സഹ്യന്‍റെ മടിത്തട്ടിലേക്കൊരു യാത്ര

0
445

ശരണ്യ. എം ചാരു 

വേനലിന്റെ ചൂട് കടുംക്കുംതോറും അങ്ങ് പൊന്മുടിയിൽ കോട മഞ്ഞിൻ തണുപ്പിന് ശക്തി കൂടി കൂടി വരികയാണല്ലോ. വിനോദ സഞ്ചാരികൾക്കു കുളിരേകി കൊണ്ട് കോടമഞ്ഞിൽ കുളിര് കോരുന്ന അനുഭൂതി സമ്മാനിച്ചു മഞ്ഞിറക്കത്തിന്റെ മനോഹാരിത വാരി വിതറുകയാണ് വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിപ്പോൾ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരസ്പരം കാണാനാവാത്ത വിധം മഞ്ഞിറക്കം ശക്തമായിരുന്നത് ചൂടിൽ നിന്നും രക്ഷപ്പെട്ട് യാത്ര തേടിയവരെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. മഞ്ഞു റോഡിലൂടെ നീങ്ങി, വണ്ടികളുടെ മുൻ വെളിച്ചത്തിൽ ഹെയർപിൻ വളവുകൾ താണ്ടി കുന്നിൻ നെറുകയിൽ എത്തുമ്പോൾ ഒരു ആകാശയാത്ര കഴിഞ്ഞ ത്രില്ലും അനുഭൂതിയും യാത്രികർക്ക് ലഭിക്കും.  അവധിക്കാലമായതിനാലും ചൂട് കാലമായതിനാലും പതിവിലുംകൂടുതൽ യാത്രികരാണ് മഞ്ഞിൽ മൂടിയ പൊൻമുടിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തിച്ചേരുന്നത്.

തിരുവനന്തപുരത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ, സഹ്യന്റെ മടിത്തട്ടിലാണ് പൊന്മുടിയെന്ന ഈ മനോഹര സ്ഥലം. പട്ടണകാഴ്ചകളിൽ നിന്നും ഏറെ മാറി, തിക്കും  തിരക്കുമില്ലാതെ ശുദ്ധവായു ശ്വസിക്കാനും മനസിലേക്കും ശരീരത്തിലേക്കും കോടമഞ്ഞിന്റെ തണുപ്പ് ഊറിയെടുക്കാനും ഇതിലും പറ്റിയ മറ്റൊരു മനോഹര യാത്രാ വേറെയില്ലെന്നു തന്നെ പറയാം.

സമുദ്രത്തീരത്തു നിന്നും വെറും 60 കിലോമീറ്റർ താണ്ടിയാൽ ഹൈറേഞ്ചിൽ എത്താവുന്ന ലോകത്തെ തന്നെ അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണ് പൊന്മുടി. ഇവിടെ മിക്കവാറും എല്ലാ കാലാവസ്ഥയിലും തണുപ്പു തന്നെയാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. കല്ലാറിന്റെയും മറ്റ് അരുവികളുടെയും നനുത്ത തണുപ്പും കുന്നുകളുടെ ഹരിതശോഭയും നിമിഷ നേരം കൊണ്ട് എല്ലാം മറയ്ക്കുന്ന കോടമഞ്ഞുമാണ് പൊന്മുടിയുടെ പ്രധാന ആകർഷണങ്ങൾ.

മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാലാണ് ഈ സ്ഥലത്തിന് പൊൻമുടി എന്ന പേരു വന്നതെന്നാണ് കാലങ്ങളായി ഇവിടുത്ത താമസക്കാരായ ആദിവാസികൾ വിശ്വസിച്ചുപോരുന്നത്. എന്നാൽ ചരിത്രകാരന്മാരുടേത് മറ്റൊരു അഭിപ്രായമാണ്, ഇവിടെ പുരാതന കാലത്തുണ്ടായിരുന്ന ബുദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ, പൊന്നെയിർ കോൻ എന്നു വിളിച്ചിരുന്നെന്നും അവിടെ നിന്നാണ് ഈ മലയ്ക്ക് പൊൻമുടി എന്നു പേരു വന്നതെന്നുമാണ്‌ അവരുടെ വാദം.

പൊന്‍മുടിയില്‍ വേനൽകാല വിശ്രമ കേന്ദ്രങ്ങൾ ആദ്യമായി നിർമ്മിക്കുന്നത് തിരുവിതാംകൂർ രാജകുടുംബമാണ്. രാജകുടുബത്തിലുള്ളവർ വേട്ടയ്ക്കും മറ്റു വിനോദങ്ങൾക്കും വിശ്രമിക്കാനുമൊക്കെയെത്തിയിരുന്ന കൊട്ടാരം പോലൊരു കെട്ടിടം പൊന്മുടിയിൽ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഇന്ന് അവിടെ കാണുന്ന കെട്ടിടത്തിന്റെ ശുഷ്കമായ ശേഷിപ്പുകൾ അതാണെന്നാണ് പൊതുവെ പറഞ്ഞു വരുന്നത്. അന്ന് രാജകുടുംബത്തില്‍പെട്ടവര്‍ക്കും അവരുടെ അതിഥികൾക്കും മാത്രമേ അവിടെ താമസിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും വിശ്വാസത്തിൽ ഉൾപ്പെടുന്നു. എന്നാൽ ഇന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാനകേന്ദ്രങ്ങളിൽ ഒന്നാണിത്.  അതിനാൽ തന്നെ സ്വകാര്യ ഹോട്ടലുകൾക്കും റിസോര്‍ട്ടുകൾക്കും പൊന്മുടിയിൽ പ്രവേശനമില്ലെന്ന് മാത്രമല്ല, ഇത്രയും കാലത്തിനിടയിൽ വിരലിലെണ്ണാവുന്ന ഹോട്ടലുകളും റിസോർട്ടുകളും മാത്രമാണ് ഇവിടെയുള്ളതും.

22 ഹെയർ പിൻ വളവുകൾ കടന്ന് മുകളിലെത്തിയാൽ മാത്രമേ വനസൗന്ദര്യവും, തേയിലത്തോട്ടങ്ങളും കാട്ടരുവികളും ആസ്വദിക്കാൻ കഴിയുകയുള്ളൂ. ഇതിനിടെ ഇറങ്ങി വിശ്രമിക്കാവുന്ന ചെറിയ സ്ഥലങ്ങൾ നിരവധിയാണ് വഴിയിൽ. കഷ്ടിച്ചു രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാവുന്ന കുന്നിൻചെരുവുകളിലൂടെയുള്ള റോഡിലെ ഹെയർ പിൻ വളവുകൾ യാത്രയ്ക്ക് മറ്റൊരനുഭവമാണ് നൽകുന്നത്. ഡ്രൈവ് ചെയ്ത് പോകുന്ന ഓരോ ഹെയർ പിൻ കഴിയുമ്പോഴും കാലാവസ്ഥയ്ക്കുണ്ടാകുന്ന മാറ്റം നമുക്ക് അനുഭവിച്ചറിയാം. കേരള സർക്കാറിന്റെ വേണാട് ബസ് പൊന്മുടിയുടെ ഹൈറേഞ്ചിലേക്ക് സ്ഥിരം സർവീസ് നടത്തുന്നുണ്ട് എന്നത്കൊണ്ടു തന്നെ വളവുകൾ താണ്ടി അവിടെത്തുന്നതിനുള്ള ബുദ്ധിമുട്ടും കുറവാണ്.

പശ്ചിമഘട്ടത്തിലെ വരയാട്ടുമൊട്ട ട്രക്കിങ് കേന്ദ്രങ്ങളിലേക്കു പൊന്മുടിയിലൂടെ എളുപ്പത്തിൽ പോകാൻ കഴിയുമെന്നതും പൊന്മുടി യാത്രയുടെ പ്രസക്തി വർദ്ധിപ്പിക്കുന്ന ഘടകമാണ്. ഏകദേശം മൂന്നു മണിക്കൂർ യാത്ര മാത്രമാണ് പൊന്മുടിയില്‍ നിന്നും വരയാട്ടുമൊട്ടയിൽ എത്താൻ എടുക്കുന്ന സമയം.

സാധാരണഗതിയിൽ കേരളത്തിലെ ടൂറിസം സീസൺ നവംബര്‍ മുതലാണ്. നവംബർ മുതൽ മേയ് വരെ ട്രക്കിങിനുള്ള അനിയോജ്യ സമയമായതിനാൽ നിരവധി ആളുകൾ ഈ കാലത്ത് യാത്രയ്ക്ക് എത്തുന്നു. പൊന്‍മുടിയിലേക്കുള്ള വഴിയിൽ തന്നെ ആണ് മീന്‍മുട്ടി വെള്ളച്ചാട്ടവും കല്ലാറും അടങ്ങുന്ന ട്രക്കിങ് സ്പോട്ടും. ഇവിടുന്ന് മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കെത്താൻ 4 കിലോമീറ്റർ ട്രക്കിങ് മാത്രമാണ് ആവശ്യം. ഉരുളൻ കല്ലുകളും പച്ചമരങ്ങളും നല്ല തെളിഞ്ഞ തണുത്ത വെള്ളവും കല്ലാർ കാഴ്ച്ചയുടെ വ്യത്യസ്തമായ മറ്റൊരനുഭവമാണ്. കല്ലാറിൽ മുങ്ങി കുളിക്കുന്നതിനുള്ള സൗകര്യവും യാത്രികർക്കായി ലഭിക്കുന്നു എന്നത് മറ്റൊരു പ്രധാന ആകർഷണങ്ങളിൽ ഒന്ന്.

കടുത്ത വേനലിൽ പൊള്ളുന്ന ചൂടിൽ ഏറ്റവും മനോഹരമായി യാത്ര ചെയ്യാനും, കുടുംബത്തോടൊപ്പം താമസിക്കാനും, തണുപ്പും വനസൗന്ദര്യവും ആവോളം ആസ്വദിക്കാനും, കേരളത്തിന്റെ തലസ്ഥാനത്ത് പൊന്മുടിയോളം മികച്ചതായി മറ്റൊരു സ്ഥലമില്ലെന്ന് അനുഭവം കൊണ്ട് മനസ്സിലാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here