ട്രൂ സ്റ്റോറീസ്
അനീഷ് അഞ്ജലി
1941 ൽ ഇറങ്ങിയ വാൾട്ട് ഡിസ്നിയുടെ ഏറ്റവും ദൈർഘ്യം കുറഞ്ഞ അനിമേഷൻ സിനിമയുടെ പുനരാവിഷ്കാരമായാണ് ഡംബോ(Dumbo)എന്ന സിനിമ 2019ൽ ലോകമെമ്പാടും റിലീസ് ചെയ്തത്. നീണ്ട ചെവികളുള്ള, പറക്കാൻ കഴിവുള്ള ഒരുആനക്കുട്ടിയും സർക്കസുമാണ് സിനിമയുടെ പ്ലോട്ട്.
ഡംബോ ഓരോർമ്മയാണ്. നൂറ്റാണ്ടുകളോളം ലോകമെമ്പാടും സർക്കസ് കമ്പനികളുടെ പ്രശസ്തി അളക്കപ്പെട്ടിരുന്നത് അതിൽ ഉൾപ്പെട്ട മനുഷ്യരുടെ പ്രകടനങ്ങൾ കൊണ്ടു മാത്രമായിരുന്നില്ല. അതിലെ മൃഗങ്ങളുടെ എണ്ണവും അവയുടെ ട്രെയിൻഡ് ഫോഴ്സ്ഡ് ഷോകൾ കൊണ്ടായിരുന്നു.സർക്കസ് കൂടാരത്തിലെ നിറമുള്ള കാഴ്ചകൾക്കു പുറകിൽ കാണികൾ കാണാതെ പോയ കൊടിയ പീഡനമേറ്റ് മെരുക്കലിന്റെ ആജ്ഞനിറഞ്ഞ അട്ടഹാസങ്ങളാൽ എല്ലാ മൃഗവാസനകളും നഷ്ടപ്പെട്ട് യന്ത്രങ്ങളെപോലെ ചലിച്ച ഒരുകൂട്ടം ജീവികളെ കുറിച്ചോർത്തിട്ടുണ്ടോ?
തമ്പിൽ ഏറെ പീഡനമേറ്റത് ആനകൾക്കാണ് (ആനപ്രേമമെന്ന പേരിൽ ലോകമെമ്പാടും ഇന്നും അത് തുടരുന്നു). സർക്കസിലെ ആനകളുടെ കഥ ഒരു വലിയ വാരിക്കുഴിയുടെ ചരിത്രമാണ്. മാതംഗലീലയുടെ സൗന്ദര്യമല്ല, സഹ്യന്റെ മകന്റെ വേദന നിറഞ്ഞ ചിന്നംവിളിയാണ് നാം മുഴങ്ങി കേൾക്കുന്നത്. മെരുക്കിയെടുത്ത് അഭ്യാസം നടത്താൻ ഏറ്റവും എളുപ്പം ഏഷ്യൻ ആനകൾ ആയിരുന്നു എന്നതിനാൽ ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തിൽ സർക്കസ് കമ്പനികളുടെ ആകർഷണം ഏഷ്യൻ ആനകൾ നടത്തുന്ന പ്രകടനങ്ങൾ ആയിരുന്നു. രണ്ടു വ്യത്യസ്ത കാലങ്ങളിൽ സർക്കസ് കമ്പനികളിൽ ഉണ്ടായിരുന്ന രണ്ട് ആനകളുടെ കഥയാണിത്.
1900 ത്തിൽ അമേരിക്കയിൽ പ്രസിദ്ധിയാർജിച്ച സർക്കസ് കമ്പനിയായിരുന്നു സ്പാർക്ക്സ് വേൾഡ് ഫേമസ് ഷോ. സംഗീതോപകരണങ്ങൾ വായിക്കുന്ന, ബേസ് ബോൾ കളിക്കുന്ന മേരി എന്ന ഏഷ്യൻ പിടിയാനയായിരുന്നു ഷോയുടെപ്രധാന ആകർഷണം. കേരളത്തിലെ നാട്ടാനപ്രേമികളുടെ ഫാൻസ്അസോസിയേഷൻ പോലെ മേരിക്കും അമേരിക്കയിൽ ആരാധനകരുടെ വൻ പിന്തുണ ഉണ്ടായി.
1916ൽ സർക്കസിനിടയിൽ ഉണ്ടായ ഒരു സംഭവം കൊണ്ട് പ്രിയപ്പെട്ട മേരി വെറുക്കപ്പെട്ട മേരി ആയി മാറി. താൽക്കാലിക മൃഗപരിശീലകനായി യാതൊരു മുൻ പരിചയമില്ലാത്ത റെഡ് എൽറിഡ്ജ് എന്ന യുവാവ് മേരിയുടെ പരിപാലന ചുമതലയിലെത്തി. വന്നതിന്റെ പിറ്റേ ദിവസം 1916 സപ്തംബർ 12ന്ടെന്നിസിലെ സള്ളിവൻ കൗണ്ടിയിൽ മേരിയേയും കൊണ്ട് അയാൾ പരേഡിന് നേതൃത്വം നൽകി. മുൻവശത്ത് നടന്ന ഷോയുടെ താരമായിരുന്നു മേരി. ഒരു തണ്ണിമത്തൻ കണ്ടപ്പോൾ മേരി അതിലേക്ക് തുമ്പിക്കൈ നീട്ടി. ആന തന്റെ നിയന്ത്രണത്തിൽ നിന്ന് പുറത്തേക്കാണെന്ന് തെറ്റിദ്ധരിച്ച എൽറിഡ്ജ് തോട്ടി കൊണ്ട് മേരിയുടെ ചെവിയിൽ കുത്തി.വേദന കൊണ്ട് പുളഞ്ഞ മേരി അയാളെ തുമ്പിക്കൈകൊണ്ട് ചുഴറ്റിയെടുത്ത് നിലത്തിട്ട് തലയ്ക്ക്ചവിട്ടി. തൽക്ഷണം എൽറിഡ്ജ് മരണപ്പെട്ടു. ദുരന്തം കണ്ട ആളുകൾ കയ്യിൽ കിട്ടിയതതെല്ലാം എടുത്ത്മേരിയെ ഉപദ്രവിക്കാൻ തുടങ്ങി. ഒരാൾ തന്റെ തോക്കിൽ നിന്ന് നിറയൊഴിക്കുക വരെ ചെയ്തു.
എന്നാൽ വളരെ ശാന്തയായി മേരി ആരെയും ഉപദ്രവിക്കാതെ അതെല്ലാം ഏറ്റുവാങ്ങി നിന്നു. കൊലയാളി മേരിയെ കൊല്ലണം എന്ന പ്രചരണം ശകതമായി. മേരിയെ ഉൾപ്പെടുത്തി സർക്കസ് നടത്താൻ അനുവദിക്കില്ലെന്ന് ആളുകൾ ഉടമയെ ഭീഷണിപ്പെടുത്തി. മേരിയോടുള്ള ആളുകളുടെ പക വേഗത്തിൽ പരിഹരിക്കാനുള്ള ഏക മാർഗം മുറിവേറ്റ ആനയെ പരസ്യമായി കൊല്ലുകയെന്നതാണ് സർക്കസ് ഉടമ ചാർലി സ്പാർക്സ് മനസ്സില്ലാമനസ്സോടെ തീരുമാനിച്ചു..
മഞ്ഞുവീഴ്ചയും മഴയും നിറഞ്ഞ പിറ്റേ ദിവസം ടെന്നസിയിലെ യൂണികോയ് കൗണ്ടിയിലേക്ക് റെയിൽവേയിലൂടെ മേരിയെ എത്തിച്ചു, അവിടെ 2500 ഓളം ആളുകൾ (നഗരത്തിലെ ഭൂരിഭാഗം കുട്ടികളും ഉൾപ്പെടെ) റെയിൽവേ മുറ്റത്ത് ഒത്തുകൂടി.
അന്ന് ഉച്ചതിരിഞ്ഞ് നാല് മണിക്കും അഞ്ചിനുമിടയിൽ റെയിൽകാർ ഘടിപ്പിച്ച വ്യാവസായിക ഡെറിക്കിലെ ചങ്ങല കൊളുത്ത് മേരിയുടെ കഴുത്തിൽ കൊളുത്തി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ആൾക്കൂട്ടത്തിന് മുന്നിൽ ഒരു സർക്കസ് ഷോ പോലെ പ്രകടനത്തിനായി മേരി ആജ്ഞ കാത്തുനിന്നു. ഒന്നു പിടയുക പോലും ചെയ്യാതെ അനിവാര്യമായ തൂക്കി കൊലയ്ക്ക് തയ്യാറായി. ആദ്യ ശ്രമത്തിൽ ഭാരം കാരണം ഒരു ചങ്ങല പൊട്ടി താഴേക്ക് പതിച്ചു. ഇടുപ്പെല്ലുതകർന്ന് ഗുരുതരമായി പരിക്കേറ്റ മേരിയെ കൊല്ല്, കൊല്ല് എന്ന്ആൾക്കൂട്ടം ഉച്ചത്തിൽ ആർത്തു വിളിച്ചു. ജീവൻ പോകാതിരുന്ന മേരി ചങ്ങല ഇടാനും തലയുയർത്തി എഴുന്നേൽക്കാനും തനിക്ക് പ്രിയപ്പെട്ട ഉടമക്ക് വേണ്ടി തയ്യാറായി. രണ്ടാമത്തെ ശ്രമത്തിൽ മേരിയെ അവർ വീണ്ടും തൂക്കിലേറ്റി കൊന്നു. ലോക ചരിത്രത്തിൽ തൂക്കിലേറ്റപ്പെട്ട ഏക ആനയായി മേരി അമേരിക്കൻ ആകാശത്തിൽ നിന്ന് മനുഷ്യമദപ്പാടിന്റെ ഇരയായി തൂങ്ങിയാടി. തലേന്നുവരെ ഒരു ഷോയുടെ മുഖ്യ ആകർഷണമായ ഒരു ആന അതേ ആൾക്കൂട്ടത്തിന്റെ വെറുപ്പിന്റെ പര്യായമായി പരസ്യമായി തൂക്കിലേറ്റപ്പെട്ടത് ചരിത്രത്തിൽ ആദ്യത്തേതും അവസാനത്തേതും ആയിരുന്നു . മേരിയുടെ മരണത്തിന്റെ ചിത്രം എന്ന നിലയിൽ വ്യാപകമായി പ്രചരിച്ച ആർഗോസി മാസികയുടെ ഫോട്ടോയുടെ ആധികാരികത ഇന്നും ചർച്ച ചെയ്യപ്പെടുന്നു.
മേരി ദുരന്തമായെങ്കിൽ വീഴ്ച കൊണ്ട് മറ്റൊരു ഇന്ത്യൻ പിടിയാന യൂറോപ്പിൽ ഹീറോയിൻ ആയ ചരിത്രവുമുണ്ട്.
1950ൽ ജർമനിയിലെ പ്രശസ്തമായ ഒരു സർക്കസ് കമ്പനിയിലെ ടുഫി എന്ന പിടിയാന പ്രകടനങ്ങൾ കൊണ്ടും കുസൃതിത്തരം കൊണ്ടും സർക്കസ് കാണികൾക്ക് പ്രിയങ്കരിയായിരുന്നു. സർക്കസ് കമ്പനിയുടെ പബ്ലിസിറ്റി സ്റ്റണ്ടിനായി സർക്കസ് ഡയറക്ടർ ഫ്രാൻസ് അൽതോഫ് നാലു വയസ്സുള്ള ടുഫിയുമായി 1950 ജൂലൈ 21ന് ജർമ്മനിയിലെ വുപെർട്ടൽ ഷ്വെബെബാനിലെ ഒരു മോണോ റെയിലിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു. ആന മോണോ റെയിലിൽ കയറുന്ന കൗതുകം നിറഞ്ഞ കാഴ്ചയ്ക്ക്നഗരം സാക്ഷിയായി. 39 അടി ഉയരമുള്ള മോണോറയിലിൽ കയറിയ ടുഫി ആളുകളുടെ ശബ്ദവും അപരിചിതമായ അന്തരീക്ഷവും കണ്ടു ജാലകം തകർത്തു താഴെ വുപ്പർ നദിയിലേക്ക് ചാടി.
എന്നാൽ ടുഫിക്ക് ചെറിയ പരിക്കുകൾ മാത്രമേ പറ്റിയിരുന്നുള്ളൂ. ആനയെ വെള്ളത്തിൽ നിന്ന് കയറ്റാൻ അൽതോഫ് അടക്കം ആളുകൾക്ക് കുറച്ചധികം പ്രയത്നിക്കേണ്ടി വന്നു. ഉടമയ്ക്കും സവാരി അനുവദിച്ച ഉദ്യോഗസ്ഥർക്കും അധികാരികൾ പിഴ ചുമത്തി.
ആ യാത്രയും വീഴ്ചയും ടുഫിയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ടുഫിയെ കാണാൻ വേണ്ടി മാത്രം സർക്കസ് കമ്പനിക്ക് അഡീഷണൽ ഷോ നടത്തേണ്ടിവന്നു.
1946 ൽ ഇന്ത്യയിൽ ജനിച്ച് 1989ൽ മരിക്കുന്നത് വരെ ടുഫി ജർമ്മനിയിലെ തിളങ്ങും താരമായിരുന്നു.
ടുഫിയുടെ വീഴ്ച ചിത്രീകരിക്കപ്പെട്ട ഒരു സാങ്കല്പിക ഫോട്ടോ ഇന്നും ആ സ്ഥലത്തിന് സമീപത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.
ഒരു പ്രാദേശിക പാൽ-ഫാക്ടറി ടുഫി എന്ന പേര് ഒരു ബ്രാൻഡായി തിരഞ്ഞെടുത്തതും ചരിത്രം.
1970-ൽ ടുഫിയുടെ യാത്ര എന്ന പേരിൽ കുട്ടികളുടെ ചിത്ര പുസ്തകം പ്രസിദ്ധീകരിച്ചു.
കോൺക്രീറ്റ് കാടുകളിലെ ടാർപോളിനടിയിലെ വെള്ളിവെളിച്ചത്തിൽ നിലാവു കണ്ട, കാടെന്തന്നറിയാത്ത എത്രയെത്ര ജീവജാലങ്ങൾ ….
സാങ്കല്പിക ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.