അനഘ സുരേഷ്
കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ അവരേഴ് പേര്‍ മഴവില്ല് പോലെ വര്‍ണ്ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്തിരിക്കുകയാണ്. ഓരോ നിറങ്ങള്‍ക്കും നിരവധി കഥകളാണ് നമ്മളോട് സംവദിക്കാന്‍ ഉണ്ടാവുക. അതുപോലെ ഇവരേഴു പേരുടെയും ചിത്രങ്ങള്‍ കൊണ്ടെത്തിക്കുന്നതും വ്യത്യസ്തങ്ങളായ യാത്രാ വഴികളിലേക്കാണ്. മഴവില്‍ നിറങ്ങള്‍ പോലെ, സപ്തസ്വരങ്ങള്‍ പോലെ ഇവരേഴു പേര്‍ ഒന്നിച്ചു കൊണ്ടുള്ള എക്‌സിബിഷന്‍ ‘സെപ്റ്റിറി’ സെപ്തംബര്‍ 22ന് ആരംഭിച്ചു. ഏഴിന്റെ പ്രസക്തി പേരില്‍ നിന്ന് തന്നെ വ്യക്തം.
ചുമരില്‍ തൂങ്ങി നില്‍ക്കുന്ന ഓരോ രചനകളും വാചാലരാവുകയായിരുന്നു. ഒത്തിരികാര്യങ്ങളെ കുറിച്ച്. എവിടെ നിന്നൊക്കയോ തുടങ്ങി പ്രളയത്തെ പറ്റിയും, പ്രാണികളെ പറ്റിയും അങ്ങനെയെല്ലാം. അന്നി കുമാരി, ബബിത രാജീവ്, ബിന്ദി രാജഗോപാല്‍, സെലിന്‍ ജേക്കബ്, സ്മിത ജിഎസ്, ശ്രീജ പള്ളം, യാമിനി മോഹന്‍ എന്നീ കലാകാരികളുടെ ആശയങ്ങളാണ് കാന്‍വാസിന്‍ ആസ്വാദകരുടെ മുന്‍പില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
മണ്ണിന്റെ വേദന പലയിടങ്ങളിലായി പല രൂപത്തില്‍ കണ്ടിട്ടുണ്ടെങ്കിലും ശ്രീജ പള്ളത്തിന്റെ ‘മണ്ണിന്റെ ശോകഗീതം’ സീരീസിലെ രചനകള്‍ പ്രകൃതിയ്ക്കും മനുഷ്യനും വേണ്ടി വീണ്ടും ഉച്ഛത്തില്‍ മുറവിളി കൂട്ടുന്നവയാണ്. കേരളത്തെ ഉലച്ച പ്രളയം ഒരു ക്യാന്‍വാസില്‍ വളരെ ലളിതമായി പകര്‍ത്തിയെങ്കിലും അതിന്റെ ആഴങ്ങള്‍ ആ ചിത്രത്തില്‍ വളരെ വ്യക്തമായാണ് കാണിച്ചിരിക്കുന്നത്. പ്രകൃതിയില്‍ നിരവധി കുഞ്ഞു പ്രാണികള്‍ ഉണ്ടെന്നും അവയ്ക്കും ഒരുപാട് ആശയങ്ങളും ആഗ്രഹങ്ങളും ഉണ്ടെന്ന് കാണിക്കും വിധത്തിലും അവയെ സസൂക്ഷമമായി നിരീക്ഷണത്തിന് വിധേയമാക്കിയതുമാണ് സജിത ജിഎസിന്റെ രചനകള്‍. ചുറ്റുപാടുകളില്‍ നിന്നുമായി സ്ത്രീയെന്ന ഒറ്റ കാരണത്താല്‍ ഏല്‍ക്കുന്ന മാനസിക പിരിമുറുക്കങ്ങളും അവളുടെ വ്യക്തിത്വത്തെ പുറത്തേക്ക് കൊണ്ട് വരാന്‍ നടത്തുന്ന ശ്രമങ്ങളുമൊക്കെയാണ് യാമിനി മോഹന്‍റെ ചിത്രങ്ങളില്‍.
സെലിന്‍ ജേക്കബ് എന്ന കലാകാരി വാഴയിലയെ തന്നെ കാന്‍വാസാക്കി മാറ്റുകയായിരുന്നു. തവളകളെയാണ് സെലിന്‍ വാഴയിലയില്‍ പകര്‍ത്തിയത്. സ്ത്രീകളുടെ ആര്‍ത്തവ ദിനങ്ങളിലെ മാനസിക – ശാരീരിക ബുദ്ധിമുട്ടുകളാണ് ‘മാം’ എന്ന് പേരിട്ടിരിക്കുന്ന ബബിത രാജീവിന്റെ ചിത്രത്തില്‍. കാന്‍വാസില്‍ കറുപ്പും വെളുപ്പും ചായങ്ങളിലൂടെ ജോമെട്രിക്കല്‍ പെയിന്റിങുകളാണ് അന്നി കുമാരിയുടേത്. വളരെ വ്യത്യസ്തമായ ടെക്‌സ്ച്ചറിലൂടെയുള്ള രചനകളാണ് ബിന്ദി രാജഗോപാലിന്റേത്.
വിവിധ ഇടങ്ങളില്‍ വ്യത്യസ്ത രീതില്‍ ജീവിതം കഴിക്കുന്ന ഏഴ് പേര്‍ ഒത്ത് ചേര്‍ന്നത് 2017ല്‍ മാരാരി ബീച്ചില്‍ നടന്ന ദേശീയ ചിത്രകലാക്യാമ്പില്‍ വെച്ചാണ്. അന്ന് തുടങ്ങിയ മാനസിക ഐക്യവും പരസ്പര ആശയവിനിമയവുമാണ് കോഴിക്കോട് ചിത്രകലാപ്രദര്‍ശനം നടത്താന്‍ ഈ പെണ്‍കൂട്ടായ്മയെ പ്രാപ്തമാക്കിയത്. ചിത്രകാരി കബിത മുഖോ പ്യാധ്യായ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് പ്രഭാകരന്‍, ബിജുലാല്‍, മുക്താര്‍, ശ്രീജ പള്ളം, സ്മിത ജി.എസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംവദിച്ചു.