കണ്ണീരിന്റെ ബാല്യ പാഠങ്ങൾ

0
858

നിധിൻ.വി.എൻ

കണ്ണീരു വീണ ബാല്യങ്ങളെ എത്രയിടങ്ങളിൽ കണ്ടിരിക്കുന്നു. ഒരിക്കൽ കുഞ്ഞായിരുന്ന നമ്മളെ പോലെയല്ല അവരുടെ ജീവിതം. വേദനയുടെ ബാല്യ പാഠങ്ങൾ മാത്രമാണ് അവർക്ക് മിച്ചമുള്ളത്. ചെറുതിലെ തൊഴിലിടങ്ങളിലേക്ക് എത്തപ്പെടുന്ന കുഞ്ഞുങ്ങൾക്ക് നഷ്ടമാകുന്നത് അവരുടെ ജീവിതം തന്നെയാണ്. കാരണങ്ങൾ എന്തു തന്നെയായാലും കുഞ്ഞുങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അറിവു നേടാനുള്ള സാഹചര്യം ഒരുങ്ങേണ്ടതുണ്ട്. കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളായിരിക്കുമ്പോഴാണ് ഏറ്റവും ഭംഗി. കണ്ണീരിനല്ല, അവരുടെ ചുണ്ടിലെ ചിരിയിലാണ് നിറങ്ങൾ വിടർന്നിറങ്ങുന്നത്.

1989 -ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയാണ് ലോക ബാലവേല വിരുദ്ധദിനം പ്രഖ്യാപിച്ചത്. അന്തർദേശീയ തലത്തിൽ ഐക്യരാഷ്ട്ര സംഘടനയും അതിന്റെ ഘടക സംഘടനയായ ഇന്റർനാഷ്ണൽ ലേബർ ഓർഗനൈസേഷനും (IL0) ബാല വേലയ്ക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. 1992-ൽ തൊഴിൽ സംഘടന നടപ്പിലാക്കിയ ബാലവേല ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര പരിപാടി (International programme on the Elimination of child labour) 100 ലധികം രാഷ്ട്രങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നു. 2002 ജൂൺ 12 മുതലാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നേതൃത്വത്തിൽ ലോക ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്. 2012-ൽ കേരളം ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചെങ്കിലും അന്യസംസ്ഥാനക്കാർ ജോലി തേടി കേരളത്തിലെത്തിയതോടെ ഈ പ്രഖ്യാപനങ്ങളെല്ലാം വെള്ളത്തിലെ വരയായി മാറുകയായിരുന്നു. ഒഡീസ, ബംഗാൾ ബീഹാർ, യു.പി എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഹോട്ടൽ ജോലി, റോഡ് പണി, വീട് നിർമ്മാണം, ഇഷ്ടിക പണി എന്നിവയ്ക്കായി ഇടനിലക്കാർ കുട്ടികളെ കൊണ്ടുവരുന്നു. മുതിർന്നവർക്ക് കൊടുക്കുന്നതിനേക്കാൾ കുറഞ്ഞ കൂലി കൊടുത്താൽ മതി എന്നതിന്നാലാണ് ഈ മേഖലയിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത്. നിയമങ്ങൾ കർശനമാക്കേണ്ടതും,കുഞ്ഞുങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും ഈ അവസരത്തിലാണ്.

ഇന്ത്യയിൽ ബാലവേല നിരോധനം നിലവിലുണ്ടെങ്കിലും ഇതു പൂർണമായി ഇല്ലാതാക്കാൻ നൂറു വർഷമെങ്കിലും എടുക്കുമെന്നു ചൈൽസ് റൈറ്റ്സ് ആൻസ് യു എന്ന സംഘടനയുടെ പഠന റിപ്പോട്ടിൽ പറയുന്നു. സർക്കാരിന്റെ ഭാഗത്തേക്കു മാത്രം നോക്കി നിന്നാൽ ബാലവേലയെ പൂർണമായും നിർത്തലാക്കാൻ ഇനിയും വൈകും. മനസ്സുണ്ടെങ്കിൽ, നിങ്ങളുടെ കൈകൾക്ക് സുരക്ഷയൊരുക്കാനാവും, കണ്ണീരൊപ്പാനാവും, രാജ്യത്തിന്റെ ഭാവിയെ ഭദ്രമാക്കാനാവും. കണ്ണീരിൽ കുതിർന്ന കവിളിൽ ചിരി വിടരുന്നതിനേക്കാൾ വലിയ സ്വര്‍ഗമുണ്ടോ സുഹൃത്തേ?

LEAVE A REPLY

Please enter your comment!
Please enter your name here