മമ്മൂട്ടിയുടെ ഒറ്റയാള്‍ ‘യാത്ര’

0
665

രാഹുല്‍ എം. വി. ആര്‍

വൈ. എസ്. ആര്‍ (Y. S. രാജശേഖര റെഡ്‌ഡി) എന്ന മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ ജീവിത കഥയാണ് ‘യാത്ര’. യാതൊരു സംശയവുമില്ലാതെ പറയാം, മികച്ചൊരു സിനിമ അനുഭവം തന്നെയാണ് ‘യാത്ര’യിലൂടെ നമുക്ക് ലഭിക്കുന്നത്. വൈ. എസ്. ആര്‍ ആയി മമ്മൂട്ടി എന്ന നടന്‍റെ മികച്ച പ്രകടനം തന്നെയാണ് സിനിമയിലുടനീളം കാണാൻ സാധിച്ചിരിക്കുന്നത്. ഒരൊറ്റയാൾ പോരാട്ടം തന്നെ എന്ന് നിസ്സംശയം പറയാം. അത്രയേറെ സുന്ദരമായിരുന്നു മമ്മൂക്കയെ കാണാനും അദ്ദേഹത്തിന്റെ ഓരോ ചലനങ്ങൾക്കും.

കുറേ കാലമായി രാഷ്ട്രീയത്തിൽ ഉള്ള ആളാണ് വൈ. എസ്. ആര്‍. പെട്ടന്നുള്ള ഇലക്ഷൻ പ്രഖ്യാപനം അദ്ദേഹത്തെ ആകെ വ്യാകുലപ്പെടുത്തുകയും തന്‍റെ രാഷ്ട്രീയ ജീവിതം തന്നെ നിർത്തേണ്ടി വരുമോ എന്ന പേടി അദ്ദേഹത്തെ ഭയപ്പെടുത്തുകയും ചെയ്യുന്നു. ഈ സന്ദർഭത്തിൽ അദ്ദേഹം കർഷകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയും ചെയ്തപ്പോൾ, വല്ലാതെ വിഷമം തോന്നുന്നു. തന്‍റെ രാഷ്ട്രീയ ജീവിതം വെറും പദവികൾക്ക് വേണ്ടി മാത്രമല്ല, ജനങ്ങൾക്ക് കൂടി വേണ്ടി ഉപയോഗിക്കണം എന്ന തിരിച്ചറിവ് അദ്ദേഹത്തിന് വന്നു ചേരുന്നു.  പിന്നീടങ്ങോട്ട് അതിന് വേണ്ടിയുള്ള ഒരു ഒറ്റയാൾ പോരാട്ടം തന്നെയാണ് സിനിമയിലുടനീളം കാണാൻ സാധിക്കുന്നത്.

2003 ൽ ‘പദയാത്ര’ എന്നപേരിൽ ആന്ധ്രപ്രദേശ് മുഴുവൻ (1500 കിലോമീറ്റർ) കാൽനടയാത്ര നടത്തുന്നു. തുടക്കത്തിൽ 2000 പേർ മാത്രം ഉണ്ടായിരുന്ന യാത്രയിൽ,  ആന്ധ്രപ്രദേശ് സ്റ്റേറ്റ് പിന്നീടങ്ങോട്ട് കണ്ടത് ജനപ്രളയം തന്നെയായിരുന്നു. യാത്രയിൽ ഉടനീളം കർഷകരുടെയും ദുരിതമനുഭവിക്കുന്ന നാട്ടുകാരുടെയും കഷ്ടതകളും ബുദ്ധിമുട്ടുകളും അറിയാൻ വൈഎസ്ആർ ശ്രമിക്കുന്നു.

രണ്ടു മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഒരു കൊച്ചു നല്ല സിനിമ എന്ന് വേണം യാത്രയെ കുറിച്ച് പറയാന്‍. വൈ. എസ്. ആര്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ അതിഗംഭീരമായ പ്രകടനം തന്നെയാണ് എടുത്തുപറയേണ്ട ഘടകം. പൊതുവേ ബയോപിക് സിനിമകൾ ഇഷ്ടപ്പെടുന്ന എനിക്ക് വളരെയേറെ സംതൃപ്തി നൽകിയ ഒരു സിനിമയാണിത്.

സിനിമയുടെ ആദ്യദിനം ആയിട്ടു കൂടി, ആദ്യ ഷോയിൽ വെറും 20 പേർ മാത്രമായിരുന്നു ഉള്ളത്. നല്ല സിനിമയെ ജനങ്ങൾ ഇനിയും അംഗീകരിക്കാൻ മടിക്കുന്ന എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണിത്.  പതിവ് തെലുങ്ക് സിനിമകളിൽ ഉള്ളപോലെ വില്ലന്മാരെ കാറ്റിൽ പറത്തുന്ന അമാനുഷികനായ ഒരു നേതാവല്ല ഈ സിനിമയിൽ മമ്മൂട്ടി. തന്‍റെ കാര്യങ്ങൾ ആരോടും വെട്ടിത്തുറന്നു പറയാൻ മനക്കരുത്തും ധൈര്യവുമുള്ള മികവുറ്റ ഒരു നേതാവിനെയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്.

വൈ. എസ്. ആര്‍ ജനങ്ങൾക്കിടയിൽ ആരായിരുന്നു എന്നും അദ്ദേഹത്തിത്തിന്‍റെ സ്ഥാനം എന്തായിരുന്നു എന്നും വ്യക്തമായി കാണിച്ചു തരാൻ, അവസാന പത്ത് മിനിറ്റിൽ സിനിമക്ക് കഴിയുന്നുണ്ട്. ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട വൈ. എസ്. ആറിന്‍റെ വിയോഗം ആന്ധ്രപ്രദേശ് സർക്കാറിനും അവിടുത്തെ ജനങ്ങൾക്കും എത്രത്തോളം വിഷമം ഉണ്ടാക്കി എന്നത് അവസാനം കാണിക്കുന്ന റിയൽ വീഡിയോസ് വ്യക്തമാക്കി തരും.

ഒറ്റവാക്കിൽ പറഞ്ഞാൽ തിയറ്ററിൽ നിന്ന് തന്നെ കണ്ടിരിക്കേണ്ട സിനിമയാണ് യാത്ര. ഒട്ടും മുഷിപ്പിക്കാത്ത രണ്ടു മണിക്കൂർ വൈ. എസ്. ആര്‍ എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതം പച്ചയായി വരച്ചുകാട്ടുന്നു. മമ്മൂട്ടി എന്ന നടന് ആന്ധ്രപ്രദേശിൽ വളരെയധികം ആരാധകരെ ഉണ്ടാക്കി മാറ്റുന്ന ഒരു കഥാപാത്രമായി മാറിയിരിക്കും ഈ വൈ. എസ്. ആര്‍.

ഒരു ബയോപിക് സിനിമ എന്നനിലയിൽ അതിനോട് 100% നീതി പുലർത്തി. ഒരു ബയോപിക് സിനിമയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നിരുന്നാലും ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് വൈ. എസ്. ആര്‍ എന്ന വ്യക്തിയെ കുറിച്ച് കേൾക്കുന്നത് പോലും. അപ്പോൾ അതിലെ കാര്യങ്ങൾ എത്രത്തോളം വ്യക്തമാണ് എന്നുള്ളത് എനിക്ക് 100 % പറയാൻ കഴിയില്ല. സിനിമയിൽ കാണുന്നത് മാത്രമേ നമുക്കറിയൂ. സിനിമയിലെ വൈ. എസ്. ആറിനെ ഇഷ്ടമായി. ജീവിതത്തിലും അദ്ദേഹം അങ്ങനെ ആയിരുന്നു എന്ന് വിശ്വസിക്കുന്നു. ഇങ്ങനെ ഒരുപാട് വൈ. എസ്. ആറുമാര്‍ ഇനിയും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു.

Y. S. രാജശേഖര റെഡ്‌ഡി

Verdict: Excellent Must Watch

NB: ഫാന്‍സ്‌ ആണെന്ന് പറഞ്ഞ് നടക്കുന്നവർ എങ്കിലും, മാസ് സിനിമകൾ മാത്രം തേടി പോകാതെ, ഇത്തരം നല്ല സിനിമകളും കൂടി കാണാൻ ശ്രമിക്കുകയാണെങ്കിൽ, തീയറ്ററിൽ ഇങ്ങനെ ഉള്ള നല്ല സിനിമകൾ കുറച്ചുദിവസം കൂടി ഓടും.

ഈ അഭിപ്രായം തികച്ചും വ്യക്തിപരമാണ്. എല്ലാവരും സ്വയം കാണുക വിലയിരുത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here