ഫെബ്രുവരി 13
ലോക റേഡിയോ ദിനം
രമേശ് പെരുമ്പിലാവ്
ഗൂഗ്ലിയെൽമോ മാർക്കോണിയാണ് പൊതുവേ റേഡിയോയുടെ ഉപജ്ഞാതാവായി പ്രചരിക്കപ്പെടുന്നത് എങ്കിലും അതിന്റെ കണ്ടുപിടിത്തത്തിന് മേലുള്ള പ്രധാന പേറ്റൻറ് ഇപ്പോൾ നിലവിലുള്ളത് നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരന്റെ പേരിലാണ്. 1895-ൽ 80 കിലോമീറ്റർ ദൂരെ വരെ റേഡിയോ സന്ദേശം അയയ്ക്കാനുള്ള ടെസ്ലയുടെ പദ്ധതി ഒരു ദൗർഭാഗ്യകരമായ തീപ്പിടുത്തത്തെ തുടർന്നു മുടങ്ങുകയുണ്ടായി.
തൊട്ടടുത്ത വർഷം 6 കിലോമീറ്റർ ദൂരെയ്ക്ക് സന്ദേശം അയയ്ക്കാൻ മാർക്കോണിയ്ക്ക് കഴിയുകയും ലോകത്തിലെ ഈ കണ്ടുപിടിത്തത്തിൽ നൽകപ്പെടുന്ന ആദ്യത്തെ പേറ്റൻറ് ഇംഗ്ലണ്ടിൽ മാർക്കോണിയ്ക്ക് നൽകപ്പെടുകയും ചെയ്തു. എന്നാൽ ഈ കണ്ടുപിടിത്തം ടെസ്ല കോയിൽ എന്ന ടെസ്ലയുടെ തന്നെ കണ്ടുപിടിത്തത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത് എന്നതിനാൽ അമേരിക്കയിൽ ഇതുമായി ബന്ധപ്പെട്ട് മാർക്കോണി നല്കിയ പേറ്റൻറ് അപേക്ഷ നിരസിക്കപ്പെട്ടു.
മൂന്നു വർഷങ്ങൾക്ക് ശേഷം മാർക്കോണിയുടെ നിരന്തര ശ്രമങ്ങളെ തുടർന്നു, ഈ പേറ്റൻറ് അദ്ദേഹം നേടിയെടുത്തു. 1909-ൽ തന്റെ കണ്ടുപിടിത്തത്തിന് മാർക്കോണി നോബൽ സമ്മാനവും നേടി. ഇത് ടെസ്ലയിൽ വാശിയുണ്ടാക്കുകയും മാർക്കോണിയുമായി ഒരു നിയമയുദ്ധത്തിന് ഇറങ്ങി പുറപ്പെടുകയും ചെയ്തു. തുടർന്നു നടന്ന രാഷ്ട്രീയ-നിയമ കോലാഹലങ്ങളെ തുടർന്നു അമേരിക്കൻ സുപ്രീം കോടതി 1943-ൽ ടെസ്ലയെ തന്നെ ഈ കണ്ടുപിടിത്തത്തിന്റെ ഉപജ്ഞാതാവായി അംഗീകരിച്ചു. എന്നാൽ ഇപ്പൊഴും പലരും മാർക്കോണിയെയാണ് റേഡിയോയുടെ പിതാവായി കരുതിപ്പോരുന്നത്.
ഇതൊക്കെ റേഡിയോ ചരിത്രമെങ്കിൽ ഇപ്പോൾ പറയാൻ പോകുന്നത് ഞങ്ങളുടെ ഓലപ്പുരയിലേക്ക് റേഡിയോ വന്ന ചരിത്രദിനത്തിന്റെ ഓർമ്മയാണ്. വീട്ടിലെ മൂത്ത ചേട്ടന്മാരായ ഹരിദാസ്, മനോഹരൻ തുടങ്ങിയവർ ചെറുപ്പത്തിലെ നാടുവിട്ടു പോയവരാണ്. ഇൻലെന്റ് വാങ്ങാൻ കൊടുത്തയച്ച ചില്ലറ പൈസയുമായാണ് മനോഹരേട്ടൻ നാടുവിട്ടത് എന്ന് അമ്മ ഇടയ്ക്ക് പറഞ്ഞ് കേട്ടിട്ടുണ്ട്. കാശില്ലാതെ പോകുന്നതിനെ കള്ളവണ്ടി കയറി പോയി എന്നാണ് പറയുക. (മനുഷ്യരാണ് കാശ് കൊടുക്കാതെ പോകുന്നതെങ്കിലും പാവം തീവണ്ടിക്കാണ് കള്ളവണ്ടി എന്ന ചീത്തപ്പേര്)
അഹമദാബാദിൽ വെച്ച് ഓട്ടോറിക്ഷ ഇടിച്ച് കാലൊടിഞ്ഞ് നാട്ടിൽ വന്ന് കുറച്ച്കാലം കഴിഞ്ഞ് മൂത്ത ചേട്ടൻ (കുഞ്ഞാട്ടൻ) തിരിച്ചു പോകുന്നത് ഒരുക്കാലിൻ കുന്നിന് താഴെയുള്ള പള്ളിയുടെ അടുത്ത് താമസിക്കുന്ന ഉസ്മാനിക്കയുടെ കൂടെയാണ്. കൂടെ സുകുവേട്ടനേയും കൊണ്ടുപോയി. മനോഹരേട്ടൻ അപ്പോൾ ബോംബെയിൽ ആയിരുന്നുവെന്നും അതല്ല ഹൈദ്രാബാദിലാണെന്നും ഒക്കെയാണ് കേട്ട് കേൾവി. ഇടയ്ക്കെപ്പോഴോ അഹമദാബാദിലുള്ള മനോഹരേട്ടനെ കുന്ദംകുളത്തങ്ങാടില് ബസ് കേറാൻ പോയപ്പോൾ കണ്ടതായി കോട്ടപ്പുറത്തെ അപ്പുട്ടിയേട്ടൻ പറഞ്ഞുവെന്ന് തങ്കമ്മുടേത്തി അമ്മയോട് പറഞ്ഞതും അമ്മയത് അന്വേഷിച്ച് പോയതും, അന്നത്തെ കോലാഹലങ്ങളായിരുന്നു.
പോയതിന് നാലാം മാസം ഉസ്മാനിക്ക തിരിച്ചു വന്നു. അഹമദാബാദിൽ നിന്നും കൊടുത്തയച്ച ഒരു പാർസലുമായാണ് ഉസ്മനിക്ക വീട്ടിൽ വന്നത്, ഒരു ഉച്ചതിരിഞ്ഞ നേരം. അമ്മയുടെ കയ്യിൽ കൊണ്ടുവന്ന പൊതി കൊടുത്ത് ഏട്ടന്മാരുടെ വിശേഷം പറഞ്ഞ് ഉസ്മാനിക്ക പോയി. പൊതി തുറന്നപ്പോളതിൽ ടർക്കിയിൽ പൊതിഞ്ഞ കുറച്ച് സ്റ്റീൽ പ്ലെയ്റ്റുകളും ഗ്ലാസ്സുകളും കൂടെയൊരു കൊച്ചു പെട്ടിയും ഉണ്ടായിരുന്നു. സ്റ്റീൽ പാത്രങ്ങളാദ്യമായിട്ടാണ് വീട്ടിൽ വരുന്നത്. ശ്യാമളേച്ചിയാണ് പറയുന്നത് ആ പെട്ടിയിൽ പാട്ടും വർത്തമാനവുമൊക്കെ കേൾക്കാൻ പറ്റുമെന്ന്. വല്യമ്മോടത്തെ ഏട്ടന്മാരും കദീമടോടത്തെ കുഞ്ഞുമോനിക്കയും ഈ പാട്ടുപെട്ടി കൊണ്ടു വന്നിട്ടുള്ളത് താൻ കണ്ടിട്ടുണ്ടെന്ന് ശ്യാമളേച്ചി തറപ്പിച്ചു പറഞ്ഞു.
ശ്യാമളേച്ചി പറഞ്ഞത് കേട്ട് ഞാനും സുരേഷേട്ടനും വിലാസിനിയുമൊക്കെ ഞങ്ങളുടെ വീട്ടിലും പാട്ടുപെട്ടി വന്നതിൽ സന്തോഷം കൊണ്ടു. ഷീലയന്ന് വീട്ടിലെ കൊച്ചു കുട്ടിയാണ്. അവൾക്ക് കാര്യങ്ങളങ്ങനെ പിടികിട്ടിയിട്ടില്ല. സിനിമ കാണൽ കമ്പക്കാരനായിരുന്ന മനോഹരേട്ടനാണ് ആ കാലത്തെ ഏറ്റവും പ്രസിദ്ധയായ സിനിമാ താരത്തിന്റെ ഷീല എന്ന പേര് അവൾക്കിട്ടത്.
പിന്നീടാണ് കോതരയിലെ മേമയുടെ മോൻ നാരയണൻകുട്ടിയേട്ടൻ വിലാസിനിക്ക് ചേരുന്ന പേര് സുഹാസിനി ആയിരുന്നു എന്ന് പറഞ്ഞത്. ആ പേരിലും ഒരു സിനിമ നടി ഉണ്ടെന്ന് പറഞ്ഞ് ഷീലയുടെ പേര് മാറ്റി സുഹാസിനിയാക്കണം എന്നായി മൂപ്പര്. പക്ഷേ, മനോഹരേട്ടൻ ഷീലയിൽ ഉറച്ചു നിന്നു. അങ്ങനെ ഷീല സുഹാസിനിയായില്ല.
തിളങ്ങുന്ന സ്റ്റീൽ പാത്രവും ഗ്ലാസ്സുമെടുത്ത് അമ്മ അടുക്കളയിലേക്ക് പോയി. ഉമ്മറത്ത് വെച്ച പെട്ടിയ്ക്ക് ചുറ്റും വട്ടം തീർത്ത് അത് പ്രവർത്തിപ്പിക്കാനറിയാതെ, തൊട്ടാൽ നാശാവുമെന്ന് പേടിച്ച് ഞങ്ങളിരിക്കുമ്പോഴാണ്, അയലത്തെ കൊച്ചമ്മയുടെ വീട്ടിലേക്ക് ബന്ധുവായ കുമാരേട്ടൻ ഇടവഴിയിലൂടെ നടന്നു വരുന്നത് അടുക്കള്ളയിലെ ജനൽപ്പൊത്തിലൂടെ അമ്മ കാണുന്നത്. കുമാരേട്ടൻ പണ്ട് പുറം നാട്ടിലൊക്കെ പോയ ആളാണ് . “ഡാ കുമാരാ .. സുകു അഹമദാബാദ് ന്ന് പാട്ട് പാടണ പെട്ടി കൊടുത്തയച്ചിട്ടുണ്ട് ഇയ്യതൊന്ന് കുട്ടികൾക്ക് ശരിയാക്കി കൊടുത്തേ “യെന്ന് വിളിച്ചു പറഞ്ഞു: അമ്മ, കുമാരേട്ടനോട്.
“അത്യോ നോക്കട്ടേ “ന്ന് പറഞ്ഞ് അതിരിലെ കള്ളിവേലിക്കിടയിലൂടെ കുമാരേട്ടൻ ഞങ്ങടെ മുറ്റത്തേയ്ക്ക് ചാടി, തിണ്ണയിലേക്ക് കയറി ഇരുന്നു. മൂപ്പര് പെട്ടി കയ്യിലെടുത്ത് സൂക്ഷ്മനിരീക്ഷണം നടത്തി. മുന്നിലൊരു മുന്തിരി വലിപ്പള്ള കുന്ത്രാണ്ടമൊന്ന് തിരിച്ചു. പെട്ടിയുടെ മുകളിലെ ചെറിയ ചക്രത്തിന്റെ പാതിയിൽ പിടിച്ച് പിന്നിലേക്കും മുന്നിലേക്കും കറക്കി. അപ്പോൾ മുന്നിലെ ചില്ലു ഭാഗത്ത് ഒരു ചുവന്ന വടി നിരങ്ങി നീങ്ങി. ആ ചില്ലിൽ നിറയെ ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും വെളുപ്പിലും കറുപ്പിലും ചുവപ്പിലും എഴുതിയിട്ടുണ്ട്. ചുവന്ന വടി ഒരറ്റം മുട്ടുമ്പോൾ കുമാരേട്ടൻ പിന്നിലോട്ട് തിരിച്ച് മറ്റേ അറ്റത്തേയ്ക്ക് കൊണ്ടു പോകും. ഇടയ്ക്കൊന്ന് നിർത്തി ചെവിയിൽ ചേർത്ത് വെയ്ക്കും
പാട്ടിപ്പോൾ കേൾക്കാമെന്ന് ചെവി കൂർപ്പിച്ച ഞങ്ങൾക്ക് ആകാംഷയും നിരാശയും കൂടി വന്നു. പെട്ടി ഒന്നും തന്നെ മിണ്ടുന്നുണ്ടായിരുന്നില്ല അപ്പോൾ. പിന്നീടാണ് കുമാരേട്ടൻ പെട്ടിയെ മൂടിയ തോൽ കവർ ഊരിയെടുത്ത്, പിന്നാമ്പുറം തിരിച്ച് വെച്ച് തള്ളവിരലുകൊണ്ട് തള്ളിയൊരു അറ തുറന്നത്. ഉടനെ നാല് ചെറിയ ചുവപ്പ് ഉരുണ്ട കട്ടകൾ പെട്ടിയിൽ നിന്നും ഉതിർന്ന് താഴെ വീണ് ഉമ്മറത്തറയിൽ ഉരുണ്ട് ഓടിക്കളിച്ചു. ബാറ്ററി തിരിച്ചാണ് ഇട്ടത്. ഇത് ശരിയായി ഇട്ടാലേ റേഡിയോ പാടുകയുള്ളുവെന്ന് കുമാരേട്ടൻ ഞങ്ങൾക്ക് പറഞ്ഞു തന്നു. പെട്ടിയുടെ പേര് റേഡിയോ, പുറത്തേക്ക് ചാടിയത് ബാറ്ററി കുമാരേട്ടൻ ഓരോന്നും പറഞ്ഞു തരുന്നുണ്ട് കൂട്ടത്തിൽ.
നാല് ബാറ്ററി വെയ്ക്കാൻ അതിൽ സ്ഥലമുണ്ടോയെന്ന ഞങ്ങളുടെ അത്ഭുതത്തിലേക്ക് കുമാരേട്ടൻ അവ നാലും തിരുകി കയറ്റി. അറയടച്ചു. തിരിച്ചു വെച്ചു കുന്ത്രാണ്ടം പിന്നെയും തിരിച്ചു. ചക്രം കറക്കി. പിന്നെയും തിരിച്ചു, പിന്നെയും കറക്കി. തിരിച്ചു കറക്കി, കറക്കി തിരിച്ചു. അപ്പോൾ പര പര ശബ്ദത്തിൽ ചിതറി തിറമ്പിയ ഒരു പാട്ട് ചീളിൽ കുമാരേട്ടന് പിടുത്തം കിട്ടി. പിന്നെയതിനെ മൂപ്പര് ചെവിയിലേക്ക് ചേർത്ത് പിടിച്ച്, തിരിച്ച്, കറക്കി മെരുക്കിയെടുത്തു. മലയാളം തുടങ്ങാൻ കുറച്ച് കഴിയും ഇത് സിലോണാണെന്ന് പറഞ്ഞ്,
‘രാകേന്ദു കിരണങ്ങൾ ഒളി വീശിയില്ല രജനീ കദംബങ്ങൾ മിഴി ചിമ്മിയില്ല’ എന്ന പാട്ടിനെ വീട്ടിലെക്ക് വിളിച്ചു വരുത്തി, തിണ്ണയിലെ കാലിൽ കെട്ടിയിട്ടു മൂപ്പർ.
വീടിന്റെ മോന്തായത്തിൽ മേഞ്ഞ ഉണക്കോലകൾ സന്തോഷത്താൽ ഇളകിയാടി. അതിരിലെ മൂലയിൽ മുളം കൂട് ആ പാട്ടിന്റെ ഈണത്തിൽ സംഗീതമിട്ടു. വല്യച്ഛൻ പ്ലാവിലെ ഇലകൾ താളം പിടിച്ചു. മുറ്റത്തെ കൂവളം ചിരിച്ചു. അതിരിലെ പൂളമരം ഒരു മുനിയെ പോലെ ഗൗരവത്തിൽ മിണ്ടാതെ നിന്ന് കാതോർത്തു.
ഇതെല്ലാം കണ്ടും കേട്ടും അടുക്കളയിൽ നിന്നും വന്ന അമ്മ കട്ടള്ളപ്പടി ചാരി നിന്നിരുന്നു.
അഞ്ച് മണിക്ക് മലയാളം പരിപാടി കിട്ടും തിരുവനന്തപുരം സ്റ്റേഷനിൽ നിന്നും എന്ന് പറഞ്ഞ് ശ്വാമളേച്ചിക്ക് റേഡിയോ വെക്കേണ്ട വിധവും ശബ്ദം കൂട്ടേണ്ടതുമൊക്കെ പറഞ്ഞു കൊടുത്തു കുമാരേട്ടൻ. അമ്മ കൊടുത്ത കട്ടൻ ചായയും നാളികേരം ചിരകിയിട്ട അരിമണി വറുത്തതും കഴിച്ച് കുമാരേട്ടൻ ഇറങ്ങിപ്പോയി.
ഈ സിലോൺ എന്തായിരിക്കും സ്റ്റേഷൻ എന്ന് പറയുന്നത് എന്തിനെയായിരിക്കും, മലയാളമെന്നാൽ എന്താണ്, പരിപാടിയെന്തെന്നോ, തിരുവനന്തപുരം എന്ത് പൂരമെന്നോ അറിയാതെ പുതിയ കുറേ കാര്യങ്ങളെ കുറിച്ച് പറഞ്ഞു തന്ന കുമാരേട്ടന്റെ അറിവിനെ കുറിച്ച് വർത്തമാനം പറഞ്ഞിരുന്നു ഞങ്ങൾ. കാറ്റിലൊഴുകി വരും പോലെ കുറഞ്ഞും കൂടിയും ഒഴുകി വരുന്ന രാഗേന്ദുകിരണങ്ങളുടെ പതർച്ച കഴിഞ്ഞ് ചൂളം വിളിയിൽ ആരോ എന്തോ പറയുന്നത് മനസ്സിലാവാതെ അഞ്ചു മണിയാവാൻ ഞങ്ങളിരുന്നു. അപ്പോൾ മലയാളം പരിപാടി ഉണ്ടാവും എന്നാണ് കുമാരേട്ടൻ പറഞ്ഞിരിക്കുന്നത്. എന്തായിരിക്കും ഈ മലയാള പരിപാടി ഞങ്ങളോരുത്തരും തല പുകഞ്ഞാലോചിച്ചു.
അന്ന് അച്ഛൻ പണി മാറ്റി വരുമ്പോൾ, തെരഞ്ഞെടുത്ത ചലച്ചിത്രഗാനങ്ങൾ കേട്ട്, പുതിയ സ്റ്റീൽ കിണ്ണത്തിൽ ചോറുണ്ണുകയായിരുന്നു ഞങ്ങൾ.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Informative. Thank u