അജ്മൽ എൻ. കെ
‘വിജയ് സൂപ്പറും പൗർണ്ണമിയും’ ഈ ടൈറ്റിൽ തന്നെയായിരുന്നു ഈ സിനിമയ്ക്കായുള്ള കാത്തിരിപ്പിന്റെ പ്രധാന ഘടകം, ഒപ്പം ജിസ് ജോയ് എന്ന കഴിവുറ്റ സംവിധായകനും മികച്ച താരനിരയും. അത് കൊണ്ട് തന്നെയാണ് തലൈവർ-തല ബോക്സ് ഓഫീസ് ബലാബല ബഹളങ്ങൾക്കിടയിലും ഈ സിനിമ തന്നെ ആദ്യം തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്.
ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ് – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ഈ ചിത്രം സൂപ്പർ ഹിറ്റ് തെലുഗ് ചിത്രം പെല്ലി ചൂപുലുവിന്റെ ഒഫീഷ്യൽ റീമേക്ക് ആണ്. സംഭവ കഥ പ്രമേയമായ ഈ ചിത്രം പാകത്തിന് തമാശയും പ്രണയവും സെന്റിമെന്റ്സും സന്ദേശവും പ്രചോദനവും കൂട്ടിച്ചേർത്ത മികച്ച തിയറ്റർ അനുഭവം തന്നെ.
തിയറ്ററിൽ പരാജയമായെങ്കിലും ‘ബൈസിക്കിൾ തീവ്സ്’ എന്ന കന്നി സംരംഭം ജിസ് ജോയ് എന്ന സംവിധായകന്റെ അവതരണ മികവ് ഒരു പരിധി വരെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു, അതിന്റെ പൂര്‍ണ തയോളം കാണിച്ചു തന്ന സിനിമയായിരുന്നു സൺഡേ ഹോളിഡേ എന്ന സൂപ്പർ ഹിറ്റ് ഫീൽഗുഡ് ചിത്രം. അത്കൊണ്ട് തന്നെ ജിസ് ജോയുടെ മൂന്നാം വരവിൽ പ്രതീക്ഷ ഏറെയായിരുന്നു. ആ പ്രതീക്ഷയോടു നീതി പുലർത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒരു റീമേക്ക് സൃഷ്ടിയിൽ വരാറുള്ള പ്രധാന പോരായ്മയാവാറുള്ള കാസ്റ്റിംഗും അവതരണവും തന്മയത്തത്തോടെ കൈകാര്യം ചെയ്യാൻ സംവിധായകന് സാധിച്ചു.
അഭിനേതാക്കളുടെ പ്രകടനം നോക്കുകയാണെങ്കിൽ ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും മത്സരിച്ചഭിനയിച്ചു. സിനിമ തെരഞ്ഞെടുപ്പിലെ പക്വമില്ലായ്മ പരിഹരിച്ചാൽ യുവ താര മുൻനിരയിലേക്ക് ചുമ്മാ നടന്നു കേറാവുന്നതേയുള്ളൂ ആസിഫ് അലിക്ക്. ഭാഗ്യനായിക എന്ന പേരിനോട് ഒരിക്കൽ കൂടി ഐശ്വര്യലക്ഷ്മി നീതി പുലർത്തി. ഈ മികവ് ഇനിയും തുടർന്നാൽ പ്രേക്ഷക മനസ്സിൽ ഒരു ഇടം ഉറപ്പാണ് ഈ ലാളിത്യ മുഖത്തിന്. മറ്റു കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത സിദ്ദിഖ്, ദേവൻ, രഞ്ജി പണിക്കർ, KPSE ലളിത, ജേക്കബ് ഗ്രിഗറി, ശാന്തി കൃഷ്ണ തുടങ്ങിയവർ എല്ലാം അവരുടെ ജോലിയോട് നീതി പുലർത്തി. ക്ലൈമാക്സ് രംഗങ്ങളിൽ സിദ്ദിഖ് കുറച്ചു കൂടുതൽ സ്കോർ ചെയ്തു എന്ന്‍ വേണം പറയാന്‍.
ജിസ് ജോയ് തന്നെ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് നവാഗതനായ പ്രിൻസ് ജോർജ് ആണ്. ജിസ് ജോയുടെ മുൻ ചിത്രങ്ങളിലെ പാട്ടുകളുടെ നിലവാരം പുലർത്തിയില്ലെങ്കിലും ഓളത്തിൽ ആസ്വദിക്കാനുണ്ട്. CIA യിലെ മനോഹര ദൃശ്യങ്ങൾ പകർത്തിയ റെനഡിവേ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് മേഖല കൈകാര്യം ചെയ്തത് രതീഷ് രാജാണ്. രണ്ടു പേരും തങ്ങളുടെ ജോലി സിനിമ ആവശ്യപ്പെട്ട രീതിയിൽ കൈകാര്യം ചെയ്തു.
ചുരുക്കി പറഞ്ഞാൽ രണ്ടേകാൽ മണിക്കൂർ മനസ്സ് നിറച്ചു കാണാവുന്ന ഒരു മികച്ച ഫീൽഗുഡ് അനുഭവം. സിനിമ അവസാനിച്ചപ്പോൾ തിയറ്ററിൽ ഉയർന്ന കയ്യടികൾ തന്നെയാണ് ഈ സിനിമയുടെ വിജയവും. പേട്ട-വിശ്വാസം എന്നീ ബ്രഹ്‌മാണ്ഡ സിനിമകളുടെ കുത്തൊഴുക്കിൽ മുങ്ങി പോവാതിരിക്കട്ടെ എന്ന പ്രത്യാശയോടെ…