നിറയലിന്റെയും ഒഴിയലിന്റെയും കഥ

0
315


കവിത
വി. ടി. ജയദേവൻ


ആദ്യമാദ്യം ഒരാളില്‍
അയാള്‍ മാത്രമായിരിക്കും.
പിന്നീട് ആളെണ്ണം
കൂടിക്കൂടി വരും.
ആണുങ്ങള്‍,
പെണ്ണുങ്ങള്‍,
കുഞ്ഞു കുട്ടികള്‍,
വൃദ്ധന്മാര്‍,
ബന്ധുജനം,
ശത്രുജനം.
സഹകാരികള്‍.
അഭ്യുദയആഗ്രഹക്കാര്‍,
ഗുണചിന്തകര്‍,
പ്രേമികള്‍,
കാമികള്‍,
പഴം പെറുക്കാന്‍ വന്നവര്‍,
വിറകൊടിക്കാന്‍ കേറിയോര്‍,
കുറുക്കു വഴിനോക്കിയ
വെറും കാല്‍നടയാത്രക്കാര്‍…
അങ്ങനെയങ്ങനെ ആള്‍
ഒരു ജനതയാകും,
ഒരാള്‍ക്കൂട്ടമാകും.
അങ്ങനെയിരിക്കെയൊരു ദിനം
അകക്കൊതി താനേയടങ്ങും.
പച്ച മായും,
ജലാശയം വറ്റും,
പറവകള്‍
അന്യദേശങ്ങളിലേയ്ക്കു കൂടുമാറ്റും,
ജീവബിന്ദുക്കള്‍
അടിയടരിലേയ്ക്കു വലിയും.
വന്നവര്‍ വന്നവര്‍
ഓരോരുത്തരായി പിന്‍വാങ്ങും,
ഒച്ചയുമനക്കവും
മാഞ്ഞു മാഞ്ഞു പോകും.
ആളില്‍
ആള്‍ മാത്രം ആകും.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here