അന്തർദേശീയ തലത്തിൽ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് തിരക്കഥ ഒരുക്കി പ്രദർശനത്തിനെത്തിച്ച ചലച്ചിത്രത്തിനുള്ള ലോക റെക്കോർഡിന് മലയാളത്തിന്റെ വിശ്വഗുരു അർഹമായി. അമ്പത്തൊന്ന് മണിക്കൂറും രണ്ട് സെക്കന്റുമാണ് റെക്കോർഡ് സമയം. നിലവിലുണ്ടായിരുന്ന എഴുപത്തൊന്ന് മണിക്കൂറും പത്തൊമ്പത് മിനിട്ടും കൊണ്ട് പൂർത്തിയാക്കിയ ‘മംഗളമന’ എന്ന ശ്രീലങ്കൻ ചിത്രത്തിന്റെ റെക്കോർഡ് ആണ് വിശ്വഗുരു തിരുത്തിയത്. ശ്രീനാരായണഗുരുവിന്റെ ജീവിതദർശനങ്ങളും ശിവഗിരിമഠത്തിലെ ജീവിത സന്ദർഭങ്ങളും തന്മയത്വത്തോടെ വിളക്കിച്ചേർത്താണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചലച്ചിത്രം ഒരുങ്ങിയത്. ഗുരുവിനെ സന്ദർശിച്ച മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, സന്തതസഹചാരികളായ ഡോ. പൽപു, മഹാകവി കുമാരനാശാൻ, വിനോഭബാവ തുടങ്ങിയ ചരിത്ര കഥാപാത്രങ്ങളും ചലച്ചിത്രത്തിലുണ്ട്. ജാതിമത ചിന്തകൾക്കതീതമായി ഏകലോകദർശനം സൃഷ്ടിച്ച ശ്രീനാരായണഗുരുവിനെയാണ് വിശ്വഗുരു അടയാളപ്പെടുത്തുന്നത്.
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് എ.വി അനൂപ് നിർമിച്ച വിശ്വഗുരുവിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് , ബാല്യകാല സഖി എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ പ്രമുഖ നാടക-ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂരാണ്.
സംവിധായകനും ജൈവകാർഷിക സംവിധായകനുമായ വിജീഷ് മണി പ്രഥമ ചലച്ചിത്രത്തിലൂടെയാണ് ഈ ഗിന്നസ് റെക്കോർഡിന് അർഹനായത്. ലോകനാഥൻ ഛായാഗ്രഹണവും, പട്ടണം റഷീദ് ചമയവും, ഇന്ദ്രൻസ് ജയൻ വസ്ത്രാലങ്കാരവും, സച്ചിദാനന്ദ സ്വാമികൾ സർഗ്ഗാത്മക നിർദ്ദേശവും നിർവഹിച്ച ചിത്രത്തിൽ നാടക-ചലച്ചിത്ര രംഗത്തെ അറുപതോളം അഭിനേതാക്കൾ തത്സമയ കാസ്റ്റിംഗിലൂടെ കഥാപാത്രങ്ങളായി. നവതി ആഘോഷിക്കുന്ന മലയാള സിനിമയ്ക്കുള്ള കാണിക്കയാണ് വിശ്വഗുരുവിന് ലഭിച്ച ഈ ലോക റെക്കോർഡ് എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
Good..congratulations ajayakumar a v kannur