അഖിൽ എസ് മുരളീധരൻ
”ഏതൊരു പ്രദേശത്തെയും വികസന കാഴ്ചപ്പാടുകളില്‍ ആദ്യ തീരുമാനമെടുക്കേണ്ടത് ആ പ്രദേശത്തെ ജനങ്ങളാവണം, കര്‍ഷകരും ആദിമ നിവാസികളും അടങ്ങുന്ന തദ്ദേശീയ മനുഷ്യരാണ് പ്രകൃതിയെ സംരക്ഷിക്കുന്നവരും പരിപാലിക്കുന്നവരും. കാരണം അവര്‍ക്കാണ് മറ്റാരേക്കാളും ആ ഭൂമിയുടെ വിലയും അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയാവുന്നതും ”
– പ്രൊഫ:മാധവ് ഗാഡ്ഗില്‍
ആഗോള താപനത്തിന്‍റെ ഫലമായി കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും പശ്ചിമ ഘട്ട വനമേഖലക്ക് കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടയില്‍ സംഭവിച്ച ആഘാതങ്ങളും പഠിക്കുന്നതിനും അതിന്‍റെ സംരക്ഷണത്തിനും വേണ്ട മാര്‍ഗങ്ങള്‍ ആവിഷ്കരിക്കുന്നതിനും വേണ്ടി അന്നത്തെ യു പി എ മന്ത്രിസഭയിലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷിന്‍റെ നേതൃത്വത്തില്‍ വിദഗ്ധ സമിതികളുടെ ചര്‍ച്ചകളുടെ ഫലമായി 2010 ഫെബ്രുവരി 9ന് നീലഗിരിയിലെ കോത്തഗിരിയില്‍ നടന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ സമ്മേളനത്തിലാണ് പശ്ചിമഘട്ട പഠനത്തിനായി ഒരു സമിതിയെ നിയോഗിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
2010 മാര്‍ച്ചുമാസം നാലാം തീയതി പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായി ഒരു പതിനാലംഗ സമിതി നിയോഗിക്കപ്പെട്ടു. ബി ജെ കൃഷ്ണന്‍, ഡോ കെ എന്‍ ഗണേശയ്യ, ഡോ വി എസ് വിജയന്‍, പ്രൊഫ റെനീ ബോര്‍ഗസ്സ്, പ്രൊഫ ആര്‍.സുകുമാര്‍, ഡോ.ലിജിയ നെറോണ, വിദ്യ എസ്സ് നായക്, ഡോ ഡി കെ സുബ്രഹ്മണ്യം, ഡോ ആര്‍ വി .വര്‍മ, പ്രൊഫ.സി പി ഗൌതം, ഡോ.ആര്‍ ആര്‍.നവല്‍ഗുണ്ട്, ഡോ ജി വി സുബ്രഹ്മണ്യം എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍
*പശ്ചിമ ഘട്ട മേഖലയിലെ നിലവിലുള്ള പാരിസ്ഥിതിക സ്ഥിതി വിശകലനം ചെയ്യുക.
*1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച് പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിതി ലോല പ്രദേശങ്ങള്‍ കണ്ടെത്തി അതിരുകള്‍ അടയാളപ്പെടുത്തുക.
*ജനങ്ങളുമായി ചേര്‍ന്നുള്ള സംരക്ഷണ പുനരുജ്ജീവന പ്രവര്‍ത്തങ്ങള്‍ക്ക് ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുക.
*പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം ഇന്ത്യാ ഗവര്‍മെന്റ് ന്‍റെ വനം പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപനം നടത്തുന്നതിനായി കാര്യക്ഷമമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക.
*പശ്ചിമ ഘട്ടത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയതിന്റെത് അടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കുക.
*കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ വാസികളും അടങ്ങുന്ന ഒരു സമിതിയുടെ പിന്തുണയോടെയുള്ള ക്രിയാത്മകമായ സംരക്ഷണ അതോറിറ്റി രൂപീകരിക്കാനുള്ള നടപടി ക്രമങ്ങള്‍ ശുപാര്‍ശ ചെയ്യുക.
*പശ്ചിമ ഘട്ട മേഖലയില്‍ പുതിയ ഖനനാനുമതി സംബന്ധിച്ച മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനുള്ള ശുപാര്‍ശകളും സമിതിയുടെ മേല്‍നോട്ടത്തില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.
തുടര്‍ന്ന് വളരെയധികം പഠനങ്ങളുടെയും വിപുലമായ സ്ഥലപരിശോധനകളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തില്‍ പശ്ചിമ ഘട്ടത്തെ മുഴുവന്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി സമിതി നിര്‍ദ്ദേശിക്കുകയും അതിനെ വ്യത്യസ്ത മേഖലകളായി തിരിച്ച് ശാസ്ത്രീയമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയുമാണ് മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതി ചെയ്തത്. 2011 ഓഗസ്റ്റ് 31ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കപ്പെട്ടു.
പശ്ചിമഘട്ടത്തിന്‍റെ അതിരുകള്‍ നിര്‍ണ്ണയിക്കുക, പരിസ്ഥിതി ലോല മേഖലകള്‍ കണ്ടെത്തുക, വികസന മാതൃകകള്‍ ആവിഷ്കരിക്കുക എന്നീ മൂന്നുകാര്യങ്ങളും ഗാഡ്ഗില്‍ ശ്രദ്ധയോടെ പരിഗണിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കപ്പെട്ടതുമുതല്‍ അതിനെതിരെ ശക്തമായ സമരങ്ങള്‍ അരങ്ങേറി. ഏറ്റവുമധികം പ്രതിക്ഷേധങ്ങള്‍ ഉണ്ടായത് കേരളത്തിലാണ്. സമിതി വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദീര്‍ഘകാലം മന്ത്രാലയം പ്രസിദ്ധീകരിക്കാതെ സൂക്ഷിക്കുകയും അതിനെ തുടര്‍ന്ന് വിവരാവകാശ നിയമത്തിലൂടെ പുറത്ത് കൊണ്ടുവരികയുമാണ് ചെയ്തത്. വിവാദങ്ങള്‍ക്ക് തുടക്കം അവിടെ നിന്നുമായിരുന്നു. റിപ്പോര്‍ട്ട് നടപ്പില്‍ വന്നാല്‍ പശ്ചിമ ഘട്ട മേഖലയിലെ ഭൂമി വിലയില്‍ കാര്യമായ ഇടിവ് ഉണ്ടാകുമെന്നും, നിര്‍മ്മാണ പ്രവത്തനങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പൊതു ഭൂമി സ്വകാര്യ വല്ക്കരിക്കാന്‍ പാടില്ലെന്ന ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശം ഭൂമിയുടെ പുനര്‍ വില്പനക്ക് എതിരാണെന്നും. ഭൂരഹിതരുടെ ഉടമസ്ഥാവകാശത്തെ ബാധിക്കുമെന്നും വാദിക്കപ്പെട്ടു.
ഗാഡ്ഗില്‍ സമിതിയില്‍ പരിസ്ഥിതി മൌലിക വാദികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പത്രങ്ങള്‍ അടക്കം റിപ്പോര്‍ട്ടു ചെയ്തത് .അഥവാ കയ്യേറ്റക്കാരായ വന്‍കിട മുതലാളിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഒത്താശയോടെ ഇളക്കിവിട്ട സമരം പതുക്കെ ഒരു പ്രാദേശിക പ്രശ്നം എന്ന നിലയില്‍ നിന്നും സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ക്കുസാധിച്ചു. കര്‍ഷകരുമായി ഒരു ചര്‍ച്ചയും സമിതി നടത്തിയിട്ടില്ലെന്ന് സമരക്കാര്‍ വാദിച്ചു.
കേരള നിയമസഭയേയും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രക്ഷുബ്ധമാക്കി .പള്ളികളില്‍ സര്‍ക്കാരിനെതിരെ ഇടയ ലേഖനങ്ങള്‍ പ്രത്യേക്ഷപ്പെട്ടു. വിശ്വാസികള്‍ ഒന്നിക്കണമെന്ന പുരോഹിതരുടെ ആഹ്വാനം സമരത്തിന് കൂടുതല്‍ കരുത്തുനല്‍കി .ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്മേല്‍ തങ്ങളുടെ വിയോജനക്കുറിപ്പുകള്‍ കേന്ദ്രത്തെ അറിയിച്ചു. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാം തന്നെ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ എതിര്‍ത്തു. പരിസ്ഥിതി സംഘടനകളെ വികസന വിരോധികളായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ എല്ലാ മേഖലകളിലുമുണ്ടായി.
2013 ഒക്ടോബര്‍മാസം ഇടുക്കിയിലും വയനാട്ടിലും LDF ഹര്‍ത്താലുകള്‍ നടത്തി. സര്‍വ കക്ഷി യോഗങ്ങള്‍ ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു നിന്നു. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് സംബന്ധിച്ച് കസ്തുരി രംഗന്‍ കമ്മറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള കേന്ദ വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നീക്കത്തില്‍ പ്രതിക്ഷേധിച്ചായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ഹര്‍ത്താല്‍ ആഹ്വാനം. പിന്നീട് പല ഘട്ടങ്ങളിലായി ഭരണ കക്ഷിയായ യു ഡി എഫും ഹര്‍ത്താലുകള്‍ നടത്തി.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രതിക്ഷേധങ്ങള്‍ കണക്കിലെടുത്ത് 2012 അഗസ്ത് 17ന് കസ്തൂരി രംഗന്‍ കമ്മീഷനെ നിയോഗിച്ചു. 2013 ഒക്ടോബര്‍ 14 ന് റിപ്പോര്‍ട്ട് അംഗീകരിക്കുകയും നവംബര്‍ 13ന് അന്നത്തെ യുപിഎ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ വന്നു. എന്നാല്‍ വീണ്ടും രണ്ടാമത്തെ കമ്മീഷന് എതിരെയും സമരങ്ങള്‍ ആരംഭിക്കുകയും റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥ വരികയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ പശ്ചിമ ഘട്ടത്തിലെ സാധാരണ കര്‍ഷകരുടെ ആശങ്ക പരിഹരിക്കുന്നതിനോ രാഷ്ട്രീയക്കാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ യാതൊരു താല്‍പര്യവും ഒരുകാലത്തും ഉണ്ടായിരുന്നില്ല. കയ്യേറ്റക്കാര്‍ക്കും വന്‍കിട എസ്റ്റേറ്റ് മുതലാളിമാരുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാധാരണക്കാരായ ജനങ്ങളെ ഉപയോഗിക്കുകയായിരുന്നു അവര്‍ ചെയ്തത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മാധവ് ഗാഡ്ഗിൽ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കുകയും ആദ്യത്തെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്ന 164280 ചതുരശ്ര കിലോ മീറ്റര്‍ വന ഭൂമിയില്‍ വെറും 6000 ചതുരശ്ര കിലോമീറ്റര്‍ മാത്രം സംരക്ഷിത പ്രദേശമായി നിഷ്കര്‍ഷിക്കുകയും ചെയ്തു. മാത്രമല്ല പശ്ചിമ ഘട്ടത്തില്‍ തുടര്‍ന്നുവന്ന ഖനന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ട യാതൊരു നടപടിയും കൈക്കൊണ്ടാതുമില്ല.
വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കേന്ദ്രത്തിന്‍റെ പരിഗണനയില്‍ രണ്ടു റിപ്പോര്‍ട്ടുകളും ഇരിക്കെ തന്നെ കേരളവും കര്‍ണാടകയും മഹാരാഷ്ട്രയും അടക്കമുള്ള പശ്ചിമ ഘട്ട മേഖലകള്‍ വന്‍ പാരിസ്ഥിതിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. കേരളത്തെ ചെറുതും വലുതുമായ രണ്ടു പ്രളയങ്ങള്‍ ബാധിക്കുകയും അത് നമ്മുടെ സാമ്പത്തിക വ്യവസ്ഥയില്‍ വലിയ ആഘാതം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. ആഗോള കാലാവസ്ഥാ മാറ്റം തന്നെയാണ് അതിന് കാരണമെങ്കിലും നമ്മുടെ പ്രകൃതി നാശം അതിന് ആക്കം കൂട്ടി എന്ന് പറയേണ്ടി വരും. തെറ്റായ വികസന മാതൃകകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ വരും കാലങ്ങളില്‍ വലിയ വെല്ലുവിളി ആകുമെന്ന് തീര്‍ച്ചയാണ്. ശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങളും പ്രകൃതി സംരക്ഷണ നിയമങ്ങളും പ്രായോഗികമായി നടപ്പാക്കിയാല്‍ മാത്രമേ താല്‍ക്കാലികമായെങ്കിലും അടുത്ത വര്‍ഷങ്ങളില്‍ കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് അതിജീവനം സാധ്യമാകൂ….