‘വന്ദേ വാഗ്ഭടാനന്ദം’

0
350
vande-vagbhadamamdam-cover
വാഗ്ഭടാനന്ദൻ

ഹരികുമാര്‍ ഇളയിടത്ത്

‘ഒരു ദൈവമെന്നുമൊരു മതമെന്നു
മൊരു ജാതിയെന്നും വരുന്നനാളിലേ
ധരാതലം തന്നിൽ നിരന്തരം സുഖം
വരാനെളുപ്പമായിരിക്കുമെന്നല്ലോ
ദയാലു മോഹനൻ ദയാനന്ദൻ തൊട്ട
നിയമ ജ്ഞാനികളുരപ്പതോര്‍ക്കുവിന്‍’

മലബാർ പ്രദേശങ്ങളിലെ പ്രൈമറി വിദ്യാലയങ്ങളിൽ ഒരുകാലത്ത് മുഴങ്ങിക്കേട്ട പ്രാർത്ഥനാഗീതത്തിലെ വരികളാണിവ. ഭാരതത്തിന്‍റെ നവോത്ഥാന ശില്പികളായ രാജാറാം മോഹന്‍ റോയിയെയും മഹര്‍ഷി ദയാനന്ദ സരസ്വതിയെയും ശ്രീനാരായണ ഗുരുവിനെയും ഹൃദയപൂര്‍വ്വം അനുസ്മരിക്കുന്നുണ്ട് ഈ കാവ്യഭാഗം.

വൈജ്ഞാനികദീപ്തിയാല്‍ ഒരുകാലത്ത് കേരളത്തെ ഇളക്കിമറിച്ച ഒരു മഹാഗുരുവിന്‍റെ ചിത്തവും ചിന്തയും പ്രവൃത്തിയും വെളിപ്പെടുത്തുന്ന മാനിഫെസറ്റോയിലെ വരികളാണിവ
വരികളാണിവ.
‘സ്വാതന്ത്ര്യചിന്താമണി’ എന്ന കൃതിയില്‍ വാഗ്ഭടാനന്ദ ഗുരുവാണ് ഇപ്രകാരം എഴുതിയത്.

ജാതിചിന്തയെ ഇത്രത്തോളം അതിജീവിച്ച ഒരാള്‍ അക്കാലത്ത് അപൂര്‍വ്വമായിരുന്നു. അതിന്‍റെ സ്വീകാര്യതയും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യരുടെയും അനുഭാവികളുടെയും നീണ്ടനിര അത് വെളിവാക്കുന്നുണ്ട്.

തിരുനക്കര നായര്‍ സമ്മേളനം

1926ലെ കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന നായര്‍ മഹാസമ്മേളനം അക്കാലത്തെ അദ്ദേഹത്തിന്‍റെ സ്വീകാര്യതയെ വെളിവാക്കുന്നു. ആ സമ്മേളനം നാലു ദിവസം നീണ്ടുനിന്നു. നാലാം ദിവസം രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്ത ഹിന്ദു മതസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയത് മലബാറില്‍ നിന്നെത്തിയ യുവപണ്ഡിതനായിരുന്നു. അദ്ദേഹം നായര്‍ ആയിരുന്നില്ല എന്നതാണ് ആ സമ്മേളനത്തിന്‍റെ ചരിത്രപരമായ പ്രാധാന്യം. ഈഴവ(തിയ്യ)നായ വാഗ്ഭടാനന്ദനായിരുന്നു കോമളനായ ആ യുവയോഗി. സാഹിത്യ പഞ്ചാനനന്‍ പി. കെ. നാരായണപിളളയായിരുന്നു സമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍. അന്നത്തെ സമ്മേളനത്തില്‍ പങ്കെടുത്ത നാഗവളളി ആര്‍. എസ്സ്. കുറുപ്പ് അതേപ്പറ്റി എഴുതുന്നു:

‘പ്രസംഗവേദിയുടെ പിറകിലുളള കസേരയില്‍ നിന്നും പുരുഷസൗന്ദര്യത്തിന്‍റെ പൂര്‍ണ്ണഭോഗമായ ഒരു തേജോരൂപന്‍ കയ്യില്‍ അറ്റം വളഞ്ഞ ചൂരല്‍വടിയുമായി സാവധാനം മുമ്പിലേക്ക് വന്നു നിന്നു. പരമ ശാന്തമായ ശബ്ദത്തില്‍ അദ്ദേഹം പ്രസംഗം ആരംഭിച്ചു. അന്ന് മഹായോഗങ്ങള്‍ക്ക് മൈക്രോഫോണും ഉച്ചഭാഷിണിയും ഉപയോഗിക്കുക പതിവില്ലായിരുന്നു. മൈക്രോഫോണ്‍ ഈ നാട്ടില്‍ എത്തിയിട്ടില്ലാത്ത കാലം. രണ്ടായിരത്തോളം ശ്രോതാക്കള്‍ അടങ്ങിയ ആ പന്തലില്‍ ആ മഹാപുരുഷന്‍റെ സ്വരം മണിനാദം പോലെ മുഴങ്ങി. ആരുടെ ആദരവും അനായാസം നേടുവാന്‍ പര്യാപ്തമായിരുന്ന ആ ആകാരം കണ്ടയുടനെ സദസ്സ് പരമ നിശബ്ദമായി. ആദ്യത്തെ നാലഞ്ചു വാചകങ്ങള്‍ കേട്ടുകഴിഞ്ഞതോടെ സകലരും വീര്‍പ്പടക്കി ആ വാങ്മയം നുകരാന്‍ തുടങ്ങി. അതി ഗഹനമായ ആര്‍ഷ ധര്‍മ്മത്തെ ആധാരമാക്കി ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ അത്യന്തം ലളിതമായി അദ്ദേഹം ചെയ്ത പ്രഭാഷണം യഥാര്‍ത്ഥത്തില്‍ ദിവ്യമായ അനുഭൂതി ശ്രോതാക്കളില്‍ ഉളവാക്കി. ആ മുഖത്ത് കണ്ണുനട്ട്, ആ വാക്കുകള്‍ക്ക് ചെവി കൂര്‍പ്പിച്ചു കഴിഞ്ഞ ഞങ്ങള്‍ സമയം പോയതറിഞ്ഞില്ല. ഏകദേശം ഒരു മണിക്കൂര്‍ സമയം ആദ്ധ്യാത്മിക ചിന്തകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് സദസ്യര്‍ സര്‍വ്വവും മറന്ന് നിശ്ചലരായിരുന്നു. ഈശ്വര സങ്കല്പത്തിന്‍റെ മാഹാത്മ്യവും ബ്രഹ്മവിദ്യയുടെ സാരവുമൊക്കെ അദ്ദേഹം അവിടെ കൂടിയിരുന്ന സകലരുടെയും മനസ്സില്‍ ദൃഢമായി പതിയത്തക്ക രീതിയില്‍ പരമ ലളിതമായി വിശദീകരിച്ചു. സുമധുരവും സുബദ്ധവും ശ്രുതിശുദ്ധവുമായ സംഗീതം പോലെ ആ സരസ്വതി പ്രവാഹം സദസ്യരെ ആനന്ദ നിര്‍വൃതിയിലാറാടിച്ചു. അതു നിലച്ചപ്പോള്‍ നിമിഷനേരം കരഘോഷം മുഴക്കാന്‍ പോലും മറന്ന് ആ ഗംഭീര സദസ്സ് നിശ്ചലമായിരുന്നു പോയി. പിന്നീടുണ്ടായ ഹര്‍ഷാരവം കെട്ടടങ്ങുവാന്‍ വളരെ നേരം വേണ്ടി വന്നു’.

സംവാദങ്ങള്‍

ആശയസംവാദങ്ങളെ അജ്ഞതയ്ക്കെതിരെയുളള പ്രതിരോധമാക്കിത്തീര്‍ക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. കേരളത്തിലുടനീളം അദ്ദേഹം ആദ്ധ്യാത്മിക സംവാദത്തിന്‍റെ അലയൊലികളെത്തിച്ചു. അദ്ദേഹം ഈശ്വര വിശ്വാസത്തിനെതിരായിരുന്നില്ല. എന്നാല്‍ അതിന്‍റെ പേരിലുളള ചൂഷണങ്ങളെ തുറന്നെതിര്‍ക്കാന്‍ ഒട്ടും മടിച്ചില്ല. മനുഷ്യര്‍ ക്ഷേത്രത്തില്‍പെട്ടു കിടക്കുന്നതിനെ എതിര്‍ക്കാന്‍ അദ്ദേഹം ഒട്ടും മടിച്ചില്ല. വിഗ്രഹപ്രതിഷ്ഠകളോടും അദ്ദേഹം തന്‍റെ വിപ്രതിപത്തി പ്രകടമാക്കി. ഇക്കാര്യത്തില്‍ ശ്രീനാരായണ ഗുരുവിനോടുപോലും അദ്ദേഹം കലഹിക്കാന്‍ മടിച്ചില്ല. വിജ്ഞന്മാര്‍ക്കേ വാഗ്ഭടാനന്ദനെ ഉള്‍ക്കൊളളാന്‍ കഴിയൂ എന്നായിരുന്നു ശ്രീനാരായണഗുരുദേവന്‍റെ നിരീക്ഷണം.

ജനനവും ബാല്യവും

തേനക്കണ്ടിയില്‍ വാഴവളപ്പില്‍ കോരന്‍ ഗുരുക്കളുടെയും വയലേരി ചീരു അമ്മയുടെയും മകനായി 1884ല്‍ ഉത്തരകേരളത്തിലെ പാട്യം എന്ന ഗ്രാമത്തിലാണ് വാഗ്ഭടാനന്ദന്‍ ജനിക്കുന്നത്. കുഞ്ഞിക്കണ്ണന്‍ എന്നാണ് അച്ഛനമ്മമാര്‍ കുട്ടിക്കാലത്ത് നല്‍കിയ പേര്. ഗോവിന്ദന്‍, കുഞ്ഞിരാമന്‍, ചാത്തുക്കുട്ടി, കണാരി എന്നിങ്ങനെ നാലു സഹോദരന്മാരും കല്യാണിയെന്ന സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. സംസ്കൃതത്തിലും വൈദ്യശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്ന പിതാവ് ഏകദൈവവിശ്വാസിയായിരുന്നു. ബഹുദൈവവിശ്വാസത്തിനെതിരായി ജനങ്ങളെ ബോധവത്കരിക്കാന്‍ അദ്ദേഹം കവിതകളും ശ്ലോകങ്ങളും ചമച്ചിരുന്നു. ഇത് കുഞ്ഞിക്കണ്ണനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. പ്രാധമിക വിദ്യാഭ്യാസം അച്ഛന്‍ നല്‍കി. പിന്നീട്, തലശ്ശേരി കോളജില്‍ അദ്ധ്യാപകനായിരുന്ന എം. കെ ഗുരുക്കളുടെ കീഴില്‍ വ്യാകരണശാസ്ത്രാദികള്‍ അഭ്യസിച്ചു. പാലക്കാട് കോളജില്‍ അദ്യാപകനായിരുന്ന രൈരുനായരും അദ്ദേഹത്തിന്‍റെ ചിന്തകളെ ചിട്ടപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചു. കൂടാതെ, അഴീക്കോടു സ്വദേശിയായ വായാത്ത സ്വാമികളും കുഞ്ഞിക്കണ്ണനില്‍ സ്വാധീനം ചെലുത്തി. എഴുത്തിലും പ്രഭാഷണത്തിലും അദ്ദേഹം തന്‍റെ പ്രതിഭയെ പ്രയോഗിച്ചു നോക്കി. പണ്ഡിതര്‍ അതിനെ അനുമോദിച്ചു. 1895ല്‍ ഭാഷാഹൃദയംം എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു.

വാഗ്ഭടാനന്ദന്‍ എന്നപേര്

1905 ല്‍ തര്‍ക്കസംഗ്രഹം എന്ന ഗ്രന്ഥവുമായി കുഞ്ഞിക്കണ്ണന്‍ കോഴിക്കോട് എത്തി. ബ്രഹ്മസമാജത്തിന്‍റെ പ്രവര്‍ത്തകനായ ഡോ. അയ്യത്താന്‍ ഗോപാലനെ കാണാനിടയായത് വഴിത്തിരിവായി. ബഹുദൈവാരാധനയെ ശക്തിയുക്തം എതിര്‍ക്കുകയും ഏകേശ്വരവിശ്വാസത്തെയും ബ്രഹ്മോപാസനയെയും പ്രാചീന വൈദിക കൃതികള്‍കൊണ്ട് സമര്‍ത്ഥിക്കുകയും ചെയ്യുന്നതിന് വൈദിക ഗ്രന്ഥങ്ങളിലും തര്‍ക്ക, വ്യാകരണശാസ്ത്രാദികളിലും പാണ്ഡിത്യമുളള ഒരാളെ തേടിയ അയ്യത്താന്‍ ഗോപാലന്, താന്‍ ബ്രഹ്മസമാജത്തിന്‍റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാമെന്ന് കുഞ്ഞിക്കണ്ണന്‍ വാക്കുകൊടുത്തു. എങ്കിലും സംഘടനയില്‍ അംഗമായില്ല. ഇതിനിടയില്‍ ‘മോക്ഷപ്രദീപം’ എന്ന കൃതിയിലൂടെ ഹൈന്ദവരിലെ അനാചാരങ്ങളെ തിരുത്താന്‍ ശ്രമിച്ച ബ്രഹ്മാനന്ദശിവയോഗികളുമായി പരിചയത്തിലാവുകയും, കുഞ്ഞിക്കണ്ണന്‍റെ വിജ്ഞാനദീപ്തി തിരിച്ചറിഞ്ഞ മഹായോഗി അദ്ദേഹത്തെ വാഗ്ഭടാനന്ദന്‍ എന്നു സംബോധന ചെയ്യുകയും ചെയ്തു.

നവോത്ഥാന പ്രവര്‍ത്തനങ്ങള്‍

ജാതിക്കെതിരായുളള പോര്‍മുഖങ്ങള്‍ തുറന്നവരായിരുന്നു നമ്മുടെ നവോത്ഥാന നായകരായ ആദ്ധ്യാത്മികാചാര്യന്മാര്‍. വാഗ്ഭടാനന്ദഗുരുവും ഇതില്‍നിന്നും ഭിന്നനല്ല. അദ്ദേഹത്തിന്‍റെ ജാതിനശീകരണ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന ജാതികള്‍ എന്നു കരുതിയിരുന്നവരെപ്പോലും വളരെ ആര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആത്മവിദ്യാസംഘം എന്ന സംഘടനയുടെ ഭാരവാഹികളുടെ നിര അക്കാര്യം തെളിയിക്കുന്നു. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളോടൊപ്പം നടത്തപ്പെടുന്ന ബലികള്‍ക്കെതിരെ അദ്ദേഹത്തിന്‍റെ പ്രതികരണം യാഥാസ്ഥിതികരെ ചൊടിപ്പിച്ചു.

അടിസ്ഥാനപരമായി അദ്ദേഹം ആത്മീയ വാദിയായിരുന്നു. അദ്ദേഹത്തിന്‍റെ ദര്‍ശനം ശങ്കരന്‍റെ അദ്വൈതം തന്നെയായിരുന്നു. പക്ഷേ, അദ്വൈതത്തിന്‍റെ പ്രായോഗികവശം സാമൂഹിക നന്മക്കുതകുന്ന മേഖലകളിലാണ് അദ്ദേഹം ഉപയോഗിച്ചത്. ബ്രഹ്മമാണ് പരമമായ സത്യം എന്ന് പറയുമ്പോള്‍ ഭൗതികജീവിതത്തെയോ ലൗകിക സാഹചര്യങ്ങളെയോ അദ്ദേഹം നിഷേധിക്കുന്നില്ല. താലികെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയവ പൂര്‍ണ്ണമായി തുടച്ചുമാറ്റാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ആത്മവിദ്യാസംഘത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സര്‍വ്വീസ് സൊസൈറ്റിയാണ് സഹകരണ മേഖലയില്‍ കേരളത്തിലെ ആദ്യത്തെ സംരംഭം. കൂടാതെ, സംസ്കൃത സ്കൂളുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. ചുരുക്കത്തില്‍, മഹര്‍ഷി ദയാനന്ദ സരസ്വതി ഹിന്ദുമതത്തെ എപ്രകാരം സംശുദ്ധയുക്തിയില്‍ ഈശ്വരാഭിമുഖ്യമുളളതാക്കിത്തീര്‍ത്തോ, അതുപോലെ കേരളത്തിന്‍റെ പരിധിയില്‍ ഹൈന്ദവധര്‍മ്മത്തെ യുക്തിപൂര്‍ണ്ണമാക്കാന്‍ യത്നിച്ച മഹാശയനായിരുന്നു വാഗ്ഭടാനന്ദന്‍. ശ്രീനാരായണ ഗുരുവിന്‍റെ അറിയാനും അറിയിക്കാനുമുളള സംവാദ സംസ്കാരവും, രാജാറാം മോഹന്‍ റോയിയുടെ മാനവികതയും ഒരേ വ്യക്തിത്വത്തില്‍ അലിഞ്ഞു ചേര്‍ന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്‍റേത്.

 

LEAVE A REPLY

Please enter your comment!
Please enter your name here