കവിത
യഹിയാ മുഹമ്മദ്
ഓർമ്മയുടെ
വിഴിപ്പു ഭാണ്ഡങ്ങൾ
തെരുവിലെവിടെയോ വലിച്ചെറിഞ്ഞ്
കോൺസ്റ്റബിൾ കുട്ടൻപിള്ള
യാത്രയായി
അന്തിക്കള്ളിൻ്റെ
പാതി വെളിൽ
ഓർമ്മയുടെ വേതാളത്തേയും
തോളിലേന്തി
അയാൾ ഈ വഴിയേ നടന്നു പോയിരുന്നു.
നഗരത്തിൻ്റെ വിളക്കുമരം
അടർന്നുവീണെന്ന്
മുതിർന്ന ഓഫീസറുമാർ
അനുശോചനമറിയിച്ചു.
നഗരമദ്ധ്യത്തിൽ നാലും കൂടിയ
കവലയിൽ
വെയിൽ കുത്തുകൾ തിന്ന് തിന്ന്
വഴി പറഞ്ഞു പറഞ്ഞ്
അയാൾ ആവിയായ് ഉയരുന്നുണ്ടാവും.
നഗരത്തിൻ്റെ നെടുംതൂണായ
കാവൽക്കാരനാണെന്ന്
നാട്ടുകാർ അനുശോചനമറിയിച്ചു.
കാവൽക്കാരൻ
ഒന്നും പറയാതെ വീടുവിട്ടിറങ്ങിപ്പോയതിൻ്റെ
വ്യസനത്തിൽ
നെഞ്ചു പൊട്ടി കണ്ണുനീർ വാർക്കുന്നുണ്ട്
പെണ്ണൊരുത്തി.
നാൽക്കവലയുടെ
അച്ഛു തണ്ട് അറ്റുപോയെന്ന്
നഗരവാസികൾ അടക്കം പറഞ്ഞു.
ആ കവല അയാളുടെ വിരൽ തുമ്പിലാണ് ചലിക്കുന്നതെന്ന്
കണ്ടു നിൽക്കുന്ന
ഏതൊരാളും സംശയിച്ചു പോകും.
മാല പൊട്ടിച്ചോടിയവനെ
ഓടിച്ച് പിടിച്ചെന്ന്
അയൽക്കാരി
അയവിറത്തു.
കോളേജിനടുത്ത്
ബൈക്കിൽ ഹോണടിച്ച്
കമൻ്റടിക്കുന്നവർക്കു നേരെ
ലാത്തി ചുഴറ്റുമെന്ന്
കോളേജ് കുമാരിമാർ!
കുട്ടൻപിള്ളയുടെ
നാടുനീങ്ങലിൽ ആത്മാക്കൾ
കാക്കയുടെ രൂപത്തിൽ
കറുപ്പണിഞ്ഞ് വന്ന്
അനുശോചിച്ചു.
ആത്മാവ് പിണങ്ങിപ്പോയ
ശരീരങ്ങൾക്ക്
നേരം നോക്കാതെ കൂട്ടിരുന്ന
അവരുടെ പ്രിയ കൂട്ടുകാരൻ
ചിതയിലേക്കെടുക്കുമ്പോൾ
ഈ കോൺസ്റ്റബിളൊരു
നന്മമരമായിരുന്നെന്ന്
കൂടിയിരുന്നവരെല്ലാം
ആത്മഗതം ചെയ്തു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.