ത്രില്ലടിപ്പിക്കുന്ന “വാരിക്കുഴിയിലെ കൊലപാതകം”

0
152

അഭി

“വാരിക്കുഴിയിലെ കൊലപാതകം”, ആ പേര് മലയാളികള്‍ ആദ്യമായി കേള്‍ക്കുന്നത് സുപ്രസിദ്ധ തിരക്കഥാകൃത്ത് ഹിച്ച്കോക്ക് കഞ്ഞിക്കുഴിയുടെ നോവലായിട്ടാണ്.  No. 20 മദ്രാസ് മെയിലില്‍ മണിയന്‍പിള്ള രാജു അവതവരിപ്പിച്ച കഥാപാത്രം മമ്മൂക്കയോട് കഥ പറയുന്ന നോവലിന്റെ പേരായിരുന്നു അത്.
വര്‍ഷങ്ങള്‍ക്ക് ശേഷം അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ പോലെ ഇതും സിനിയായിരിക്കുന്നു. രജീഷ് മിഥിലയുടെ സംവിധാനത്തില്‍ അമിത്തും ദിലീഷ് പോത്തനുമൊക്കെ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒറ്റവാക്കില്‍ ഒരു ക്രൈം ത്രില്ലറെന്ന് പറയാം. പക്ഷെ പ്രതി ആരാണെന്ന് അന്വേഷിച്ച് ഒടുവില്‍ കണ്ട് പിടിപ്പിക്കുന്ന സ്ഥിരം കുറ്റാന്വേഷക സിനിമകളില്‍ നിന്ന് മാറി പ്രതിയെ ആദ്യമെ പ്രേക്ഷകന് കാണിച്ച് കൊടുത്ത് കൊല്ലപ്പെട്ടതാരെന്ന് ഒടുക്കം മാത്രം പറയുന്ന കഥാശൈലിയാണ് ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നത്.

പോലീസാവാന്‍ കൊതിച്ച്‌ പള്ളീലച്ചനാവേണ്ടി വന്നയാളാണ് നായകന്‍. അതുകൊണ്ട് തന്നെ ആളിത്തിരി പിശകാണ്. സാരോപദേശത്തെക്കാളും അച്ചനിഷ്ടം താന്തോന്നിത്തരം കാണിക്കുന്നവരെ അവരര്‍ഹിക്കുന്ന രീതിയില്‍ ശിക്ഷ കൊടുത്ത് നേരെയാക്കാനാണ്. അതുകൊണ്ട് തന്നെ നാട്ടുകാര്‍ക്കെല്ലാം ഇച്ചിരി പേടിയുമുണ്ട് അച്ചനെ.

ടിപ്പിക്കല്‍ അച്ചന്‍ കഥാപാത്ര സൃഷ്ടിയില്‍ നിന്ന് വ്യത്യസ്തമായി മാസ്സ് ലുക്കും അപ്പിയറന്‍സും കഥാപാത്രത്തിന് നല്‍കിയിട്ടുണ്ടെങ്കിലും ഓരോ തവണ നാട്ടിലെ ഓരോ പ്രശ്നം പരിഹരിക്കുമ്പോഴും പ്രേക്ഷകന് ചിരിക്കുള്ള വകയും നല്‍കുന്നുണ്ട്.

ഒരിടവേളക്ക് ശേഷം നെടുമുടി വേണു വീണ്ടും കോമഡി ട്രാക്കില്‍ തകര്‍ത്തഭിനയിച്ച ചിത്രം കൂടിയാണ് വാരിക്കുഴിയിലെ കൊലപാതകം. ഇടക്ക് വരുന്ന ലാലിന്റെ കഥാപാത്രവും സിനിമയ്ക്ക് എക്സട്രാ മൈലേജ് നല്‍കുന്നുണ്ട്. മ്യൂസിക്ക് ഡയറക്ടര്‍ മെജൊ ജോസഫും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട് ചിത്രത്തില്‍.
ശ്രേയാ ഘോഷാലും കൗശിക്കും ചേര്‍ന്ന് പാടിയ “കന്നിവെയില്‍ ” എന്ന പാട്ട് ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞു.

എല്‍ദോ ഐസക്കിന്റെ ഛായാഗ്രഹണവും എടുത്ത് പറയേണ്ട ഒന്നാണ്. കുറേയെറെ നൈറ്റ് സീന്‍സ് ഉണ്ട് ചിത്രത്തില്‍. അതൊക്കെ ഭംഗിയായി തന്നെ ഒപ്പിയെടുക്കാന്‍ എല്‍ദോയ്ക്കായി.

സംവിധായകന്‍ എന്ന നിലയില്‍ രജീഷ് മിഥില മികച്ച് നില്‍ക്കുന്നുണ്ടെങ്കിലും കാസ്റ്റിങ്ങ് കുറച്ചൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒന്നൂടി സിനിമയെ സഹായിച്ചേനെ വാണിജ്യപരമായി.

സീറ്റ് എഡ്ജ് ത്രില്ലറൊന്നും അല്ലെങ്കിലും സീറ്റിലിരുന്ന് നിങ്ങളുറങ്ങിപ്പോവില്ല. അതുറപ്പ്. കുടുംബസമേതം കാണാവുന്ന ഒരു നല്ല സിനിമ തന്നെയാണ് “വാരിക്കുഴിയിലെ കൊലപാതകം”.

LEAVE A REPLY

Please enter your comment!
Please enter your name here