വാൻഗോഗ്

0
381

അജയ്സാഗ

80 കളിലാണ് മുണ്ടേങ്ങരയിലെ ലൈബ്രറിയിലെ താഴെ തട്ടിൽ അടുക്കി വെച്ച കനമുള്ള വിജ്ഞാനകോശം പുസ്തകം എടുത്ത് മേശപ്പുറത്ത് വെക്കും. ആമുഖം നോക്കി ആദ്യം ചിത്രകല പേജിലേക്ക് മറിക്കും.

മിനുസമുള്ള താളിൽ ജീവനുള്ള പെയിന്റിംഗുങ്ങൾ കണ്ട് കൗതുകത്തോടെ നോക്കി നിൽക്കും. അതിൽ നിന്ന് ഞാൻ കുറെ പേരുകൾ വായിച്ചെടുത്തു.
നിർബന്ധമായി ഞാൻ പരിചയപ്പെടേണ്ട ആളുകളാണ് എന്ന് തോന്നീട്ടുണ്ട്.
ഹൈദർക്കാന്റെ പെട്ടി പീടീന്ന് സിസറിന്റെ കൂടും റീഫില്ലറും വാങ്ങി കടുകട്ടിയുള്ള കുറെ പേരുകൾ ഞാൻ എഴുതിയെടുത്തു.

ജിയോത്തോ..ലിയനാർഡോ ഡാവിഞ്ചി.. മൈക്കലാഞ്ചലോ .. വിൻസെന്റ് വാൻഗോഗ്.. പാബ്ലോ പിക്കാസോ.. സാൽവദോർ ദാലി.. റാഫേൽ .. ഇവരൊക്കെയായിരുന്നു എന്റെ മനസ്സിൽ കാണാപാഠമായി പഠിച്ചു വെക്കാൻ ശ്രമിച്ച പേരുകൾ.. എഴുതി വെച്ച സീസർ കൂടിന്റെ കാർഡിലൂടെ മഡോണയും.. മോണോലിസയും.. സൂര്യകാന്തി പൂക്കളും..പിയാത്തയും.. ഗൂർണിക്കയുമൊക്കെ എന്റെ കണ്ണിൽ മാറി മാറി തെളിഞ്ഞു.

വർഷങ്ങൾക്ക് ശേഷം കൂട്ടത്തിൽ കിറുക്കുള്ള വിൻസെന്റ് വാൻഗോഗ് എന്ന ചിത്രകാരനെക്കുറിച്ച് വായിക്കാനും അവസരം കിട്ടി.

ഒരു പാട് നുറുങ്ങുകഥകളും കേട്ടു . ന്യൂനനിലെ ഏറെപ്പേരും കർഷകരായിരുന്നു. കുറച്ച് ആളുകൾ നെയ്ത്തുക്കാരും. സാധുക്കളായ കർഷകരോടൊപ്പം എളുപ്പം വാൻഗോഗ് ചങ്ങാത്തം കൂടി. മനോഹരമായ ഈ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം വിൻസെന്റ് ക്യാൻവാസിലേക്ക് പകർത്തി. ഒപ്പം കുറെ കർഷകരുടെ ചിത്രങ്ങളും.

ന്യൂനനിലെ ഉരുളക്കിഴങ്ങ് കൃഷിക്കാരും മൂന്നു നേരം ഉരുളക്കിഴങ്ങ് കഴിക്കുന്നവരുമായ അഞ്ചംഗങ്ങളുള്ള ദ് ഗ്രോത്തിന്റെ കുടുംബം വിൻസെന്റിനെ ആകർഷിച്ചു. ഇരുണ്ട നിറവും പരന്ന മൂക്കും തടിച്ച ചുണ്ടുമുള്ള ഇവരെ ധാരാളം വരച്ചു. ഒരു ദിവസം ദ് ഗ്രോത്തിന്റെ വീട്ടിലെത്തി. ഉൾഭാഗം ഈസലിൽ ഉറപ്പിച്ച പേപ്പറിൽ വരച്ചു. വീട്ടിലുള്ള എല്ലാവരുടേയും ചിത്രങ്ങൾ പകർത്തി വീട്ടിലേക്ക് മടങ്ങി. പക്ഷേ ഒന്നും തൃപ്തി വരാത്തതു കൊണ്ട് എല്ലാം കീറി കളഞ്ഞു. ഒരു ദിവസം ദ് ഗ്രോത്തിന്റെ കുടുംബം അത്തായം കഴിക്കുമ്പോൾ വിൻസെന്റ് സമീപത്തിരുന്ന് അവരുടെ ചിത്രം വരച്ചു. പക്ഷേ ഒന്നും ശരിയാവുന്നില്ല. നിരാശയോടെ മടങ്ങി.

വീട്ടിലെത്തിയ വാൻഗോഗ് ഈസലിൽ ക്യാൻവാസ് ഉറപ്പിച്ച് ദ് ഗ്രോത്തിന്റെ കുടുംബത്തിലെ ഒരോരുത്തരേയും ഓർത്തെടുത്തു വരച്ചു തുടങ്ങി. അരണ്ട വെളിച്ചത്തിൽ അത്തായം കഴിക്കുന്ന ദ് ഗ്രോത്ത് കുടുംബം ഉരുളക്കിഴങ്ങ് കഴിക്കുന്നത്. അവരുടെ ദാരിദ്ര്യവും കഷ്ടപ്പാടും ആ ചിത്രത്തിൽ നിഴലിച്ചു. വിൻസെന്റ് ഉരുളക്കിഴങ്ങിന്റെ നിറമാണ് പെയിന്റിംഗിന് ഉപയോഗിച്ചത്. ‘ ഉരുളക്കിഴങ്ങ് തീറ്റക്കാർ ‘ എന്ന് ചിത്രത്തിന് വിൻസെന്റ് പേരു നൽകി.

റോൺ നദീതീരത്തെ ‘ആൾ’ പഴയ റോമൻ അധിനിവേശ പ്രദേശമായിരുന്നു. കത്തി ജ്വലിച്ച സൂര്യൻ ഇടക്കിടെ വീശിയടിക്കുന്ന കാറ്റ് ആളിന്റെ പ്രത്യേകതയായിരുന്നു. ഇവിടം വിൻസന്റിനെ ആവേശഭരിതനാക്കി. പ്രഭാതം മുതൽ നേരമിരുട്ടുന്നതു വരെ ആളിലെ പാടത്തും തോട്ടങ്ങളിലും അലഞ്ഞ് കുറെ ചിത്രങ്ങൾ ക്യാൻവാസിൽ വരച്ചു. ആളിലെ ജനങ്ങൾ ‘കിറുക്കൻ’ എന്ന പേരും നൽകി.

ആളിൽ ഒരു വാടക വീട് തരപ്പെടുത്തി. മഞ്ഞ പെയിന്റ് അടിച്ച വീടിനെ വിൻസെന്റ് മഞ്ഞ വീടെന്ന് വിളിച്ചു. മഞ്ഞ വീടിനേയും ക്യാൻവാസിൽ പകർത്തി. വീടിനുള്ളിൽ ചിത്രങ്ങൾ തൂക്കി. ആ സമയം സൗന്ദര്യവും നിഷ്കളങ്കതയുമുള്ള റേച്ചൽ എന്ന പെൺകുട്ടിയെ വിൻസെന്റ് പരിചയപ്പെട്ടു. വിൻസെന്റിന്റെ കിറുക്ക സ്വഭാവം റേച്ചലിന് ഇഷ്ടമായിരുന്നു. ഒഴിവ് സമയം കിട്ടിയാൽ അവളെ സന്ദർശിക്കുക പതിവായിരുന്നു.

പോൾ ഗോഗിൻ ആളിലേക്ക് വരുന്നതറിഞ്ഞ് വാൻഗോഗ് ആവേശത്തിലായിരുന്നു. പ്രത്യേക റൂമൊരുക്കി മോഡി കൂട്ടി. വസന്തം അരങ്ങൊഴിഞ്ഞ ആളിൽ ഗ്രീഷ്മകാലം വരവായി. പരീസിൽ നിന്നും ഗോഗിൻ എത്തി. മഞ്ഞ വീട്ടിൽ സംഗമം ഒരാഘോഷമാക്കി. രണ്ട് പേരും ചിത്രങ്ങൾ വരക്കാൻ തുടങ്ങി. കൂട്ടത്തിൽ വാൻഗോഗ് ചന്തക്ക് പോകുമ്പോൾ ഗോഗിൻ ഭക്ഷണമുണ്ടാക്കും. രണ്ടു പേരും നാടെങ്ങും ചുറ്റി കറങ്ങി. കലയെ പറ്റി ചർച്ചകൾ നടന്നു അങ്ങനെ വലിയ സൗഹൃദം പങ്കുവെച്ചു. ആ സമത്ത് വൻഗോഗ് നിരവധി ചിത്രങ്ങൾ വരച്ചു.

ഇടക്ക് ചിത്രരചനാരീതിയെക്കുറിച്ച് സംസാരം വഴക്കിലേക്കെത്തി. ഓർമ്മയിൽ നിന്ന് വരക്കണമെന്ന് ഗോഗിൻ പറഞ്ഞു. വാൻഗോഗ് നോക്കിയാണ് വരക്കുന്നത് അതായിരുന്നു കാരണം. വിൻസെന്റിന്റെ ചിത്രങ്ങളെ അധിക്ഷേപിച്ചു. അതോടെ വിൻസെന്റിന്റെ നിയന്ത്രണം വിട്ടു. ഒരു രാത്രി ഹോട്ടലിൽ ഭക്ഷണം കഴിച്ചിരിക്കുമ്പോൾ വിൻസെന്റ് തന്റെ കയ്യിലുണ്ടായിരുന്ന പാനീയം ഗോഗിന്റെ തലയിൽ ഒഴിച്ചു. ഗോഗിൻ അമ്പരന്നു. പിറ്റേന്ന് രാവിലെ വാൻഗോഗ് ക്ഷമ ചോദിച്ചു. ഗോഗിൻ കൂട്ടാക്കിയില്ല. വാൻഗോഗിന്റെ സ്വഭാവം മാറി തുടങ്ങി.

രാത്രി ഗോഗിൾ നിരത്തിലൂടെ നടക്കുമ്പോൾ വിൻസെന്റ് ഒരു കത്തിയുമായി ഗോഗിനെ പിൻതുടർന്നു. ഗോഗിൻ ഓടി രക്ഷപ്പെട്ടു. ആളിലെ ഹോട്ടലിൽ റൂമെടുത്താണ് ഉറങ്ങിയത്.
വിൻസെന്റ് സമനില തെറ്റി മഞ്ഞ വീട്ടിലെത്തി. സമനിലയാകെ തെറ്റി റൂമിലൂടെ അങ്ങോട്ടും മിക്കോട്ടും നടന്നു. അപ്പോഴാണ് വിൻസെന്റിന് കൂട്ടുകാരിയായ റേച്ചലിനെ ഓർമ്മ വന്നത്. അവൾ തന്റെ ചെവികൾ സുന്ദരങ്ങളാണ് പറഞ്ഞത് ഓർത്തു.

പിന്നെ താമസിച്ചില്ല. കയ്യിലുണ്ടായിരുന്ന ക്ഷൗരക്കത്തി വലതു ചെവിയിലേക്ക് നീണ്ടു.
ഉടനെ റേച്ചലിന്റെ താമസസ്ഥലത്തേക്ക് പോയി. വാതിൽ മുട്ടുന്നതു കേട്ട് റേച്ചൽ വന്നു. തലയിൽ തുണികൊണ്ടു കെട്ടിയ വാൻഗോഗിനെ കണ്ടു. നിനക്കൊരു സമ്മാനം തരാൻ വന്നതാണ് എന്ന് ശാന്തമായി അറിയിച്ചു. തൂവാലയിൽ പൊതിഞ്ഞ സമ്മാനം റേച്ചലിനെ ഏൽപ്പിച്ചു. ആകാംക്ഷയോടെ നോക്കിയ റേച്ചൽ സ്തംഭിച്ചു പ്പോയി ഉടനെ ബോധം നഷ്ടപ്പെട്ടു നിലത്ത് വീണു.
തിരികെ മഞ്ഞ വീട്ടിലേക്ക് എത്തും മുൻപെ വിൻസെൻന്റ് ബോധം കെട്ട് വീണു.

വിൻസെന്റിന്റെ ജീവിതകാലത്ത് വിറ്റഴിഞ്ഞ ഏക ചിത്രമാണ് ‘ചുവന്ന മുന്തിരിത്തോപ്പ് ‘ കത്തിജ്വലിക്കുന്ന സൂര്യന് കീഴിൽ മുന്തിരിത്തോപ്പിൽ നിന്ന് മുന്തിരി ശേഖരിക്കുന്ന കർഷകരാണ് ചിത്രത്തിൽ ബ്രഷ് ടോക്കുകൾ കൊണ്ട് ചിത്രം തീർക്കുന്നു. കാണുമ്പോൾ വളരെ ഈസിയായി തോന്നും പക്ഷേ പെട്ടെന്ന് വരച്ച് ഫലിപ്പിക്കാൻ പറ്റാത്ത ശൈലിയാണ്. മോസ്കോയിലുള്ള പുഷ്കിൻ മ്യൂസിയത്തിൽ ചിത്രം സൂക്ഷിച്ചിരിക്കുന്നു.

സ്റ്റിൽ ലൈഫ് റിത്ത് ബൈബിൾ .. ഫിഷിങ്ങ് ബോട്ട്സ് അറ്റ് സീ .. ദി റിവർ. .. വുമൺ നിയർ ദി ഫയർപ്ലേസ് ..പീച്ച് ട്രീസ് ഇൻ ബ്ലോസം.. ദി സോവർ .. സൂര്യകാന്തിപ്പൂക്കൾ .. ഓർചെഡ് സറൗണ്ടഡ് ബൈ സൈപ്രസ് ..സ്റ്റാറി നൈറ്റ് ഓവർ ദ റോൺ റിവർ .. ജീപ്പ്സി ക്യാംപ് .. താച്ച്ഡ് റൂഫ് ..ഉരുളക്കിഴങ്ങ് തീറ്റക്കാർ .. നദിയിലെ മീൻ പിടിത്തം .. കൊയ്ത്ത് .. ലാൻഗ് ലോയിസ് ബ്രിഡ്ജ് .. മഞ്ഞ വീട് .. സ്റ്റാറി നൈറ്റ് .. ഒവേറിലെ പള്ളി.. ഗോതമ്പ് പാടത്തെ കാക്കകൾ .. ദി പോയറ്റ്സ് ഗാർഡൻ.. .. വാൻഗോഗ് മരണത്തിന് മാസങ്ങൾക്ക് മുമ്പ് വരച്ചആൽമണ്ട് വൃക്ഷത്തിന്റെ പൂക്കൾ.. തുടങ്ങിയ പ്രശസ്തമായ പെയിന്റിംഗുകൾ ലോകത്തിന് സമർപ്പിച്ച വിഖ്യാതനായ ചിത്രകാരൻ വിൻസെന്റ് വാൻഗോഗ്.

ജൂലൈ 29 അദ്ദേഹത്തിന്റെ ചരമദിനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here