ നമ്മുടെ സമൂഹത്തിലും ഗൂഢയാഥാർത്ഥ്യമാണ്.കൊലപാതകങ്ങളെ നിയന്ത്രിക്കുന്ന ആ ഹിപ്നോട്ടിസ്റ്റിൻറെ കൈയിൽ കൊല്ലാനുപയോഗിച്ച ആയുധമോ അതുപയോഗിച്ചതിൻറെ ഫലമായി ഉണ്ടാകുന്ന രക്തകറയോ ഉള്ളതായി കാണില്ല.അക്കാര്യം എവിടെയും തെളിയിക്കാനും സാധിക്കില്ല. 1921ൽ പുറത്തിറങ്ങിയ ഈ സിനിമയിലെ കാലിഗരി എന്ന കഥാപാത്രം ജർമ്മനിയിൽ വരാൻ പോകുന്ന,പിന്നീട് വന്ന ഹിറ്റ്ലർ എന്ന സർവാധികാരിയുടെ പ്രതിരൂപമാണ്.വിശുദ്ധിയുടെ പരിവേഷം ആയിരുന്നു ഹിറ്റ്ലറിന്. ഏതൊരു സർവാധികാരിക്കും സ്വന്തം ഭരണകൂടവും സിൽബന്തികളും ചാർത്തുന്നതുപോലെ.ഹിറ്റ്ലറിനു വേണ്ടിയാണ് ജർമ്മനിയിൽ അപരശത്രുവിനെ സൃഷ്ടിച്ചത്, ജൂതവേട്ട നടത്തിയത്.ആ കുറ്റം ഹിറ്റ്ലർ നേരിട്ടിടപെട്ട് നടത്തിയതായി തെളിയിക്കാൻ ആവില്ല.കോടതികൾക്ക് തെളിയിക്കാൻ ആവാത്ത യാഥാർത്ഥ്യം ഉണ്ട് എന്നത് ഫാഷിസ്റ്റ് കാലത്തെ ദുരന്തമാണ്.കാലിഗരിയിൽ നിന്ന് ഹിറ്റലറിലേക്കുള്ള ദൂരം ജർമ്മനിയിൽ കുറവായിരുന്നു എന്ന് മുന്നറിയിപ്പ് തന്ന ഈ സിനിമയെ പിൻപറ്റി ദീപൻ ശിവരാമൻ സംവിധാനം ചെയ്യുന്ന നാടകത്തിന് വലിയ സാംസ്കാരിക രാഷ്ട്രീയ ദൗത്യം ഉണ്ട് ഒരു കലാരൂപം എന്ന നിലയിൽ പ്രത്യേകിച്ച് ഫാഷിസ്റ്റുവൽക്കരണം നടക്കുന്ന നമ്മുടെ വർത്തമാന സാമൂഹിക യാഥാർത്ഥ്യത്തിൽ. നമ്മെ ഭരിക്കുന്ന പലരും മതത്തിലാവട്ടെ,രാഷ്ട്രിയത്തിലാവട്ടെ കാലിഗരിയുടെ പ്രതിച്ഛായയിൽ നമ്മെ നയിക്കുന്ന കാലത്ത് ഈ നാടകം നാം കാണുമ്പോൾ രാജ്യം കണ്ണാടി നോക്കുന്ന അനുഭവം ആയിരിക്കും എന്ന് സിനിമ കണ്ടനുഭവിച്ച പഴയ ഓർമ്മയിൽ പറയട്ടെ. ഖസാക്കിൻറെ ഇതിഹാസം പോലെ അരങ്ങിലെ മറ്റൊരു അത്ഭുതം ആവും ഈ നാടകവും എന്ന് പ്രതീക്ഷിക്കാം….

പി.കെ.ഗണേശൻ

LEAVE A REPLY

Please enter your comment!
Please enter your name here