കോഴിക്കോട്: ‘ഓത്തുപള്ളി’യുടെ ഗായകന് സംഗീതലോകത്ത് 50 വയസ്സ് തികയുന്നു. ഇതിനോടനുബന്ധിച്ച് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയായ വടകര എഫാസിന്റെ ആഭിമുഖ്യത്തില്‍ വിടി മുരളിയുടെ പാട്ടു ജീവിതത്തിന്റെ അമ്പതാണ്ട് 19, 20 തിയ്യതികളിലായി ആഘോഷിക്കുന്നു. ജനുവരി 19ന് വൈകിട്ട് 5 മണിയ്ക്ക് വടകര ടൗണ്‍ഹാളില്‍ വെച്ച് സാഹിത്യകാരന്‍ ടി പത്മനാഭന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. സംഗീത നാടക അക്കാദമി, ചലച്ചിത്ര അക്കാദമി, ഫോക് ലോര്‍ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്വാതി തിരുന്നാള്‍ സംഗീത കോളേജിലെ വിദ്യാര്‍ത്ഥിയായിരിക്കെ 22-ാം വയസ്സിലാണ് വി.പി മുഹമ്മദിന്റെ തേന്‍തുള്ളി എന്ന സിനിമയ്ക്ക് വേണ്ടി ‘ഓത്ത് പള്ളിയില്‍ അന്നുനമ്മള്’ എന്ന ഗാനം പാടിയത്. വിടി കുമാരന്റെ സുഹൃത്തായ പി.ടി അബ്ദുറഹ്മാന്റേതായിരുന്നു വരികള്‍. ഒരു പാട്ടിനെക്കുറിച്ച് 35പേരുടെ ഗൃഹാതുരത സ്മരണകള്‍ പുസ്തകമായി ഇറങ്ങി എന്ന അത്യപൂര്‍വതയും ഈ ഗാനത്തിന് സ്വന്തമാണ്. ഈ ഗാനം പാടാന്‍ വേണ്ടി മാത്രം അനേകം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനും വിടി മുരളിക്ക് സാധിച്ചിട്ടുണ്ട്.
ജനുവരി 20 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ വിടി മുരളിയെ ആദരിക്കും.