സാറാ ജോസഫിനും ജസ്റ്റിസ് ശംസുദ്ധീനും വക്കം മൗലവി പുരസ്കാരം

0
430

കോഴിക്കോട്: നോവലിസ്റ്റ് സാറ ജോസഫിനും കേരള ഹൈക്കോടതി മുന്‍ ന്യായാധിപന്‍ ജസ്റ്റിസ് പി കെ ശംസുദ്ധീനും ഈ വര്‍ഷത്തെ വക്കം മൗലവി പുരസ്കാരം. യഥാക്രമം നോവല്‍ സാഹിത്യം, സമാധാന പ്രവര്‍ത്തനം എന്നീ മേഖലകളിലാണ് ഇരുവരും പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. അരികുവല്‍ക്കരിക്കപ്പെട്ടവരും ആട്ടിയകറ്റപ്പെട്ടവരുമായ ജനതയുടെ വിമോചനം ഉയര്‍ത്തിപ്പിടിക്കുന്ന രചനകളാണ് സാറാജോസഫിന്‍റെ രചനകളെന്നു പുരസ്കാര സമിതി അഭിപ്രായപ്പെട്ടു. സമത്വവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട കീഴ്ജാതിക്കാരോടും സ്ത്രീകളോടുമുള്ള അവഗണനക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് സാറ ജോസഫിന്റെ എഴുത്തും ജീവിതവും. 1946 ഫെബ്രുവരി 10-ന് തൃശൂര്‍ ജില്ലയിലെ കുരിയച്ചിറയില്‍ ജനിച്ച സാറാ ജോസഫ് പട്ടാമ്പി സംസ്കൃത കോളജിൽ മലയാളം പ്രഫസറായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാടിന്റെ സംഗീതം, പാപത്തറ, ഒടുവിലത്തെ സൂര്യകാന്തി, പുതുരാമായണം, ആലാഹയുടെ പെണ്മക്കള്‍, മാറ്റാത്തി, ഒതപ്പ്, ഊരുകാവല്‍, ആതി, ആളോഹരി ആനന്ദം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേന്ദ്ര,കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്ക് പുറമേ വയലാര്‍ അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഹൈക്കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് ശംസുദ്ധീന്‍ മനുഷ്യാവകാശ, സമാധാന പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഇടപെട്ടു പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകനാണ്. മതാന്തര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും അതുല്യ സംഭാവനകളാണ് ജസ്റ്റിസ് ഷംസുദ്ദീന്‍ നല്‍കിവരുന്നതെന്ന് പുരസ്കാര സമിതി വിലയിരുത്തി. കേരള ഹൈക്കോടതിയില്‍ ന്യായാധിപനായിരുന്ന (1986-’93) അദ്ദേഹം എം ഇ എസ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍, ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ, കെ എം ഇ എ, കേരള ഇസ്‌ലാമിക് സെമിനാര്‍ തുടങ്ങിയവയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി അന്തര്‍ദേശീയ വേദികളില്‍ പ്രഭാഷകനായി പങ്കെടുത്ത അദ്ദേഹത്തിന് ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഇന്ത്യയുടെ ചെയര്‍മാനാണ്.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന വക്കം മൗലവി പഠന ഗവേഷണ കേന്ദ്രമാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. മുന്‍വര്‍ഷങ്ങളില്‍ വിവിധ രംഗങ്ങളില്‍ കെ എന്‍ പണിക്കര്‍, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്, ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍, എ അബ്ദുസ്സലാം സുല്ലമി, കെ അബൂബക്കര്‍, മുഹമ്മദ്‌ കുട്ടശ്ശേരി തുടങ്ങിയവരാണ് വക്കം മൗലവി പുരസ്കാരത്തിന് അര്‍ഹരായത്. കാല്‍ ലക്ഷം രൂപയും പ്രശസ്തി ഫലകവും ഉള്‍ക്കൊള്ളുന്ന പുരസ്കാരം ഒക്റ്റോബര്‍ മധ്യത്തില്‍ കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് പഠന കേന്ദ്രം ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍, ജനറല്‍ സെക്രട്ടറി ഗഫൂര്‍ തിക്കോടി എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here