റഫീക്ക് ഇബ്രാഹിം
ഏത് ദാരുണ സംഭവത്തിന്റെയും തുടർവ്യവഹാരങ്ങളിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം സ്ഥാപിച്ചെടുപ്പെടാനുള്ള മൗനസമ്മതം നൽകാൻ നാം ശീലിച്ചിരിക്കുന്നു.
സോ കോൾഡ് ധാർമ്മിക രോഷത്തിനൊരു തരക്കേടുണ്ട്. ഞാനതിന് പുറത്താണെന്ന , എന്റെ കൈകൾ ശുദ്ധമാണെന്ന , അപാരമായ ആത്മവിശ്വാസത്തിൽ നിന്നാണ് ധാർമ്മിക രോഷം പൊട്ടിപ്പുറപ്പെടുന്നത്. സ്വാഭാവികമായ മാനുഷിക പ്രക്രിയകളായതിനെ കണക്കാക്കാമെങ്കിലും ധാർമ്മിക രോഷത്തിന്റെ മണ്ഡലം അറിയാതെയെങ്കിലും വെറുപ്പിന്റെ രാഷ്ട്രീയത്തിന് കൊയ്യാൻ വളക്കൂറുള്ള മണ്ണൊരുക്കുന്നുണ്ട്. മെറ്റീരിയൽ അനാലിസിസിന്റെ അന്തകനാണത്. രാഷ്ട്രീയക്കാരോടുള്ള സർവ്വ പുച്ഛം തൊട്ട് കുടിയേറ്റക്കാരോടുള്ള വെറുപ്പ് വരെ നീളുന്ന കഴിഞ്ഞ രണ്ട് ദിവസത്തെ ധാർമ്മിക രോഷത്തിന്റെ ഫലപ്രാപ്തി കൂടിയാണ് കുമ്മനത്തിന്റെ ഫാൻസി ഡ്രെസ് മുതൽ വിരേന്ദർ സെവാഗിന്റെ കണ്ടുപിടുത്തങ്ങൾ വരെ.
ഒരിക്കലും ഒരാധുനിക സമൂഹത്തിൽ സംഭവിച്ചു കൂടാത്ത ഒരു കൃത്യം സംഭവിച്ചിരിക്കുന്നു. ഒരു ജനത എന്ന നിലയിൽ കേരള മോഡൽ വികസനത്തിന്റെ അടിസ്ഥാന വൈരുധ്യങ്ങളിലേക്ക് നോട്ടം പായിക്കാനും അടിയന്തരമായി തിരുത്തേണ്ടവ തിരുത്താനുള്ള രാഷ്ട്രീയ സമ്മർദ്ദമുയർത്താനും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സന്ദർഭമാണ് അതിന്റെ തുടർ വ്യവഹാരങ്ങൾ. അങ്ങനെയേ ആ രക്തസാക്ഷിത്വത്തോട് നീതി പുലർത്താൻ പറ്റൂ. അവിടെക്കൂളിയിട്ടിറങ്ങുന്ന കഴുകൻ കണ്ണുകളെ ആട്ടിയോടിച്ചു കൊണ്ട് നാം നമ്മോട് തന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങൾ അട്ടപ്പാടിയിലെ 27 വയസുകാരന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്.
ട്രൈബൽ സൊസൈറ്റിയെ സംബന്ധിച്ച് സ്റ്റേറ്റിനോ സിവിലൈംസിംഗ് സൊസൈറ്റിക്കോ ഉള്ള അടിസ്ഥാന ധാരണകളിൽ തന്നെ പിശകുകളുണ്ട്.
- നമുക്ക് കേരളത്തിലെവിടെയെങ്കിലും ഒരു ആദിവാസിയെ കാണാൻ പറ്റുമോ.? സാധ്യമല്ല. നമ്മൾ കാണുന്നത് കുറിച്യർ, കുറുമർ, മുള്ളുക്കുറുമർ, കാട്ടുനായ്ക്കർ, പണിയർ എന്നിങ്ങനെ വ്യത്യസ്ത നരവംശ പ്രകൃതമുള്ള വിഭാഗങ്ങളെയാണ്.ഇവരെ മുഴുവൻ ചേർത്ത് ആദിവാസി എന്ന അബ്സ്ട്രാക്റ്റ് ഫ്രെയിമുണ്ടാക്കി അതിനുള്ളിൽ വെച്ചിവരെ വിലയിരുത്തുകയാണ് ചെയ്യുന്നത്.സമ്പൂർണ അബദ്ധമാണാ രീതിശാസ്ത്രം.ഓരോ വിഭാഗത്തിന്റെയും സാമൂഹ്യശാസ്ത്രപരമായ സവിശേഷതകൾ വ്യതിരിക്തമാണ്. വയനാട്ടിലെ ആദിവാസി എന്നതിൽ കുറിച്യരും പണിയരും ഉൾപ്പെടും. കുറിച്യരും പണിയരും തമ്മിൽ യാതൊരു സമാനതകളുമില്ല എന്നത് പോട്ടെ പണിയരിൽ തന്നെ നിലമ്പൂർ, വയനാട്, കൊട്ടിയൂർ പ്രദേശങ്ങളിൽ താമസിക്കുന്ന പണിയരിൽ തന്നെ പ്രത്യക്ഷത്തിൽ വ്യത്യാസങ്ങളുണ്ട്. ഭാഷ പോലും വേറെയാണ്. എന്റെ അച്ഛന്റെ പേര് വെളളൻ എന്നാണെന്ന് നിലമ്പൂരിലെ പണിയർ “എന്നപ്പന പേരു വൊള്ളലാ..” എന്ന് പറയുമ്പോൾ “എന്ന അപ്പനെ പേരു വൊള്ള ആഞ്ചു ” എന്നാണ് വയനാടുകാരൻ പറയുക. ആദിവാസി ജനസംഖ്യയിൽ 44.7 ശതമാനം വരുന്ന പണിയരെക്കുറിച്ചും അവരുടെ ജീവിതശൈലിയെക്കുറിച്ചും പോലും നമുക്ക് വലിയ ധാരണയൊന്നുമില്ല.(പി.സോമശേഖരൻ നായരുടെ പണിയർ എന്ന പുസ്തകം മാറ്റി നിർത്തിയാൽ ആധികാരികമായ പഠനങ്ങൾ പോലുമില്ല ) ആദിവാസി എന്ന ഒറ്റ കാറ്റഗറിയിൽ കേറിപ്പോകുന്നവയല്ല ഇവരൊന്നും. ഒറ്റ തളപ്പിൽ കൈകാര്യം ചെയ്യാവുന്ന ഇഷ്യൂസല്ലെന്നർത്ഥം.
- കഴിഞ്ഞ പത്തു മുപ്പത് വർഷം കൊണ്ട് കുറിച്യർ സോഷ്യൽ മൊബിലിറ്റി നേടിയ, ലോവർ മിഡിൽ ക്ലാസിന്റെ ജീവിത സാഹചര്യത്തിൽ നിന്ന് വിഭിന്നമല്ലാത്ത ,ഒരു ഗ്രൂപ്പായി മാറിയിട്ടുണ്ട്. കെ.പാനൂർ 1963 ൽ കേരളത്തിലെ ആഫ്രിക്കയെഴുതുമ്പോൾ കണ്ണവം കാട്ടിലെ കുറിച്യരുടെ അവസ്ഥയെന്താണെന്ന് പുസ്തകം മറിച്ചു നോക്കിയാൽ കാണാം.”വിദ്യഭ്യാസം ചെയ്യുന്നത് പാപമാണ്, കുട്ടികൾ എഴുത്തും വായനയും പഠിച്ചാൽ ദൈവം കോപിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന ഈ ശുദ്ധാത്മാക്കൾ……..” എന്നിങ്ങനെ പോകുന്നു. ഇന്നത്തെ കുറിച്യരുടെ അവസ്ഥയിൽ ഇത് ഒട്ടുമേ ആപ്റ്റല്ല. സ്കൂൾ/കോളജ് വിദ്യാഭ്യാസം പൂർത്തീകരിക്കുന്ന കഴിയും വിധം മത്സരപ്പരീക്ഷകളിൽ പങ്കെടുത്ത് സർക്കാർ ജോലി നേടാൻ ശ്രമിക്കുന്ന അതിന് കഴിയാത്തവർ കൃഷി മുതൽ ഡ്രൈവർ ഉദ്യോഗം വരെ ചെയ്യുന്ന സാധ്യമായ തരത്തിൽ ആധുനികമായ ജീവിതരീതികളെ പിന്തുടരുന്നവരാണവർ. അവരുടെ ഭാഷ, ആചാര രീതികൾ, ശുദ്ധാശുദ്ധ സങ്കൽപ്പം എന്നിവയൊക്കെ ഒട്ടു മിക്കതും പോയി മറഞ്ഞു ( അത് ശരിയോ തെറ്റോ എന്നത് വേറെ കാര്യം). മുഖ്യധാരാവത്കരിക്കപ്പെട്ടു എന്ന് പറയാം. പണിയരുടെ അവസ്ഥയാവട്ടെ പാനൂർ ചൂണ്ടിക്കാട്ടുന്നതിൽ നിന്ന് മാറിയിട്ടില്ല എന്നു മാത്രമല്ല കുറെക്കൂടി ശോചനീയവുമാണ് (വള്ളിയൂർക്കാവിലെ ക്ഷേത്രോത്സവച്ചന്തയിൽ അടിമകളായി വിൽക്കപ്പെട്ടിരുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടത് മാറ്റി നിർത്തിയാൽ ആ അധ്യായം ഇന്നും ഇവിടെ ആപ്റ്റാണ് )
- എന്തായിരിക്കാം ഈ അവസ്ഥയുടെ കാരണം.ഭരണകൂടം ആവിഷ്കരിച്ച സഹായപദ്ധതികളുടെ ഗുണഭോക്താക്കളായി കുറിച്യർക്ക് മാറാൻ പറ്റി എന്നും മുഴുവൻ പദ്ധതികളും പണിയരുടെ തലക്ക് മുകളിലൂടെ നിലം തൊടാതെ പോയി എന്നും നമുക്ക് ഒറ്റനോട്ടത്തിൽ കാണാം.ഇത് വ്യത്യസ്ത വിഭാഗങ്ങളുടെ സാമൂഹ്യ ശാസ്ത്ര-ഉത്പാദനപര സവിശേഷതകളെ സാമാന്യവത്കരിച്ചതിന്റെ ഫലമാണ്. വ്യത്യസ്തതളെ സവിശേഷമായി പഠിച്ച് അതിനനുസൃതമായ പദ്ധതികൾ തയ്യാറാക്കിയേ പറ്റൂ. കുറിച്യര്യം കുറുമരും പരമ്പരാഗതമായി കൃഷി ചെയ്തു പോരുന്നവരാണ്. കാട്ടുനായ്ക്കർ കാടിനെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. പണിയരും അടിയരും കാർഷിക മേഖലയിലെ കൂലിപ്പണി ചെയ്യുന്നവരാണ്. ഈ വ്യതിരിക്തതകൾക്കനുസൃതമായ പദ്ധതികൾ തയ്യാറാക്കിയേ ജീവിത പിന്നോക്കാവസ്ഥയെ മറികടക്കാൻ പറ്റൂ. ഓരോ ഗോത്രവർഗത്തിനുള്ളിലും സവിശേഷമായ ജീവിത രീതികളുള്ള അവാന്തര വിഭാഗങ്ങളെ അതിനനുസരിച്ച് അഭിസംബോധന ചെയ്തുമേ പറ്റൂ.
- കൾട്ടിവേറ്റഡ് ലാന്റ് ഏക്കറു കണക്കിന് ദാനം ചെയ്യുന്നത് കൊണ്ട് പരിഹരിക്കാൻ പറ്റുന്ന ഒന്നല്ല ട്രൈബൽ ഇഷ്യു.പലപ്പോഴും ദളിത് ക്വസ്റ്റനകത്താണ് നമ്മൾ ട്രൈബൽ ക്വസ്റ്റനും ചേർക്കുക.ദളിതരുടെ പ്രശ്നമൊന്നുമല്ല ട്രൈബ്സിന്റേത്.കൃഷി ചെയ്യാത്ത, ചെയ്യാനറിയാത്ത കാട്ടുനായ്ക്കർക്കോ പണിയർക്കോ വിൽക്കാൻ പറ്റാത്ത അഞ്ചേക്കർ ഭൂമി കിട്ടീട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അതേ സമയം കുറുമർക്ക് കാര്യമുണ്ട് താനും. റിസർവ് ഫോറസ്റ്റ് ആദിവാസിക്ക് തുറന്ന് കൊടുക്കുക എന്ന മാനവവാദ ആകുലതയിലും യാതൊരു കാര്യവുമില്ല. ചോലനായ്ക്കരെയോ മറ്റോ മാറ്റി നിർത്തിയാൽ കാട്ടിൽ പോയി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരൊന്നുമല്ല ഒരാദിവാസി സമൂഹവും.
- നമ്മുടെ കാല-സമയ സങ്കൽപ്പങ്ങൾ പോലുമല്ല പലപ്പോഴും ട്രൈബൽ സൊസൈറ്റിയുടേത്. വിദ്യാലയങ്ങളിൽ നിന്നുള്ള Walk outs ന് തീർത്തും അപരിചിതമായ അനുഭവ പശ്ചാത്തലത്തിലുള്ള അധ്യയനം കൂടി പ്രതിയാണ്.പണിയരെ സംബന്ധിച്ചിടത്തോളം നാളെ എന്ന ചോദ്യമില്ല. ഈ നിമിഷത്തിൽ ജീവിക്കുന്നവരാണവർ.കൃഷി ചെയ്ത് ധാന്യ മിച്ചം സ്വരൂപിച്ച് സാംസ്കാരിക വളർച്ചയുണ്ടാക്കാൻ അവരുടെ പ്രകൃതം അനുവദിക്കുന്നില്ല.. ഉത്പാദന മാധ്യമം ഏതാണ്.അത് മനുഷ്യ വിഭവശേഷിയാണെങ്കിൽ ഏറ്റവും സുരക്ഷിതമായ ചുറ്റുപാടിൽ അത് വിനിയോഗിക്കാനും ആരോഗ്യകരമായി റിട്ടയർ ചെയ്യണ്ട കാലം തൊട്ട് വാർധക്യ കാല പെൻഷൻ നൽകി പരിപാലിക്കാനുമായുള്ള സാധ്യതകൾ ആരായേണ്ടതുണ്ട്. അതോടൊപ്പം യുവാക്കളിൽ ദയനീയമാം വിധം വേരോടിയിട്ടുള്ള അമിത മദ്യപാനം ഏതു വിധേനയും നിയന്ത്രണാധീനമാക്കിയേ പറ്റൂ താനും.
- ഗോത്രവിഭാഗങ്ങളെ ഇങ്ങോട്ട് കൊണ്ടു വന്ന് മോഡേണൈസ് ചെയ്യണോ? അതോ സ്വകീയമായ അവരുടെ ജീവിത പദ്ധതികൾക്കനുസരിച്ച് അങ്ങോട്ട് പോകണമോ? എന്ന ബേസിക് ക്വസ്റ്റനിൽ പോലും വ്യക്തതയില്ല.ഇതിനൊറ്റയുത്തരമില്ല എന്നതാണ് യാഥാർത്ഥ്യം. ചില വിഭാഗങ്ങളിൽ ആദ്യ വഴിയും ചിലയിടങ്ങളിൽ രണ്ടാം വഴിയും സ്വീകരിക്കുകയല്ലാതെ. ഒരു കാര്യമുറപ്പാണ് ഓറൽ ലിറ്ററേച്ചറിന്റെയും നാട്ടറിവുകളുടേയും വിപുലശേഖരം ഓരോ വിഭാഗത്തിനുമുണ്ട്. പോസ്റ്റ് മോഡേണിസ്റ്റുകൾ പുച്ഛിച്ചേക്കാമെങ്കിലും അവ സംരക്ഷിക്കപ്പെടുകയും എപിസ്റ്റമോളജിയിലേക്ക് ഉൾച്ചേർക്കുകയും ചെയ്തേ പറ്റൂ.
- ക്രൂരനായ കൊമ്പൻ മീശക്കാരൻ കുടിയേറ്റക്കാരനും അടിമയായ ആദിവാസിയും എന്നതാണ് വേറൊരു മിത്ത്.കേരളത്തിലെ വലിയൊരു സാഹിത്യകാരന്റെ പോസ്റ്റ് കുറച്ച് മുമ്പ് വായിക്കുകയുണ്ടായി. മുത്തങ്ങയിലൂടെ യാത്ര ചെയ്യുന്ന സ്വദേശി യുവാക്കൾ വെറുതെ രസത്തിന് പണിയരെക്കേറി മർദ്ദിക്കാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പിന്നേ അങ്ങോട്ട് ചെന്നാമതി. കുടിയേറ്റം “ഗൗണ്ടരുടെ പണിയനിൽ”നിന്നും ”പണിയനെ” ഉണ്ടാക്കി എന്നാണ് വ്യക്തിപരമായ അനുഭവം. അടിമയിൽ നിന്നും കർഷകത്തൊഴിലാളിയിലേക്കുള്ള നിർണായകമായ ഒരു മാറ്റം. കുടിയേറ്റക്കാരെന്നു പറയുന്നത് വൻ ജന്മിമാരൊന്നുമല്ല. വട്ടിപ്പലിശക്കും ബാങ്കിൽ നിന്ന് ലോണെടുത്തും കൃഷി നടത്തുന്ന ഇടത്തരം കർഷകരാണ്. നാഗരിക മധ്യവർഗത്തിന്റെ ജീവിത സാഹചര്യത്തിൽ നിന്ന് എത്രയോ താഴെയാണീ കൃഷിക്കാർ. അവരെ സംബന്ധിച്ചിടത്തോളം മര്യാദക്ക് കൃഷി നടന്നില്ലേൽ അടുത്ത വർഷം ഫ്യൂരിഡാൻ കഴിക്കലേ രക്ഷയുള്ളൂ. കൃഷിപ്പണിക്ക് പണിയർ വരണമെങ്കിൽ മദ്യം വാങ്ങിച്ചു കൊടുക്കേണ്ടതുണ്ട് എന്ന നിർബന്ധിതാവസ്ഥയ്ക്കു മുമ്പിൽ മറ്റു വഴികൾ അവരുടെ മുമ്പിലില്ല. ഈ പ്രതിസന്ധി സ്‌റ്റേറ്റിടപെട്ട് പരിഹരിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്.
രാഷ്ട്രീയ പ്രവർത്തനം സേവന പദ്ധതികൾ ആവിഷ്ക്കരിക്കാത്തതു കൊണ്ടോ – നിശ്ചയമായും പദ്ധതി നടത്തിപ്പിൽ അഴിമതി പ്രവർത്തിക്കുന്നുണ്ടാവും പക്ഷേ കൽപ്പറ്റ എം.എൽ.എ. സി.കെ.ശശീന്ദ്രനോ മാനന്തവാടി എം.എൽ.എ.ഒ.ആർ. കേളുവിനെ വയനാട്ടിലെ ആദിവാസികളെച്ചൊല്ലി ആശങ്കകളൊന്നുമില്ല എന്ന് പറഞ്ഞാൽ കടുത്ത രാഷ്ട്രീയ എതിരാളികൾ പോലും പുച്ഛിക്കും- കുടിയേറ്റകർഷകർ അതിരാവിലെയെഴുന്നേറ്റ് ഇന്നിത്ര ആദിവാസികളെ പീഡിപ്പിക്കാമെന്ന് പ്രതിജ്ഞ ചെയ്യുന്നത് കൊണ്ടോ അല്ല ദുരവസ്ഥ തുടരുന്നത്. നമ്മുടെ സങ്കൽപ്പനങ്ങളിൽ, സമീക്ഷകളിൽ അടിസ്ഥാനപരമായി പരിഹാരത്തെ ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയാത്ത അനിശ്ചിതത്വമുണ്ട്. അവിടെ നിന്നാരംഭിക്കണം. അത് വളരെ വളരെ പ്രധാനപ്പെട്ടതാവുന്നത് അമിതമായ മദ്യപാനവും പോഷകാഹാരക്കുറവും മൂലം നടുവൊടിഞ്ഞ ഏറ്റവും താഴെത്തട്ടിലെ ആദിവാസികൾ ഇതേ നിലയിൽ പോവുകയാണെങ്കിൽ അധിക കാലം അതിജീവിക്കില്ല എന്നതു തന്നെയാണ്.
*.ഇത് മൊത്തത്തിൽ ആധുനികനായ പഠിതാവിന്റെ വിഷയത്തിലേക്കുള്ള നോട്ടമായി ഉത്തരാധുനികർക്ക് തോന്നാം. പക്ഷേ കനപ്പെട്ട ഉത്തരാധുനിക ദാർശനികരൊന്നും വയനാട്ടിലില്ലാത്തതു കൊണ്ടും ഉത്തരാധുനികർ ഇന്നേ വരെ ഒരു സാമൂഹ്യ പ്രശ്നവും പരിഹരിക്കാത്ത ചരിത്രമുള്ളത് കൊണ്ടുമുള്ള ആകുലതകളാണ്.
ചിത്രങ്ങൾ : ബാബുരാജൻ മുളിയൻകീഴില്‍