ബിജു കാരക്കോണം
പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫർ
ഭാരതത്തിൽ വർഷം തോറും നടത്തിവരുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന വൃക്ഷത്തൈ നടീൽ ഉത്സവമാണ് വനമഹോത്സവം. ഭാരതം വനമഹോത്സവം ആഘോഷിക്കാൻ തുടങ്ങിയിട്ട് എഴുപതു വർഷം തികയുകയാണ്. 1947 ജൂലൈയിൽ ദില്ലിയിൽ ദേശീയ നേതാക്കളായ അബ്ദുൾ കലാം ആസാദ്, ജവഹർലാൽ നെഹ്‌റു, ഡോ. രാജേന്ദ്ര പ്രസാദ് എന്നിവർ പങ്കെടുത്ത ഒരു വൃക്ഷത്തൈ നടീലിനു ശേഷമാണ് വനമഹോത്സവം എന്ന പദം ഉത്ഭവിച്ചത്. കേന്ദ്ര കൃഷി, ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന Dr. കെ.എം മുൻഷി യുടെ നേതൃത്വത്തിൽ ആയിരത്തി തൊള്ളായിരത്തി അൻപതിലായിരുന്നു ആദ്യമായി വനമഹോത്സവം തുടക്കം കുറിച്ചത്.
1887 ഡിസംബർ 30 ന് ജനിച്ച കനയ്യലാൽ മാനികളാൽ മുൻഷി അഥവാ കുലപതി കെ.എം . മുൻഷി ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകൻ, രാഷ്ട്രീയക്കാരൻ, എഴുത്തുകാരൻ, അഭിഭാഷകൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നീ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനൻ ആയിരുന്നു. ഗുജറാത്തി സാഹിത്യത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. ഭാരതീയ വിദ്യാഭവന്റെ സ്ഥാപകനെന്ന നിലയിൽ കൂടുതൽ ജനപ്രിയനാണ് അദ്ദേഹം. ഇന്ന് പരിസ്ഥിതി, ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം, ഇവയെ സ്വാധീനിക്കുന്ന വൃക്ഷങ്ങളുടെ പങ്ക് എന്നിവയെക്കുറിച്ച് ലോകം ബോധവാന്മാരായപ്പോൾ, വർഷങ്ങൾക്കു മുമ്പുതന്നെ കെ.എം. മുൻഷി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതും സംരക്ഷിക്കുന്നതും ഒരു പ്രധാന അജണ്ടയാക്കിയിരുന്നു. ഈ കാഴ്ചപ്പാടാണ് 1950 മുതൽ വനമഹോത്സവകാലത്ത് ഇന്ത്യയിലുടനീളം ദശലക്ഷക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിക്കുവാൻ നേതൃത്വം നൽകാൻ ഇടയായതും. അന്നു മുതൽ ജൂലായ് മാസം ഒന്നുമുതൽ ഏഴുവരെ എല്ലാവർഷവും ഭാരതത്തിൽ വനമഹോത്സവം നടത്തി വരുന്നു. സർക്കാരിന്റെ നേതൃത്വത്തിൽ മരങ്ങൾ നടുന്നത് മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ മറ്റു ഉത്സവങ്ങൾ പോലെ രാജ്യത്തിലെ ജനങ്ങളെല്ലാവരും പങ്കാളികളാവുക, മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ചും വനങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ പ്രസ്ഥാനം ആരംഭിക്കുന്നതിനു പിന്നിലെ പ്രധാന ലക്ഷ്യം.
ഈ പ്രസ്ഥാനത്തിലൂടെ ഡോ. മുൻഷി നിറവേറ്റാൻ ആഗ്രഹിച്ച ലക്ഷ്യങ്ങൾ പഴങ്ങളുടെയും, ഭക്ഷ്യ വിഭവങ്ങളുടെ ഉൽപാദനം വർദ്ധിപ്പിക്കുക, ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് വയലുകളിൽ ഷെൽട്ടർ ബെൽറ്റുകൾ സൃഷ്ടിക്കുക, കന്നുകാലികൾക്ക് ഭക്ഷണവും തണലും നൽകുക, മണ്ണിന്റെ സംരക്ഷണം വർദ്ധിപ്പിക്കുക. വരൾച്ച കുറയ്ക്കുക, മണ്ണൊലിപ്പ് തടയാൻ സഹായിക്കുക, മണ്ണിന്റെ കൂടുതൽ നശീകരണം തടയുക എന്നിവയായിരുന്നു.
രാജ്യത്തുടനീളമുള്ള വനമഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തിന്റെ അപ്രത്യക്ഷമാകുന്ന വനമേഖലകൾ നിലനിർത്തുന്നതിനായി വനംവകുപ്പ് വനവൽക്കരണ പ്രക്രിയകൾ ആരംഭിച്ചു. വനമഹോത്സവം പൊതുജനങ്ങൾക്കിടയിൽ വൃക്ഷങ്ങളെക്കുറിച്ചുള്ള അവബോധം ഉയർത്തുകയും ആഗോളതാപനം തടയുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള മികച്ച മാർഗങ്ങളിലൊന്നായി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
വനമഹോത്സവത്തെ ജീവിതത്തിന്റെ ഉത്സവമായാണ് ആഘോഷിക്കുന്നത്. ഭാരതത്തിന്റെ ഹരിത മേലങ്കി വർദ്ധിപ്പിക്കുകയാണ് വനമഹോത്സവത്തിന്റെ ആത്യന്തിക ലക്ഷ്യം. വനംവകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ വിവിധ പരിപാടികളാണ് ഈ കാലയളവിൽ വിവിധ സംഘടനകളും, സ്കൂളുകൾ, കോളേജുകൾ, റെസിഡൻസ് അസോസിയേഷനുകൾ, സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും വിവിധ സ്ഥാപനങ്ങൾ എന്നിവയുടെയും വിവിധ സാമൂഹിക സംഘടനകൾ എന്നിവയും വഴി കുട്ടികളെയും സമൂഹത്തിലെ മറ്റു വിഭാവക്കാരേയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ വിപുലമായാണ് ആഘോഷിച്ചുവരുന്നത്.
രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ഖെജാർലി. ഗ്രാമത്തിൽ ധാരാളമായി ഉണ്ടായിരുന്ന ഖേജ്‌രി മരങ്ങളിൽ നിന്നാണ് ഗ്രാമത്തിന്റെ പേര് ഉരുത്തിരിഞ്ഞു വന്നത്. എ ഡി 1730 സെപ്റ്റംബറിൽ ഗ്രാമം രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ, ഏറ്റവും രക്ത രൂക്ഷിതമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചു. മാർവാറിലെ മഹാരാജാവിനു പുതിയ കൊട്ടാരത്തിന്റെ നിർമ്മാണത്തിനായി കുമ്മായം ഉത്പാദിപ്പിക്കാൻ ഗ്രാമവാസികൾക്ക് പവിത്രമായ ഖേജ്‌രി മരങ്ങൾ മുറിച്ചു കത്തിക്കാൻ എന്ന ലക്ഷ്യത്തോടെ മഹാരാജാവിന്റെ മന്ത്രി ഗിരിധർ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗ്രാമത്തിലെത്തി.
രാജകീയ സംഘങ്ങൾ മരം മുറിക്കുന്നത്തിനെതിരെ ബിഷ്നോയിസ് വിശ്വാസികൾ അമൃതദേവിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചപ്പോഴാണ് അതി ക്രൂരമായ നടപടികൾ ഉണ്ടായത്. ബിഷ്നോയി മതത്തിൽ മരങ്ങൾ മുറിക്കുന്നത് നിരോധിച്ചിരിക്കുന്നതിനാൽ അവർ പവിത്രമായി കരുതിയിരുന്ന മരങ്ങളെ മുറിച്ചുമാറ്റാൻ അനുവദിക്കാതെ അതിനെ സംരക്ഷിക്കാൻ സജ്ജനങ്ങൾ മരങ്ങളെ കെട്ടിപ്പിടിച്ചു നിന്ന് തടയുവാൻ ശ്രമിച്ചു.
വൃക്ഷങ്ങളെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കൈക്കൂലിയായി പണം നൽകണമെന്ന് അവർ അമൃതദേവിയോട് പറഞ്ഞു. ഈ ആവശ്യം അംഗീകരിക്കാൻ അവർ വിസമ്മതിക്കുകയും ആ വാഗ്ദാനം അവഹേളനമായി കണക്കാക്കുകയും അത് അവരുടെ മതവിശ്വാസത്തെ അപമാനിക്കുന്നതായും അവർ കരുതി. മരങ്ങളെ രക്ഷിക്കാൻ തന്റെ ജീവൻ ത്യജിക്കാൻ വരെ തയാറാണെന്നു അവർ പറഞ്ഞു. “Sar santey rukh rahe to bhi sasto jan.” “If a tree is saved even at the cost of one’s head, it is worth it.” ~ Amrita Devi.
ഒരു മനുഷ്യന്റെ തലയ്ക്കു പകരം ഒരു മരംവച്ച് സംരക്ഷിച്ചാൽ പോലും അതൊരു വലയ കാര്യമാണെന്നായിരുന്നു അമൃത ദേവി അന്ന് അഭിപ്രായപെട്ടത്. അമൃത ദേവിയും അവരുടെ മൂന്ന് പെൺമക്കളും അടക്കം 365 മനുഷ്യ ജീവനുകളാണ് ആ പുണ്യമരങ്ങളെ സംരക്ഷിക്കുവാൻ വേണ്ടി ബലിയാടായത്. അതി ഭയാനകമായ രക്തച്ചൊരിച്ചിൽ അസ്വസ്ഥനായ മാർവാറിലെ മഹാരാജാ അഭയ് സിംഗ് മരങ്ങൾ വെട്ടിമാറ്റുന്നത് അവസാനിപ്പിച്ചു.
പടിഞ്ഞാറൻ താർ മരുഭൂമിയിലും ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിലും കാണപ്പെടുന്ന ഒരു ഹിന്ദു മതവിഭാഗമാണ് ബിഷ്നോയ് അഥവാ വിഷ്നോയ്. ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി പ്രവർത്തകരായിട്ടാണ് ബിഷ്നോയികളെ കണക്കാക്കുന്നത്. അവർ ജനിക്കുന്നതുതന്നെ പ്രകൃതി സ്നേഹികളായിട്ടാണ്. രാജസ്ഥാനിലെ താർ മരുഭൂമിയിൽ വിശുദ്ധ ഗുരു ജംബേശ്വർ 1485 എ.ഡിയിൽ ബിഷ്നോയിസം ആരംഭിച്ചതായി പറയപ്പെടുന്നു. പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ച് ലോകം അറിയുന്നതിന് വളരെ മുമ്പുതന്നെ, പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിച്ചും അതിൻറെ അതിലോലമായ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബിഷ്നോയിസ് മനസിലാക്കിയിരുന്നു. അരനൂറ്റാണ്ട് മുമ്പ്തന്നെ ബിഷ്നോയ് ദർശനങ്ങൾ ഈ വിഷയങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. പരിസ്ഥിതി മൂല്യത്തിനും സംരക്ഷണത്തിനും പരിചരണത്തിനും മറ്റൊരു മതക്രമവും ഈ പ്രാധാന്യം നൽകിയിട്ടില്ല.സൽമാൻ ഖാൻ നടത്തിയ നായാട്ടിന്റെ, ബ്ലാക്ക് ബക്കിനെയും ചിങ്കാരയെയും കൊലപ്പെടുത്തിയ വാർത്ത ജനങ്ങൾ അറിഞ്ഞതുതന്നെ ഇവർ നടത്തിയ ഇടപെടലുകളിലൂടെയായിരുന്നു. ഈ വാർത്തയിലൂടെ, വംശനാശഭീഷണി നേരിടുന്ന രണ്ട് മൃഗങ്ങളെക്കുറിച്ച് മാത്രമല്ല, പ്രകൃതിയുടെ നായകന്മാരായ ബിഷ്നോയികളെക്കുറിച്ചും രാഷ്ട്രം മനസ്സിലാക്കി.
1973 ൽ ഇന്ത്യയിലെ ഹിമാലയത്തിലെ മണ്ഡൽ ഗ്രാമത്തിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ മരങ്ങൾ വെട്ടിമാറ്റുന്നത് തടയാൻ ചിപ്കോ പ്രസ്ഥാനത്തിന് രൂപംനൽകി. മരം വെട്ടുകാർ വന്നപ്പോൾ ഗൗര ദേവിയുടെ നേതൃത്വത്തിൽ സ്ത്രീകൾ മരങ്ങൾ വളഞ്ഞു: “ഈ വനം ഞങ്ങളുടെ അമ്മയുടെ വീടാണ്; ഞങ്ങളുടെ എല്ലാ ശക്തിയോടെയും ഞങ്ങൾ അതിനെ സംരക്ഷിക്കും ”.”മരങ്ങൾ മുറിച്ചാൽ മണ്ണ് ഒഴുകിപ്പോകും. മണ്ണിടിച്ചിലും മണ്ണൊലിപ്പും വെള്ളപ്പൊക്കമുണ്ടാക്കും, ഇത് നമ്മുടെ വയലുകളെയും വീടുകളെയും നശിപ്പിക്കും, നമ്മുടെ ജലസ്രോതസ്സുകൾ വറ്റിപ്പോകും, കാട് നൽകിക്കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നശിച്ചുപോകും.” അവർ ഒരേസ്വരത്തിൽ ഉറക്കെ വിളിച്ചുപറഞ്ഞു. ഭീഷണികളും അധിക്ഷേപങ്ങളും ഉണ്ടായിരുന്നിട്ടും നാല് ദിവസത്തിന് ശേഷം കരാറുകാർ തിരികെ പോകുന്നതുവരെ സ്ത്രീകൾ ഉറച്ചുനിന്നു. അവരുടെ വാക്കുകൾക്ക് സമൂഹത്തിലാകെ പ്രചാരം ലഭിച്ചു. അങ്ങനെയാണ് ചിപ്കോ പ്രസ്ഥാനം ഉദയം കൊള്ളുന്നത്. 1730 ൽ രാജസ്ഥാനിലെ ഖെജാർലിയിൽ, സമൂഹം പവിത്രമായി കരുതുന്ന ഖേജ്‌രി മരങ്ങൾക്കായി ജീവൻ ബലിയർപ്പിച്ച പ്രതിഷേധമാണ് ചിപ്പ്കോ പ്രസ്ഥാനത്തിന് പ്രചോദനമായത്. ചിപ്കോ, എന്ന വാക്കിന്റെ അർഥം ഹിന്ദിയിൽ “ആലിംഗനം” എന്നാണ്. പരിസ്ഥിതി പ്രവർത്തകർക്ക് ഉപയോഗിക്കുന്ന ‘ട്രീ ഹഗ്ഗർ’ എന്ന വാക്കിന്റെ ഉത്ഭവം ഇതിൽനിന്നാണ്.
ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചുനോക്കിയാൽ പ്രകൃതി സംരക്ഷണ പ്രഷോഭങ്ങളിൽ മുൻപതിയിൽ വന്നിട്ടുള്ളത് കൂടുതലും സ്ത്രീകൾ ആണെന്ന് കാണാം. പ്രകൃതിയെ അമ്മയെന്ന് വിശേഷിപ്പിക്കുന്നതിൽ അർഥം തേടി മറ്റൊരിടത്തും പോകേണ്ട ആവശ്യം ഇല്ലായെന്ന് ഇവരുടെ പ്രവർത്തികൾ അടിവരയിട്ടു കാണിക്കുന്നു .
മരങ്ങൾ നാട്ടുപരിപാലിക്കുകയും അവയുടെ ഉപയോഗം കെട്ടിടനിർമാണങ്ങളിൽ കൂടുതൽ ഉപയോഗിക്കുകയും വഴി പാറകളുടെയും, മണലിന്റെയും, സിമെന്റ്, കമ്പി, സ്റ്റീൽ എന്നിവയുടെയും ഉപഭോഗം കുറക്കാൻ കഴിയും. ആഗോള താപനം കുറക്കുവാൻ ഇത്തരം പ്രവർത്തികൾ കൂടുതൽ പ്രയോജനം ചെയ്യും. ഭൂട്ടാൻ ഹിമാലയൻ മലകൾക്കിടയിൽ ഒളിപ്പിച്ചുവച്ച ഒരു കുഞ്ഞു പർവ്വതരാജ്യം ലോകത്തെ ആദ്യത്തെ കാർബൺ നെഗറ്റീവ് രാജ്യമാകാനുള്ള കാരണം ഭൂട്ടാന്റെ രാഷ്ട്രീയ അജണ്ട അവരുടെ ജിഎൻഎച്ച് (ഗ്രോസ് നാഷണൽ ഹാപ്പിനെസ് ) സൂചിക മാതൃകയെ അടിസ്ഥാനമാക്കിയുള്ളതാണ്, പരിസ്ഥിതി സംരക്ഷണമാണ് അവരുടെ പ്രധാന മുൻഗണനയായി രാജ്യം കാണുന്നത് . ലോകത്തിലെ ഏറ്റവും കൂടുതൽ കാർബൺ പുറംതള്ളുന്ന ചൈനയും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടേയും ഇടയിൽ സ്ഥിതിചെയ്യുന്ന ഇവിടത്തെ മരങ്ങൾ രാജ്യത്തു പുറംതള്ളുന്ന കാർബൺ ഡൈഓക്‌സ്‌സൈഡ് നെക്കാളും കൂടുതൽ ഓക്സിജൻ ഉല്പാദിപ്പിക്കുന്നു. രണ്ടായിരത്തി പത്തൊമ്പതിലെ കണക്കു പ്രകാരം ചൈന 27.2%, അമേരിക്ക 14.6%, ഇന്ത്യ 6.8% എന്നീ മൂന്നുരാജ്യങ്ങൾ ചേർന്നു ഉല്പാദിപ്പിക്കുന്നത് ലോകത്തിന്റെ 48.6% കാർബൺ ഡൈഓക്‌സ്‌സൈഡ് എന്നത് വരെ ഭയാനകരമായ അവസ്ഥയാണ്. കെട്ടിടനിർമാണ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും പൈൻ മരങ്ങളാണ് ഉപയോഗിക്കുന്നത് ഉപയോഗിക്കുന്ന മരങ്ങളെക്കാളും അവർ നട്ടുപിടിപ്പിച്ചു പരിപാലിക്കുന്നതിനും പ്രാധാന്യം നല്കുന്നതുകൊണ്ടാണ് കാർബണിന്റെ അളവ് അന്തരീക്ഷത്തിൽ കുറയ്ക്കുവാൻ സാധിക്കുന്നത്. ജല ചൂഷണം കൂടുതൽ നടത്തുന്ന മരങ്ങളായ തേക്ക്, മാഞ്ചിയം, യൂക്കാലിപ്റ്റസ് എന്നിവയെക്കാളും ജലചൂഷണം കുറഞ്ഞ മരങ്ങളും ഭലവൃക്ഷങ്ങളും കൂടുതൽ സ്ഥലങ്ങളിൽ വളർത്തിയെടുക്കണം. മരങ്ങൾ നട്ടുപിടിപ്പിക്കലാണ് കാലാവസ്ഥ വ്യതിയാനം കുറക്കുവാനായി ചെയ്യാവുന്ന പ്രധാന നടപടികളിലൊന്ന്.
ആഗോളതാപനം പരിമിതപ്പെടുത്തുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള മികച്ച മാർഗ്ഗങ്ങളിലൊന്നാണ് മരങ്ങൾ എന്നതിനാൽ പൊതുജനങ്ങൾക്ക് വൃക്ഷങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കാനും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെ ബോധ്യപെടുത്തുവാനും വനമഹോത്സവം പോലുള്ള പരിപാടികളിലൂടെ കഴിയും.
ഒരു ചൈനീസ് പഴമൊഴിയുണ്ട് ഒരു മരം നടാനുള്ള ഏറ്റവും നല്ല സമയം ഇരുപതു വര്ഷം മുൻപ് ആയിരുന്നു, ഇനിയുള്ള ഏറ്റവും നല്ല സമയം ഇന്നാണ്.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.