പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫ. സി ആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

0
115

കൊച്ചി: എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. സി.ആര്‍. ഓമനക്കുട്ടന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന കൃതിയ്ക്ക് 2010-ല്‍ ഹാസ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മഹാരാജാസ് കോളേജില്‍ 23 വര്‍ഷം അധ്യാപകനായിരുന്നു. വലിയ ശിഷ്യസമ്പത്തുള്ള സി.ആര്‍. ഓമനക്കുട്ടന്‍ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

1943 ഫെബ്രുവരി 13-ന് കോട്ടയം തിരുനക്കരയിലാണ് ജനിച്ചത്. കോട്ടയം സി.എം.എസ്. കോളേജിലും ചങ്ങാനാശ്ശേരി എസ്.ബി. കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ആദ്യം അധ്യാപകനായി ജോലി ചെയ്തത് കോഴിക്കോട് മീഞ്ചന്ത കോളേജിലായിരുന്നു. അവിടെ ഒരു വര്‍ഷത്തിലേറെ ജോലി ചെയ്ത ശേഷം എറണാകുളം മഹാരാജാസിലേക്ക് മാറി. 22 കൊല്ലത്തോളം മഹാരാജാസില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. പില്‍ക്കാലത്ത് കൊച്ചിയിലായിരുന്നു സ്ഥിരതാമസം.

മീഞ്ചന്ത കോളേജില്‍ ജോലിയിലിരിക്കേ, ഒപ്പം താമസിച്ചിരുന്ന ടി.വി. ഈച്ചരവാര്യരെ കാണാന്‍ ഇടയ്ക്ക് വരുമായിരുന്ന മകന്‍ രാജനുമായി ഓമനക്കുട്ടന്‍ വളരെപ്പെട്ടെന്ന് സൗഹൃദത്തിലായി. പിന്നീട് രാജന്റെ തിരോധാനവും കസ്റ്റഡി മരണവുമൊക്കെ കേരളത്തിലുണ്ടാക്കിയ പ്രകമ്പനം ഓമനക്കുട്ടനെയും വല്ലാതെ ഉലച്ചു. അടിയന്തരാവസ്ഥയില്‍ കൊല്ലപ്പെട്ട രാജനെക്കുറിച്ച് ഓമനക്കുട്ടന്‍ എഴുതിയ ലേഖനങ്ങളാണ് പിന്നീട് ‘ശവംതീനികള്‍’ എന്ന പേരില്‍ പുസ്തകമായത്. ശവംതീനികള്‍, തിരഞ്ഞെടുത്ത കഥകള്‍ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത് അദ്ദേഹത്തിന്റെ അധ്യാപന കാലത്ത് മഹാരാജാസില്‍ പഠിച്ചിരുന്ന നടന്‍ മമ്മൂട്ടിയും അദ്ദേഹത്തിന്റെ ശിഷ്യനായ നടന്‍ സലിംകുമാറുമായിരുന്നു.

സിനിമാമാസിക, ഗ്രന്ഥലോകം, പ്രഭാതം എന്നീ പത്രമാസികകളില്‍ സബ് എഡിറ്ററായിരുന്നു. ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ്, പബ്ലിക് റിലേഷന്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഭരണസമിതി, കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് ഉപദേശക സമിതി, മഹാത്മാഗാന്ധി സര്‍വകലാശാല പാഠ്യപദ്ധതി പരിഷ്‌കരണ സമിതി എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എലിസബത്ത് ടെയ്ലറുടെയും മിസ് കുമാരിയുടെയും ജീവിതകഥകള്‍ എഴുതിയിട്ടുണ്ട്. പ്രധാന കൃതികള്‍: കാല്‍പ്പാട്, പകര്‍ന്നാട്ടം, ഓമനക്കഥകള്‍, എന്റെ രാധേ ഉറക്കമായോ?, ചാപ്ലിനുബഷീറും ഞാനും, ചൂളമരങ്ങളില്‍ കാറ്റൂതുമ്പോള്‍, ഈഴശിവനും വാരിക്കുന്തവും, നീ സത്യം ജ്ഞാനം ആനന്ദം, ശവംതീനികള്‍, നാണു, ദേവദാസ്, കുമാരു.

ഹേമലതയാണ് ഭാര്യ. ചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദ് മകനാണ്. മകള്‍: അനുപ ( മഹാരാജാസ് കോളേജ് അധ്യാപിക). മരുമക്കള്‍: ജ്യോതിര്‍മയി (ചലച്ചിത്രതാരം), ഗോപന്‍ ചിദംബരം (തിരക്കഥാകൃത്ത്).


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here