ഗുരുദര്‍ശനം ഷൗക്കത്തിലൂടെ

0
634

ഷിലിൻ പൊയ്യാര

നിരവധി ദര്‍ശനങ്ങള്‍ കൂടികലര്‍ന്നതാണ്‌ ഭാരതീയ സംസ്കാരം. എങ്കിലും ആസ്തികം, നാസ്തികം എന്നീ രണ്ടു വിഭാഗങ്ങളാണ്‌ ഭാരതീയ ദര്‍ശനത്തില്‍ പ്രധാനമായും ഉള്ളത്. എന്നാല്‍ സമഗ്രതയിലേക്ക് മനുഷ്യനെ നയിക്കുന്ന ദര്‍ശന ശാസ്ത്രമാണ്‌ ഗുരുദര്‍ശനത്തെപറ്റി സാധാരണ പറയുക. ആത്മീയവും ഭൗതികവുമായ തലത്തിലെ സ്വതന്ത്രമായ മുന്നേറ്റത്തിലൂടെ നേടുന്ന വിജയമായാണ്‌ സമഗ്രത എന്ന് വിവക്ഷിക്കുന്നത്.

ആത്മീയ ജീര്‍ണ്ണത അന്ധവിശ്വാസത്തിലും, അനാചാരത്തിലും എത്തിയപ്പോള്‍ അതിനെതിരെ കലഹിച്ച നവോദ്ധാന നായകനായിരുന്നു ഗുരു. ഗുരു തെളിയിച്ച ചിരാത് സമകാലിക മണ്ഡലത്തില്‍ ഏറെ പ്രസക്തമാകുന്ന കാലഘട്ടത്തിലാണ്‌ ‘ഗുരുദര്‍ശനം ഷൗക്കത്തിലൂടെ’ എന്ന ശീര്‍ഷകത്തില്‍ ഒരു പ്രഭാഷണം സംഘടിപ്പിക്കപ്പെട്ടത്. നവീന ആശയങ്ങളിലൂടെ ഒമാനിലെ സാംസ്കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ച ‘ഗുരുദര്‍ശനം ഷൗക്കത്തിലൂടെ’ എന്ന സായാഹ്നം പങ്കാളിത്വംകൊണ്ട് ശ്രദ്ധേയവും, ഇടപെടല്‍കൊണ്ട് സമ്പന്നവുമായിരുന്നു. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച്ച ഗുബ്രയിലെ അല്‍ മഹ ഹോട്ടലിലാണ്‌ പ്രഭാഷണപരിപാടി സംഘടിപ്പിച്ചത്.

ഗുരുത്രയങ്ങളായ ശ്രീനാരായണഗുരു, നടരാജഗുരു, ഗുരു നിത്യചൈതന്യയതി എന്നിവരെക്കുറിച്ച് എഴുതാനായി ഒമാനിലെത്തിയ ഷൗക്കത്ത് യതിയുടെ ശിഷ്യനും, എഴുത്തുകാരനും, യാത്രികനുമാണ്‌. ഗുരുവിന്റെ ആത്മോപദേശശതകത്തിലെ ഏതാനും വരികള്‍ ഉദ്ധരിച്ചുകൊണ്ട് തുടങ്ങിയ പ്രഭാഷണം, അദ്വൈതം അവതരിച്ച നാട്ടില്‍ മനുഷ്യന്‍ എന്ന മതം മാത്രം ഇല്ലാതായി എന്ന് അദ്ധേഹം വിവക്ഷിച്ചു. സാമൂഹിക പരിഷ്കര്‍ത്താവ്, നവോദ്ധാന നായകന്‍ എന്നീനിലകളില്‍ ഗുരു തെളിയിച്ച പ്രകാശം, പരസ്പരവിരുദ്ധമായി ദുര്‍‌വ്യാഖ്യാനം ചെയ്യുകയും, ഫാസിസത്തിന്റെ ആകുലതകള്‍ അരികിലെത്തുകയും ചെയ്ത വര്‍ത്തമാന കാലഘട്ടത്തില്‍ അത്തരം ദര്‍ശനങ്ങളെ സമൂഹനന്മക്ക് ഉപഗോഗപ്പെടുത്തേണ്ടുന്നതിന്റെ ആവശ്യകത ഊന്നിപറഞ്ഞുകൊണ്ടാണ്‌ തന്റെ നിലപാട് ഷൗക്കത്ത് സദസ്സുമായി പങ്കുവയ്ച്ചത്. കുറ്റപ്പെടുത്തലുകള്‍ക്കും എതിര്‍ചലനങ്ങള്‍ക്കുമപ്പുറം വിദ്യഭ്യാസം, പ്രബുദ്ധത, അവകാശബോധം എന്നിവയിലൂടെ അവര്‍ണ്ണന്റെ ഉന്നമനത്തിനായ് ഗുരു തുറന്ന സമീപനം തന്നെ പ്രകടിപ്പിച്ചു.

“മനുഷ്യാണാം മനുഷ്യത്വം ജാതിർഗോത്വം ഗവാം യഥാ ന ബ്രാഹ്മനാദിരസ്യൈവം ഹാ തത്ത്വം വേത്തി കോ പി ന” എന്ന് പറഞ്ഞതിലൂടെ ജാതി തിരിച്ചുള്ള സങ്കല്‍‌പ്പത്തിനെതിരെ ശാസ്ത്രീയമായ കാഴ്ച്ചപ്പാട് മുന്നോട്ട് വച്ചു.

“പലമതസാരവുമേകമെന്ന് പാരാതുലകിലൊരാനയിലന്ധരെന്നപോലെ” എന്ന് പറഞ്ഞതിലൂടെ എല്ലാ മതങ്ങളുടേയും സാരം ഒന്നുതന്നെയാണെന്നും, അതുകൊണ്ട് മതം പലതല്ല, ഒന്നുതന്നെയാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. മനുഷ്യരെല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നത്‌ ‘സുഖത്തെയാണ്‌.’ പ്രഭാതം മുതല്‍ പ്രദോഷം വരെ നാം പലതരത്തിലുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നതും സുഖത്തിനുവേണ്ടി. വൈദികമായും ലൗകികമായും നടത്തപ്പെടുന്ന എല്ലാ കര്‍മ്മങ്ങളുടേയും ഉദ്ദേശ്യവും ഇതുതന്നെ. ശാരീരികമായും മാനസികമായും ആത്മീയവുമായുള്ള സര്‍വ്വ ശ്രേയസ്സുകളും ഒരു സമൂഹത്തിന്‌ ലഭിക്കുന്നത്‌ മനുഷ്യന്‍ എന്ന മതനിഷ്‌ഠയിലൂടെയും, സദാചാരത്തിലൂടെയും, പരസ്‌പര സ്‌നേഹത്തിലൂടെയുമാണ്‌.

ദൈവസങ്കല്‍‌പ്പത്തില്‍ ഗുരു, ശങ്കരാചാര്യരുടെ നേരനുയായി എന്നു പറയുമ്പോള്‍തന്നെ ജാതി, മതം എന്നതിനുപരി വസുദൈവകുടുമ്പകം എന്ന വിശാല കാഴ്ച്ചപ്പാടാണ്‌ ഗുരു പുലര്‍ത്തിയിരുന്നത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഫാസിസ്റ്റ് കാലഘട്ടത്തില്‍ ഗുരുവിന്റെ സഹിഷ്ണുതയും, സമൂഹത്തോടുള്ള കലഹവും പ്രസക്തമാകുന്ന കാലഘട്ടത്തില്‍, ഗുരുവിനെ പോലെയുള്ള ധിഷണാശാലികളുടെ അഭാവമാണ് ഈ‌ കാലഘട്ടം നേരിടുന്ന വെല്ലുവിളി എന്നു പറഞ്ഞുകൊണ്ടാണ്‌ ഷൗക്കത്ത് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. പുതിയ തലമുറയില്‍ എല്ലാവരും ധിഷാണാശാലികളാണ്‌, അതിനാല്‍ ഇത്തരം ദര്‍ശനങ്ങളുടെ പ്രസക്തി ഏറിയ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള സായാഹ്നങ്ങളിലെ ഒത്തുചേരലുകളില്‍ ഒമാനിലെ പ്രവാസികളുടെ താല്‍‌പ്പര്യം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും, അത് ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here