സിനിമ
വിഷ്ണു വിജയൻ
ഗ്രാമീണ ജീവിതങ്ങളെ കുറിച്ചുള്ള കഥ പറയുന്ന അനേകായിരം സിനിമകൾ ഇതിനോടകം എല്ലാ ഇന്ത്യൻ ഭാഷകളിലും ഇറങ്ങിയിട്ടുണ്ട് എന്നാൽ ഇന്ത്യൻ ഗ്രാമങ്ങളുടെ അടിത്തറയായി വർത്തിക്കുന്ന ജാതീയതയെ കുറിച്ച് കാര്യമായി ഒന്നും പറയാതിരിക്കാൻ അവ ബോധപൂർവം ശ്രമിക്കാറുണ്ട്.അതുപോലെ തന്നെ ഇന്ത്യയിൽ മറ്റെല്ലാ ഇടങ്ങളെയും പോലെ സിനിമ എന്ന മാധ്യമവും ജാതിയെ, അതിന്റെ പ്രിവിലേജുകളെ ആഘോഷമാക്കുന്നതിൽ ഒട്ടും പിന്നിലല്ല എന്ന് മാത്രമല്ല ജാതീയത എന്ന വിപത്തിനെ അഡ്രസ് ചെയ്യാതിരിക്കാനും അവ ബോധപൂർവം ശ്രമിക്കാറുണ്ട്. എന്നിരുന്നാലും അതിൽ നിന്ന് വ്യത്യസ്തമായ സിനിമകൾ പലപ്പോഴായി ഇറങ്ങിയിട്ടുണ്ട്. എന്നാൽ ആ ഗണത്തിൽ മാരി സെൽവരാജ് നടത്തിയ ഇടപെടൽ ഒരു ബെഞ്ച് മാർക്ക് ആണ്, പരിയേറും പെരുമാൾ എന്ന അദ്ദേഹത്തിന്റെ ആദ്യ സിനിമ അതിൽ വരുത്തിയ ഇംപാക്ട് അത്ര ചെറുതല്ല. അത് ഉയർത്തി വിട്ട രാഷ്ട്രീയം,
ചർച്ചകൾ ഇപ്പോഴും തുടരുന്നത് അതുകൊണ്ട് തന്നെയാണ്. സ്കൂൾ പാഠപുസ്തകത്തിലും, യൂണിവേഴ്‌സിറ്റി സിലബസിലും വരെ (പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റ് Post Graduate Syllabus, Dalit Literature paper) അത് നീണ്ടു കിടക്കുന്നു.
പരിയേറും പെരുമാൾ ഇറങ്ങി മൂന്നു വർഷം തികയുന്നു.
ഡയറക്ടർ മാരി സെൽവരാജ് ഒരിക്കൽ പറയുകയുണ്ടായി,
പരിയേരും പെരുമാളിൻ്റെ കഥ ആരുടെ അടുത്ത് പോയി പറഞ്ഞാലും ആദ്യത്തെ സീൻ പറഞ്ഞു കഴിയുമ്പോഴേക്കും മറുപടി വരും.
തമ്പി വേറെ എന്തെങ്കിലും കഥയുണ്ടെങ്കിൽ പറയൂ എന്ന്.
എന്നാൽ ആദ്യ സീൻ പറഞ്ഞപ്പോൾ തന്നെ ഇനി കഥയൊന്നും പറയേണ്ട സിനിമ ഞാൻ ചെയ്തോളാം എന്ന് പറഞ്ഞത് രഞ്ജിത്ത് അണ്ണനാണ് (പാ. രഞ്ജിത്ത്) എന്ന്. ഒടുവിൽ പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻ ബാനറിൽ പരിയേരും പെരുമാൾ സംഭവിച്ചു.
സിനിമ കണ്ടിട്ട് അഭിപ്രായം പറഞ്ഞ ആളുകളിൽ ഓർമ്മയിലുള്ള എതെങ്കിലും സംഭവമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്.
ഡാർജിലിംഗിൽ നിന്ന് ഒരു ഐഎഎസ് ഓഫീസർ വിളിച്ചിരുന്നു,
അവിടെ തീയേറ്ററിൽ പരിയേരും പെരുമാൾ റിലീസ് ആയില്ല, യൂട്യൂബിൽ സിനിമയുടെ റിവ്യൂ കണ്ട് സിനിമ കാണാൻ തൻ്റെ ഫാമിലിയുമായി ചെന്നൈയിലെത്തി പടം കണ്ട് എന്നെ വിളിച്ചു.
അദ്ദേഹം പറഞ്ഞത് ഇത് എന്റെ കഥയാണ് നിങ്ങൾ ചെയ്തു വെച്ചിരിക്കുന്നതെന്നാണ്, സിവിൽ സർവ്വീസിൽ എത്തുന്നതിനു മുൻപ് വരെ അദ്ദേഹം കടന്നു പോയ ജീവിതമാണ്, ഞാൻ എന്റെ സിനിമയിൽ പറഞ്ഞു വെച്ചിരിക്കുന്നതെന്ന്.
അതെ പരിയേറും പെരുമാൾ ഇങ്ങനെ ഒരുപാട് മനുഷ്യരുടെ പറയാതെ വിട്ടു പോയ കഥയാണ്.
മാരി സെൽവരാജിന് അവാർഡ് സമ്മാനിച്ച്
മുംബൈയിൽ അനുരാഗ് കശ്യപ് ഇങ്ങനെ ചോദിക്കുകയുണ്ടായി,
ഇത് നിങ്ങളുടെ ആദ്യ ചിത്രമാണ്? എങ്ങനെയാണ് നിങ്ങൾ അത്തരമൊരു സിനിമ സംവിധാനം ചെയ്തത് എന്ന് ?
മാരി സെൽവരാജ് നൽകിയ മറുപടി,
‘ഇത് എന്റെ ജീവിതമാണ് സർ’ എന്നാണ്.
അധികം ആരും പറയാത്ത കഥകളെ, കേൾക്കാൻ ആഗ്രഹിക്കാത്ത ജീവിതങ്ങളെ മുഖ്യധാരയിൽ കൃത്യമായി അടയളാപ്പെടുത്തി എന്നത് തന്നെയാണ് പരിയേറും പെരുമാളിനെ വ്യത്യസ്തമാക്കുന്നത്.
മാരി സെൽവരാജ് ഇനി എത്രയെത്ര സിനിമ ചെയ്താലും പരിയേറും പെരുമാളിന്റെ തട്ട് താഴ്ന്നു തന്നെയിരിക്കും
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.