തിരുവനന്തപുരം: 2017ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സേവനം, വിദ്യാഭ്യാസരംഗം, സാഹിത്യരംഗം, ഭരണരംഗം, ശാസ്ത്രരംഗം, ആരോഗ്യരംഗം, കലാരംഗം, കായികരംഗം, അഭിനയരംഗം, മാധ്യമരംഗം, വനിതാ ശാക്തീകരണം എന്നിങ്ങനെ 11 മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ക്കാണ് വനിതാരത്‌ന പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്. 3 ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
11 മേഖലകളിലെ അപേക്ഷകളും നോമിനേഷനുകളും അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വിലയിരുത്തിയാണ് പുരസ്‌കാരങ്ങള്‍ക്കായി തെരഞ്ഞെടുത്തത്.
സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അക്കമ്മാ ചെറിയാന്‍ അവാര്‍ഡ് മേരി എസ്തപ്പാന്‍ കരസ്ഥമാക്കി. വിദ്യാഭ്യാസ രംഗത്തെ ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ് ലളിത സദാശിവന്‍, സാഹിത്യ രംഗത്തെ കമലാ സുരയ്യ അവാര്‍ഡ് ഡോ. കെ.പി. സുധീര, ഭരണരംഗത്തെ റാണി ലക്ഷ്മിഭായ് അവാര്‍ഡ് ജഗദമ്മ ടീച്ചര്‍, ശാസ്ത്ര രംഗത്തെ ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ് ഡോ. മിനി എം, കലാരംഗത്തെ മൃണാളിനി സാരാഭായി അവാര്‍ഡ് മാലതി ജി. മേനോന്‍, ആരോഗ്യ രംഗത്തെ മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ് ശര്‍മ്മിള, മാധ്യമ രംഗത്തെ ആനി തയ്യില്‍ അവാര്‍ഡ് കൃഷ്ണകുമാരി എ, കായികരംഗത്തെ കുട്ടിമാളു അമ്മ അവാര്‍ഡ് ബെറ്റി ജോസഫ്, അഭിനയരംഗത്തെ സുകുമാരി അവാര്‍ഡ് രജിത മധു, വനിതാ ശാക്തീകരണ മേഖലയിലെ ആനി മസ്‌ക്രിന്‍ അവാര്‍ഡ് രാധാമണി ടി. എന്നിവര്‍ക്കാണ്.
സാര്‍വദേശിയ വനിതാദിനമായ മാര്‍ച്ച് 8ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ വച്ച് നടക്കുന്ന ‘സധൈര്യം മുന്നോട്ട്’ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.