യാസീൻ ബിൻ യൂസുഫലി
കിട്ടിയ അനുഗ്രഹങ്ങളൊന്നും പോരാ എന്ന് പലപ്പോഴും തോന്നാറുണ്ട്. പക്ഷെ, നമ്മളൊക്കെ എത്രയോ അനുഗ്രഹീതരാണ് എന്ന് ബോധ്യമായ ദിനങ്ങളായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങൾ. മാനുഷിക മൂല്യങ്ങളെ ജീവിതത്തിന്റെ താളമാക്കി മാറ്റിയ സന്നദ്ധ സേവകരായ ഒരുപറ്റം വിദ്യർത്ഥി കൂട്ടത്തിന്റെ കൂടെയായിരുന്നു ഇന്നലെ മുതൽ. നിസ്വാർത്ഥ സേവനം കൊണ്ട് കുറെയധികം രോഗികളുടെ ജീവിതങ്ങൾക്ക് നിറം നൽകുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ (IPM) ആണുള്ളത്. ഇവിടെ ക്യൂറിയസ് എന്ന പേരിൽ കാർണിവൽ നടക്കുകയാണ്. കൈകാലുകൾ തളർന്നിട്ടും പൊരുതി ജീവിക്കുന്ന ഒരുപാട് മുഖങ്ങളെ ഇവിടെ കാണാം.
അനുഗ്രഹങ്ങൾ ഒരുപാട് കിട്ടിയ നമുക്ക് ഇവിടെയെത്തുമ്പോൾ ഒരുപാട് പുനർചിന്തകൾ ഉണ്ടാവും. നമുക്ക് കിട്ടിയ അനുഗ്രഹങ്ങൾക്ക് ദൈവത്തെ സ്തുതിക്കും. ജാതി മത ഭേദമന്യേ ഇവിടെത്തെ രോഗികളെ സംരക്ഷിക്കാനും അവരെ ചിരിപ്പിക്കാനും അതിലൂടെ ഒത്തിരി സന്തോഷം നൽകാനുമാണ് കാർണിവലിലൂടെ സംഘാടകർ ശ്രമിക്കുന്നത്.
ജനിച്ച മുതൽ തന്നെ ചലന ശേഷി നഷ്ട്ടപ്പെട്ട ചിലർ. പക്ഷെ, അവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞു. നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ് എന്ന ബോധ്യണ്ടായി. ഇനി ഒരിക്കലും നഷ്ടങ്ങളെ ഓർത്ത് ഞാൻ ദുഖിക്കില്ല. കാരണം, നമ്മുടെ സങ്കടങ്ങളൊക്കെ എത്രയോ ചെറുതാണ്.
വെള്ളി ഉച്ച മുതൽ തുടങ്ങിയ കാർണിവൽ വ്യത്യസ്തതകളാൽ സമ്പന്നമാണ്. 50 -ലധികം സ്റ്റാളുകൾ, വ്യത്യസ്ത ഇനം കലാ വിരുന്നുകൾ, ഫുഡ് ഫെസ്റ്റ്, ക്രാഫ്റ്റ്സ്, ആർട്ട് വർക്സ്, വർക്ക് ഷോപ്പുകൾ എന്നിവയെല്ലാം കാർണിവലിൽ കാണാം. പ്രതി മാസം 15 ലക്ഷത്തിൽ കുടുതൽ ചിലവ് വരുന്ന ഐ പി എമ്മിന്റെ പ്രവർത്തന ഫണ്ട് റൈസ് ചെയ്യുക എന്നതാണ് കാർണിവലിന്റെ ലക്ഷ്യം.
വീൽചെയറിൽ ഇരുന്ന് പല ആളുകളും ഖവാലിക്ക് താളം പിടിച്ചിരുന്നു. ഡാൻസ് കളിച്ചിരുന്നു. അവരുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. മറ്റുള്ളവരുടെ വേദന മനസ്സിലാക്കി അതിൽ പങ്കുചേരാനും കൂടെ നിൽക്കാനും എല്ലാവരെയും ക്ഷണിക്കുന്നു. നിങ്ങളിവിടെ വന്ന് ചിലവാക്കുന്ന ഓരോ രൂപക്കും ഒരു മണിക്കൂർ നേരത്തെ ആശ്വാസം പകരാൻ സാധിക്കും. തീർച്ച…