വിജയ്‌ സേതുപതി: ഇന്ത്യൻ സിനിമയിലെ ഉത്തരാധുനികന്‍

0
431

സച്ചിൻ. എസ്‌. എൽ

തമിഴ്‌ സിനിമാലോകത്തിന് അല്ലെങ്കിൽ ഒരു പക്ഷേ സൗത്ത്‌ ഇന്ത്യൻ സിനിമയ്ക്ക്‌ ഇനിയൊരു പക്ഷേ ഇന്ത്യൻ സിനിമയുടെ തന്നെ നായകസ്ഥാനത്തേക്ക്‌ മികവിന്റെ കേസരീ രൂപമായി ഉദിച്ചുയർന്ന നടൻ. മക്കൾ സെൽവൻ എന്ന് തമിഴ്‌ മക്കൾ വിളിച്ചു പോരുന്ന സ്നേഹം ആരാധക ശ്രദ്ധയിൽ മലയാളികൾക്കിടയിലേക്കും ഒരു അക്ഷൗഹണി കണക്കെ തേരോടിച്ചു കയറിയ രണശൂരൻ. വിജയ ഗുരുനാഥ സേതുപതിക്ക്‌ ഇന്ന് നാൽപതാം പിറന്നാൾ.

ഒരു സിനിമാക്കഥയെ വെല്ലുന്ന ജീവിതം. 2004 ൽ സിനിമാ ലോകത്തേക്ക്‌ കാലെടുത്ത്‌ വെച്ചെങ്കിലും സഹനടനായും സ്ക്രീനിൽ വെറുതേ മുഖം കാണിക്കാനായും നടന്ന തുടർന്നുള്ള ഏഴോളം വർഷങ്ങൾ. അതിനിടെ അൽപമെങ്കിലും ശ്രദ്ധിക്കപ്പെട്ടത്‌ നാൻ മഹാൻ അല്ലൈ (2010) ൽ മാത്രം.

 

തുടർന്ന് 2011 ൽ സീനു രാമസ്വാമിയുടെ തെന്മേർക്ക്‌ പരുവാകട്രു എന്ന ഡ്രാമയിലേ ഇടയന്റെ റോളിലൂടെ നായക നടൻ എന്ന പേരു സമ്പാദിച്ചു. 2012 ആണ് സേതുപതിയുടെ കരിയറിലെ വഴിത്തിരിവുകളുടെ ആരംഭം. എസ്‌. ആർ പ്രഭാകരന്റെ എം ശശികുമാർ സിനിമ സുന്ദരപാണ്ഡ്യനിലെ വില്ലൻ വേഷം ഏറെ പ്രശംസ പിടിച്ചു പറ്റി. അതേ വർഷം കാർത്തിക്‌ സുബ്ബരാജിന്റെ ത്രില്ലർ സിനിമയായ പിസ്സയിലൂടെ നായകനായുള്ള സ്ഥാനക്കയറ്റം. സിനിമയിലുടനീളം മികച്ച പ്രകടനം നടത്തിയ സേതുപതി അതോടെ തമിഴരുടെ ഹരമായി മാറി.

2013 ൽ സൂത്‌ കാവ്വും എന്ന ക്രൈം കോമഡിയിലൂടെ വിലപിടിപ്പുള്ള തമിഴ്‌ നായകരുടെ പട്ടികയിലേക്ക്‌ സേതുപതി ഉയർന്നു. 2014 ൽ റമ്മി, പന്നൈയാരും പദ്മിനിയും, വന്മം തുടങ്ങിയ ഹിറ്റ്‌ സിനിമകൾ. തുടർന്ന് 2015 ഒക്ടോബറിൽ പുറത്തിറങ്ങിയ വിഗ്നേഷ്‌ ശിവന്റെ നാനും റൗഡി താൻ സേതുപതിയുടെ കരിയറിൽ ഏറ്റവും ഗ്രോസ്‌ കലക്ഷൻ നേടിയ സിനിമകളിലൊന്നായി. ബോക്സ്‌ ഓഫീസ്‌ റെക്കോർഡുകൾ തകർത്തെറിഞ്ഞ ഈ സിനിമ സേതുപതിക്ക്‌ അതിർത്തികൾ കടന്നും ആരാധകരെ സൃഷ്ടിച്ചെടുത്തു. പീന്നീടങ്ങോട്ട്‌ ഈ നായകന് തിരിഞ്ഞ്‌ നോക്കേണ്ടി വന്നില്ല. കൈ വച്ചതൊക്കെയും ഹിറ്റ്‌ ചാർട്ടിൽ ഹിറ്റ്‌ നേടി കുതിച്ചു.

 

2016 തുടക്കം ഇറങ്ങിയ സേതുപതിയിലെ പോലീസ്‌ വേഷം പെർഫോമൻസിന്റെ അതിർ വരമ്പുകൾ കടന്നു. ആ വർഷം തന്നെ കാതലും കടന്ത്‌ പോകും, ധർമ്മ ദൂരൈ തുടങ്ങിയ ചിത്രങ്ങൾ. 2017 ൽ പുരിയാത ഉയിർ, കറുപ്പൻ എന്നീ ബ്ലോക്‌ ബസ്റ്ററുകൾ. ഒപ്പം ആ വർഷം പുറത്തിറങ്ങിയ വിക്രം വേദയിലെ നെഗറ്റീവ്‌ റോൾ സൗത്ത്‌ ഇന്ത്യ കടന്ന് പറന്നു. 600 മില്ല്യണിലേറെ ബോക്സ്‌ ഓഫീസ്‌ കലക്ഷൻ വാരിക്കൂട്ടി ഈ സിനിമ.

2018 ഒരു പക്ഷേ സേതുപതിയെപ്പോലെ ഹിറ്റുകൾ സ്വന്തമായുള്ള ഒരു നടൻ വേറെ കാണില്ല. ഒരു നല്ല നാൾ പാർത്ത്‌ സൊല്ലേൻ, ജുങ്ക, ചെക്ക ചിവന്ത വാനം, സീതാകാക്ഷി (സേതുപതിയുടെ ഇരുപത്തിയഞ്ചാം സിനിമ) 2018 ഒക്ടോബറിൽ റിലീസായ 96 ഇന്ത്യൻ സിനിമ ഇത്‌ വരെ കണ്ട റൊമാന്റിക്‌ ക്ലീഷേകളെ വകഞ്ഞു മാറ്റി കുതിച്ചുയർന്നു. ഒരു പക്ഷേ സേതുപതി എന്ന നടന് ലോക ശ്രദ്ധ നേടിക്കൊടുത്തു സി. പ്രേം കുമാർ സംവിധാനം ചെയ്ത ഈ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌. 2019 ന്റെ ആരംഭത്തിൽ തലൈവർ രജനീകാന്തിന്റെ പേട്ടയിലെ വില്ലൻ കഥാപാത്രം വരെ എത്തി നിൽക്കുന്നു ഈ സിനിമാ സപര്യ.

തന്റെ ജീവിതത്തിൽ അണിഞ്ഞ പല വേഷങ്ങൾ പോലെ സിനിമയിലും പല വേഷങ്ങൾ അണിയുകയാണ് സേതുപതി. സാമ്പ്രദായിക നായക സങ്കൽപങ്ങളോട്‌ മുഖം തിരിച്ച്‌, ഏത്‌ തരം കഥാപാത്രങ്ങളും ചെയ്യുമെന്ന മനോഭാവം കഥാപാത്രങ്ങളേക്കാളുപരി ജീവിതത്തിൽ സേതുപതിക്ക്‌ നായക പരിവേഷം നൽകുന്നു. ഇന്ത്യൻ സിനിമ കണ്ട ഈ മാറ്റത്തിന്റെ നായകന് മക്കൾ സെൽവന് നാൽപതാം പിറന്നാൾ ആശംസകൾ.

 

LEAVE A REPLY

Please enter your comment!
Please enter your name here