അയ്യപ്പനും കോശിയും – കൈയ്യൂക്കിന്റെ ആൺകോയ്മകൾ

0
453

പ്രസാദ് കാക്കശ്ശേരി

അയ്യപ്പനും വാവരും പോലെ ആണത്തം കൈകോർക്കുന്ന മറ്റൊരു മിത്തായി സിനിമാറ്റിക് ക്ലൈമാക്സിൽ നിർവൃതി അടയാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന സിനിമയാണ് അയ്യപ്പനും കോശിയും. ഏറെ നീട്ടിക്കൊണ്ടുപോയി പകയും പ്രതികാരവും കുത്തകയായ ആൺകോയ്മ രാഷ്ട്രീയത്തിൻറെ ആവർത്തനം എന്ന ഫലത്തിൽ താൽക്കാലികമായി ഫുൾസ്റ്റോപ്പ് ഇടേണ്ട ഗതികേടിൽ എത്തുന്നു സിനിമ. സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയിൽ അട്ടപ്പാടിയുടെ വിഹഗ ദൃശ്യം ക്യാമറക്കണ്ണിലൂടെ മനോഹരമാക്കുന്നുണ്ട്. അട്ടപ്പാടി ആണ് പശ്ചാത്തലം എങ്കിലും ആദിവാസി ജീവിതമോ പ്രകൃതിയ്ക്കേല്‍ക്കുന്ന ക്ഷതമോ ഉള്ള് പൊള്ളിക്കുന്ന അനുഭവങ്ങളായി സിനിമയിൽ അടയാളപ്പെടുന്നില്ല . ആധുനിക നാഗരികതയുടെ സൈനിക- നിയമ നടപടി ക്രമങ്ങളുടെ കേന്ദ്രമായ പോലീസ് സ്റ്റേഷനിലാണ് സിനിമ കേന്ദ്രീകരിക്കുന്നത്.

prasad kakkassery
പ്രസാദ് കാക്കശ്ശേരി

റിട്ടയേഡ് ഹവിൽദാർ കോശികുര്യനും എസ്. ഐ അയ്യപ്പൻ നായരും പ്രതിനിധാനം ചെയ്യുന്ന അഹന്തകൾ എല്ലാം അവരണിഞ്ഞ കുപ്പായത്തിലെ അധികാരചിഹ്നം മാത്രമാണ്. ഊട്ടിയിലേക്കുള്ള യാത്രാമധ്യേ മദ്യക്കുപ്പി സഹിതം റിട്ടയേഡ് ഹവില്‍ദാര്‍ കോശി കുര്യൻ അട്ടപ്പാടി എസ്.ഐ അയ്യപ്പന്‍നായരുടെ പിടിയിലാകുന്നു.

അവർ തമ്മിലുള്ള അടി പിടിയിൽനിന്ന് അഹന്തയുടെ,ആണധികാരത്തിന്റെ ഹിംസാത്മകത ഏറിയും കുറഞ്ഞും പകയും പ്രതികാരവുമായി സിനിമയിൽ ആവർത്തിച്ച് ദൃശ്യവത്കരിക്കുന്നു.വില്ലനും നായകനും ഒന്നാകുന്ന ആൺകോയ്മാ ചങ്കുറപ്പുള്ള ഡയലോഗുകൾ, സിനിമാറ്റിക് ചലനങ്ങൾ, മദ്യവും മുറുക്കും മത്സരിക്കുന്ന ലഹരി വീറുകൾ- സിനിമ ഒന്നടങ്കം ആണുങ്ങളുടെ കോർട്ടും ഗാലറിയും ആവുകയാണ്.

പിടിപാടും സ്വാധീനവും പണവും താൻപോരി മയുമുള്ള കോശി കുര്യൻ ഒരു ഭാഗത്ത്. പോലീസ് എന്ന പദവിയും രക്ഷക- ശിക്ഷക ഭാവങ്ങളിൽ നിറഞ്ഞുകവിയുന്ന, മുണ്ടൂര്‍ മാടന്‍ എന്ന നാട്ടാണ്‍ പാരമ്പര്യത്തിന്റെ വർദ്ധിത വീര്യമുള്ള അയ്യപ്പൻ നായർ ഒരുഭാഗത്ത് . ഇവരുടെ മെയ്വഴക്കവും ഉശിരും വാഗ്ധാടിയും ഉരസുമ്പോൾ തിയ്യറ്റർ ദൃശ്യാർത്ഥത്തിൽ കൈയ്യടി നേടുകയാണ് . പതിവുപോലെ ആണധികാരത്തിന്റെ ചിഹ്നങ്ങളായി കയ്യടിയും കൂവലും വാണിജ്യ സിനിമയുടെ ജയപരാജയങ്ങൾ ആയി ആയി നിർണ്ണയിക്കപ്പെടുന്നു.

പ്രധാനമായും മൂന്നു സ്ത്രീകളാണ് സിനിമയിലുള്ളത്. മദ്യം കിട്ടാതാകുമ്പോൾ ശാരീരിക -മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന കോശി കുര്യന് മദ്യം ഒഴിച്ചു കൊടുക്കാൻ ആവേശത്തോടെ എത്തുന്ന വനിതാ പോലീസ് .( സിനിമയിലത് ഹാസ്യം) കോശിയുടെ മൊബൈൽ ക്യാമറയില്‍ കുടുങ്ങി സസ്പെൻഷൻ നേരിടുമ്പോൾ , കുടുംബം പുലർത്താൻ ഈ യൂണിഫോമിൽ നിവർന്നുനിന്ന ആ പാവം സ്ത്രീ അശരണയാ വുകയാണ്. അവൾക്കൊപ്പം ഞെളിഞ്ഞു നിൽക്കാനാവുന്നില്ല ഒരു ആണ്‍കരുത്തിനും.

ayyappanum-koshiyum

മറ്റൊന്ന് തന്റേടിയും അത്രമേൽ തെമ്മാടിയുമായ കോശികുര്യന്റെ ഭാര്യയാണ്. രണ്ടു പെൺമക്കളെയും അപ്പുറവും ഇപ്പുറവും നിർത്തി ഒരു ബൊമ്മയെ പോലെ എല്ലാം സഹിച്ചു ജീവിക്കുന്ന സ്ത്രീ . കോശിയുടെയും അമ്മാനച്ഛന്റെയും മുന്നിൽവച്ച് പൊട്ടിത്തെറിക്കുമ്പോൾ അവൾക്ക് ഭർത്താവിൽ നിന്ന് കിട്ടുന്നത് ചെകിടത്തടിയാണ്. നിനക്കീ ഡയലോഗ് നേരത്തെയാവാമായി രുന്നില്ലേയെന്ന് ആൺ അഹന്ത ചെകിടത്തടിക്ക് ന്യായീകരണം. തടവിലുള്ള കോശികുര്യന് ക്രിസ്തുമസിന്റെ ഭക്ഷണവും കേക്കുമായി എത്തുന്ന ആ സ്ത്രീ പോകാൻ നേരത്ത് കൊണ്ടുവന്ന പാത്രം തിരികെ ചോദിക്കുന്നുണ്ട്. ‘വീട്ടുപകരണം ആയി തേഞ്ഞ് തീരാൻ’ വിധിക്കപ്പെട്ട ആ സ്ത്രീയെ പുച്ഛത്തോടെ പരിചരിക്കുകയാണ് . തന്റേടമുള്ള സ്ത്രീയായി കൊണ്ടാടുന്നു അയ്യപ്പൻ നായരുടെ ഭാര്യ കണ്ണമ്മ . ഗൗരി നന്ദ ചെയ്ത വേഷവും ഡയലോഗ് പ്രസന്റേഷനും ശ്രദ്ധേയം. ഒക്കത്ത് കുഞ്ഞിനെയെടുത്ത് ദൃശ്യപ്പെടുന്ന ആക്ടിവിസ്ററായ കണ്ണമ്മ നല്‍കുന്ന സൂചനയെന്ത്..?
ayappanum-koshiyum
അധികാരം,പദവി, തറവാടിത്തം, കോയ്മ എന്നീ പുരുഷാർത്ഥങ്ങളില്‍ നായകനും വില്ലനും ആയി പകർന്നാടുന്ന ആൺ ഹിംസാത്മകതയെ ആഘോഷിക്കുകയാണ് സിനിമ. ആഘോഷങ്ങൾക്കിടയിൽ ആദിവാസിയും മാവോയിസവും ഗോത്ര താളങ്ങളും ഫാഷൻ പരേഡ് റാമ്പിനപ്പുറം നിൽക്കുന്ന കഥകളി വേഷങ്ങൾ പോലെ ഇളിഭ്യമാവുന്നുണ്ട്. പൃഥ്വിരാജ് , ബിജുമേനോൻ, രഞ്ജിത്ത് എന്നിവരുടെ ആണധികാര ഭാവ ഹാവാദികൾ കമ്പോളത്തിൽ വിറ്റ് പോവുക തന്നെ ചെയ്യും . ദൃശ്യൗചിത്യം ഒഴിച്ച് നിര്‍ത്തിയാല്‍ സംഗീതസംവിധായകൻ ജേയ്ക്കും എഡിറ്റർ രഞ്ജൻ അബ്രഹാമും ഛായാഗ്രഹകൻ സുദീപും കലാ സാങ്കേതിക മികവോടെ സിനിമയെ മനോഹരമാക്കി .പക്ഷേ,മികവിലും തെളിയാതെ പോകുന്ന ജീവിതങ്ങളെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു ‘അയ്യപ്പനും കോശിയും ‘എന്ന സിനിമ.

പ്രസാദ് കാക്കശ്ശേരി
മൊബൈല്‍- 9495884210

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here