അന്താരാഷ്ട്ര വനിതാദിനത്തിന്റെ ചരിത്രം

1
301
world-womens-day-history

ജിജോ വൽസൻ

ഇന്ന് മാർച്ച് എട്ടാം തീയതിയാണ് ലോകമെങ്ങും ഇന്റർനാഷണൽ വിമൻസ് ഡേ അഥവാ ലോക വനിതാ ദിനമായി കൊണ്ടാടുന്നത്. ചാനലുകളും റേഡിയോയും പത്രങ്ങളുമെല്ലാം അതിനെക്കുറിച്ചുതന്നെ പറയുന്നുണ്ട് ഇടയ്ക്കിടെ. എന്താണ് അതിന്റെ ചരിത്രം..? എന്നാണ് ആദ്യമായി അത് ആ പേരിൽ ആഘോഷിക്കപ്പെട്ടത്..? ആരായിരുന്നു ആ ആശയം ആദ്യമായി അവതരിപ്പിച്ചത്..? ഒന്നും രണ്ടും വർഷം മുമ്പല്ല.. നൂറു വർഷത്തിൽ അധികമായി ഈ ദിവസം ലോകം ആഘോഷിക്കാൻ തുടങ്ങിയിട്ട്. അതിന്റെ ചരിത്രത്തിലൂടെ..

തുടക്കം ഒരു സമരത്തിലൂടെ

ഇതിന്റെ വിത്തുകൾ ആദ്യമായി പാകപ്പെടുന്നത് ഒരു ലോങ്ങ് മാർച്ചിലൂടെയാണ്. 1908 -ൽ പതിനയ്യായിരത്തിലധികം വരുന്ന സ്ത്രീ തൊഴിലാളികൾ ന്യൂയോർക്ക് നഗരഹൃദയത്തിലൂടെ ഒരു പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.. ജോലി സമയത്തിൽ കുറവ് വരുത്തുക, ശമ്പളത്തിൽ ന്യായമായ വർധന വരുത്തുക, വോട്ടുചെയ്യാനുള്ള അവകാശം നൽകുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം. അതിനും ഒരു കൊല്ലത്തിനു ശേഷം അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നു ‘ലോക വനിതാ ദിനം’ എന്നുള്ള സങ്കൽപം മുന്നോട്ടുവെക്കുന്നത്.

March, New York City, 1908 (Image source- La Riposte socialiste)
March, New York City, 1908 (Image source- La Riposte socialiste)

ഈ ദിവസത്തെ ഒരു അന്തർദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടുവെച്ചത് ക്ളാരാ സെറ്റ്കിൻ എന്ന ജർമ്മൻ മാർക്സിസ്റ്റ് തത്വചിന്തകയാണ്. 1910 -ൽ ഡെന്മാർക്കിലെ കോപ്പൻ ഹേഗനിൽ വെച്ച് നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോൺഗ്രസ്സിൽ വെച്ചാണ് അവർ ഇങ്ങനെയൊരു കാര്യം നിർദ്ദേശിക്കുന്നത്. അന്നവിടെ കൂടിയ പതിനേഴു രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ ആ തീരുമാനത്തെ ഐക്യകണ്ഠേന അംഗീകരിച്ചു. 1911 -ൽ ആസ്ട്രിയയിലും ഡെന്മാർക്കിലും ജർമനിയിലും സ്വിറ്റ്സർലൻഡിലും ആണ് ആദ്യമായി ലോക വനിതാ ദിനം ആഘോഷിക്കപ്പെട്ടത്. ഇതിന്റെ ശതാബ്ദി ആഘോഷങ്ങൾ നടന്നത് 2011-ലായിരുന്നു. അങ്ങനെ നോക്കുമ്പോൾ ഇക്കൊല്ലം നമ്മളാഘോഷിക്കുന്നത് 109- മത്തെ ലോക വനിതാ ദിനമാവും.

Clara Zetkin
Clara Zetkin

1975 -ലാണ് ആദ്യമായി ഐക്യരാഷ്ട്രസഭ ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത്. 1996 മുതൽ വർഷാവർഷം ഓരോ തീമും നിർദ്ദേശിക്കപ്പെട്ടു. ആദ്യത്തെ തീം, ‘Celebrating the Past, Planning for the Future’ എന്നതായിരുന്നു. 2020 -ലെ തീം “I am Generation Equality: Realizing Women’s Rights”എന്നതാണ്. ഓരോ വർഷത്തെയും വനിതാ ദിനം ആഘോഷിക്കപ്പെടുമ്പോൾ ഒപ്പം ഓർമ്മയിൽ കൊണ്ടുവരുന്നത് സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി നടത്തിയ നിരവധി പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്.

water colour workshop by subesh padmanabhan

കൃത്യമായ ഒരു തീയതിയിൽ അല്ല ആദ്യമൊക്കെ ലോകവനിതാദിനം ആഘോഷിക്കപ്പെട്ടിരുന്നത്. ലോകമെങ്ങും ഒരേദിവസം ആഘോഷിക്കുന്ന ഒരു സാഹചര്യം വരുന്നത് 1917 -ൽ റഷ്യയിലെ ഒരു കൂട്ടം സ്ത്രീകൾ ‘ബ്രഡ് ആൻഡ് പീസ്’ എന്ന മുദ്രാവാക്യവുമായി നടത്തിയ നാലുദിവസത്തെ സമരത്തിനൊടുവിൽ സാർ ചക്രവർത്തി മുട്ടുമടക്കി സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്നതോടെയാണ്. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ആ ഐതിഹാസിക സമരം തുടങ്ങുന്ന ദിവസം മാർച്ച് 8 ആയിരുന്നു. അതിന്റെ ഓർമ്മയ്ക്കായി പിന്നീടങ്ങോട്ട് എല്ലാവർഷവും മാർച്ച് 8 -നു തന്നെ ലോകവനിതാദിനം ആഘോഷിച്ചു തുടങ്ങി.

athma-ad-brochure-design

ചില രാജ്യങ്ങളിൽ ഒരു ദേശീയ അവധി ദിവസമാണ് ഈ ദിനം. റഷ്യയടക്കമുള്ള പല രാജ്യങ്ങളിലും ഈ ദിനത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ പൂക്കളുടെ വില്പന ഇരട്ടിക്കാറുണ്ട്. ചൈനയിൽ ഈ ദിവസം ഹാഫ് ഡേ ആണ്. ഇറ്റലിയിൽ ഈ ദിനം അറിയപ്പെടുന്നത് ‘ലാ ഫെസ്റ്റാ ഡെല്ലാ ഡോണാ’ എന്നാണ്. മിമോസാ പുഷ്പങ്ങൾ പരസ്പരം കൈമാറിയാണ് ഈ ദിനം അവർ ആഘോഷിച്ചു പോരുന്നത്. രണ്ടാം ലോക മഹായുദ്ധത്തോടനുബന്ധിച്ച് റോമിലാണ് ഈ ആചാരം തുടങ്ങിയത് എന്നാണ് പറയപ്പെടുന്നത്. അമേരിക്കയിലാവട്ടെ മാർച്ച് മാസം മൊത്തമായി ‘സ്ത്രീ ചരിത്ര മാസ’മായാണ് ആഘോഷിക്കപ്പെടുന്നത്. പ്രസിണ്ടന്റ് നേരിട്ട് പുറപ്പെടുവിക്കുന്ന ഒരു പ്രഖ്യാപനത്തിലൂടെ വർഷാവർഷം അവിടെ സ്ത്രീകളുടെ നേട്ടങ്ങൾ ആദരിക്കപ്പെടാറുണ്ട്.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here