മഞ്ഞു മലകളിലെ ആടു ജീവിതങ്ങള്‍

1
698
Chatpal, Kashmir, India

ശരണ്യ .എം. ചാരു

ബകര്‍വാല്‍ എന്നാല്‍ ആടിനെ മേയ്ക്കുന്നവര്‍ എന്നാണര്‍ഥം. കശ്മീര്‍ താഴ്വര, ജമ്മു എന്നിവിടങ്ങളിലെ ആയിരത്തോളം കിലോമീറ്റര്‍ വരുന്ന പ്രദേശങ്ങളില്‍ ഈ സമൂഹം നാടോടി ജീവിതം നയിക്കുന്നു. വേനല്‍ കാലത്ത് താഴ്‌വരയുടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കും, തണുപ്പ് കാലത്ത് താഴ്‌വാരങ്ങളിലേക്കും ഇവര്‍ കാല്‍നടയായി നൂറുകണക്കിന് കിലോമീറ്റര്‍ യാത്ര ചെയ്യുന്നു.

മലമ്പാതകളും റോഡുകളും പിന്നിട്ടു കൊണ്ടുള്ള ആഴ്ചകള്‍ നീണ്ടുള്ള യാത്രകളാണ് ഇവര്‍ നടത്തുന്നത്. നമ്മുടെ വന്യമായ ചിന്തകളില്‍ പോലും ഇടം നേടാവുന്ന ഒരു ജീവിതമല്ല ഇവരുടേത്. ഗുജ്ജാര്‍ബകര്‍വാലകള്‍ക്ക് വീടോ, നിലമോ ഇല്ല. ഇവരുടെ സമ്പാദ്യം ഇവരുടെ കൂടെ യാത്ര ചെയ്യുന്ന ആട്ടിന്‍ പറ്റങ്ങള്‍, കുതിര, കഴുത, പശുക്കള്‍ എന്നിവയാണ്. കുടുംബത്തിലെ സ്വത്ത് പങ്കിടുമ്പോള്‍ ഈ കന്നുകാലികളെയാണ് ഇവര്‍ പങ്കിടുന്നത്.

താഴ്വരയിലെ തണുപ്പിന്റെ കരിമ്പടം പുതച്ചാണ് ഇവര്‍ രാത്രിയിലേക്ക് മടങ്ങുന്നത്. യാത്ര ചെയ്യുന്ന ഏതെങ്കിലും വെള്ളമുള്ള പ്രദേശത്ത് ഇവര്‍ തമ്പടിക്കും, ആ തമ്പിന്റെ മുറ്റത്ത് ഇരുമ്പ് അടുപ്പില്‍ ചുറ്റുപാടും നിന്നും ശേഖരിക്കുന്ന വിറകു കത്തിച്ച് ഭക്ഷണം ഉണ്ടാക്കി തമ്പില്‍ ഉറങ്ങും. ആണും, പെണ്ണും കുട്ടികളും എല്ലാം നൂറു കണക്കിന് കിലോമീറ്റര്‍ നടക്കാന്‍ പ്രാപ്തിയുള്ളവരാണ്, അതല്ലെങ്കില്‍ ദിവസങ്ങള്‍ നീളുന്ന ഇത്തരം നടത്തമാണ് ഇവരുടെ ജീവിതം തന്നെ. നൂറ്റാണ്ടുകളായി പതിവ് തെറ്റിക്കാതെ ഇവര്‍ നടക്കുകയും, ഈ നാടോടി ജീവിതത്തില്‍ ഇണയെ കണ്ടെത്തുകയും, കുടുംബ ജീവിതം തുടങ്ങുകയും, ജീവിത സായാഹ്നത്തില്‍ ഏതെങ്കിലും താഴ്വാരത്തില്‍ മരണത്തിലേക്ക് കാലെടുത്തു വയ്ക്കുകയും ചെയ്യും.

ഗുജ്ജാര്‍ ബകര്‍വാലകള്‍ പൊതുവേ ശക്തമായ ദേശ ബോധം പ്രകടിപ്പിക്കുന്നവര്‍ ആണ്. അവരുടെ ദേശീയത എന്നത് ഇന്ത്യന്‍ ദേശീയതയാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി കാശ്മീര്‍ മധ്യവര്‍ഗ്ഗത്തിന് ഉള്ളത് പോലെയുള്ള വിമോചന സ്വപ്‌നങ്ങള്‍ ഇവര്‍ക്കില്ല. കാരണം ഇവര്‍ അങ്ങിനെ കാലദേശ പരിമിതികളില്‍ ഒതുങ്ങുന്നവരും അല്ല. ഇവര്‍ക്ക് മണ്ണില്ല, വിണ്ണിനെ നോക്കിയാണ് ഇവരുറങ്ങുന്നത്. നക്ഷത്രങ്ങളാണ് ഇവരുടെ രാത്രിയിലെ കൂട്ട്.

കശ്മീരിലെ പ്രധാന എത്‌നിക് വിഭാഗങ്ങള്‍ ആണ് ഗുജ്ജാറുകളും, ഗുജ്ജാര്‍ബക്കര്‍വാലകളും (പൊതുവേ ബക്കര്‍വാല എന്നാണു ഇവരെ വിളിക്കുക) ഗുജ്ജാറുകളില്‍ ഹിന്ദു, മുസ്ലിം, സിഖ് വിഭാഗങ്ങള്‍ ഉണ്ട് എങ്കിലും ബക്കര്‍വാലകള്‍ സുന്നി മുസ്ലിങ്ങളാണ്. സുന്നി മുസ്ലിങ്ങള്‍ ആണെങ്കിലും ‘ബൈസാഖി’, ‘ലോറി’ തുടങ്ങിയ ഹിന്ദു ഉത്സവങ്ങള്‍ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാക്കിയവരാണിവര്‍. കടുത്ത മത ഭ്രാന്തോ, വിശ്വാസ തീവ്രതയോ ഇല്ലാത്ത, ആടിനെ മേയ്ക്കാന്‍ ഉള്ള ചെറിയ വടിയും, ചാട്ടയും, ഭക്ഷണം ഉണ്ടാക്കാനുള്ള ‘മാരകായുധങ്ങളും’ അല്ലാതെ മറ്റൊന്നും ഈ നാടോടികളുടെ കൈവശം ഉണ്ടാവാറില്ല. കാടുകളിലൂടെ യാത്രക്കിടയില്‍ പുലികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് ഒരപൂര്‍വ സംഭവം അല്ല. എങ്കില്‍ പോലും ഇവര്‍ പുലികളെ തിരിച്ചു ആക്രമിക്കാതെ കൂട്ടം കൂടി നടന്നു പുലിയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് ചെയ്യുക.

ആറോ ഏഴോ അംഗങ്ങള്‍ ആണ് ഒരു ബക്കര്‍വാല കുടുംബത്തില്‍ ഉണ്ടാവുക. ദേര എന്നാണു ഇതിനെ പറയുക. അനേകം ദേരകള്‍ കൂടിയാല്‍ ഒരു ദാദ പൊത്ര (വംശം) ആയി, കുറെ ദാദ പൊത്ര ചേര്‍ന്നാല്‍ ഒരു ഗോത്രം ആയി. വിവാഹം കഴിക്കുന്നതോടെ ആണ്‍കുട്ടികള്‍ക്ക് തങ്ങളുടെ കന്നുകാലി സമ്പത്തില്‍ നിന്നും ഒരു ഭാഗം പിതാവ് മാറ്റി നല്‍കും. അയാള്‍ തന്റെ കന്നുകാലികളും ആയി തന്റെ ജീവിത മാര്‍ഗം കണ്ടെത്തുകയും, തന്റെ ഇണയെയും കൂട്ടി ദാദ പോത്രയുടെ സമീപത്ത് തന്നെ യാത്ര തുടരുകയും ചെയ്യും. സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്യുക, വിറക് ശേഖരിക്കുക, വെള്ളം ശേഖരിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുമ്പോള്‍ പുരുഷന്മാര്‍ കന്നുകാലികളെ മേയ്ക്കുക, യാത്രകള്‍ ക്രമീകരിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യും.

ഒരു വര്‍ഷത്തില്‍ 130 ദിവസവും ഇവര്‍ നടക്കുകയാവും. പോഷകാഹാരക്കുറവും, സര്‍ക്കാര്‍ മേഖലയില്‍ ഉള്ള ഇവരുടെ കടുത്ത അസാനിധ്യവും കാരണം കശ്മീര്‍ സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ ഷെഡ്യൂള്‍ട് ട്രൈബ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് സംവരണം ഉണ്ട്. മിക്കപ്പോഴും ഇടയ സമൂഹത്തില്‍ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ഒട്ടും സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കാറില്ല. 2011ല്‍ മാനവ വിഭവശേഷി വകുപ്പിന്റെ ഗ്രാമീണ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ബക്കര്‍വാലകള്‍ക്ക് വേണ്ടി മൊബൈല്‍ സ്‌കൂളുകള്‍ ആരംഭിച്ചു. ഒരു പക്ഷെ ലോകത്തിലെ ഏക മൊബൈല്‍ സ്‌കൂളുകള്‍ ഇവിടെയായിരിക്കും. ഇപ്പോള്‍ ഏകദേശം എണ്ണൂറില്‍ അധികം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്ള 25 മൊബൈല്‍ സ്‌കൂളുകള്‍ ഇവരുടെ കൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

ഇന്ത്യാ പാക്ക് യുദ്ധ സമയങ്ങളില്‍ എല്ലാം തന്നെ ഇവര്‍ മുന്നണിയില്‍ നിന്നും ഇന്ത്യന്‍ സേനയെ സഹായിച്ചിട്ടുണ്ട്. 1965ലെ യുദ്ധത്തില്‍ സവാജിയാന്‍ സെക്റ്ററിലെ ഗ്രാമീണരെ സൈന്യത്തിന് വേണ്ടി അണിനിരത്തുന്നതില്‍ ഇവരുടെ പങ്കിനെ അശോക് ചക്ര നല്‍കിയാണ് രാജ്യം ആദരിച്ചത്. മൌലവി ഗുലാം ദിന്‍ എന്ന ബകര്‍വാലക്ക് ആണ് അശോക് ചക്ര നല്‍കപ്പെട്ടത്, 1971 ഇലെ യുദ്ധത്തില്‍ മാലി ബി എന്ന ഗുജ്ജാര്‍ബകര്‍വാല വനിതയെയും സൈന്യം ആദരിച്ചിട്ടുണ്ട്. 1999 ഇല്‍ വാജ്പേയ് ഭരിക്കുന്ന സമയത്ത് നടന്ന കാര്‍ഗില്‍ നുഴഞ്ഞുകയറ്റം ആദ്യമായി ഇന്ത്യന്‍ പോസ്റ്റുകളില്‍ അറിയിച്ചത് ബകര്‍വാല ആട്ടിടയന്മാര്‍ ആയിരുന്നു.

ബക്കര്‍വാലകള്‍ പലപ്പോഴും ആടുകള്‍ക്ക് പുറമേ പശു, കുതിര, കഴുത എന്നിവയെ കൂടെ കൊണ്ട് നടക്കുന്നു. പശുവിനെ ഇവര്‍ ആഹാരമാക്കാറില്ല. പെട്ടെന്ന് അത്യാവശ്യം ദൂരെ പോയി വരാനും മറ്റുമാണ് കുതിരകളെ ഉപയോഗിക്കുന്നത്. കഴുതകള്‍ സാധനങ്ങള്‍ ചുമക്കാനും, കുട്ടികളെ യാത്ര ചെയ്യിക്കാനും ആണ് ഉപയോഗിക്കുക.

നമ്മുടെ ലോകം വിശാലമാണ്. ചരിത്രത്തില്‍ എന്നോ വായിച്ചറിവ് മാത്രമുള്ള നാടോടി ജീവിതം നയിക്കുന്ന പാവങ്ങളെ വെറുതെ വിടുക. ഒരു തരി മണ്ണ് പോലും സ്വന്തമായി ഇല്ലാത്ത അവര്‍ ആരുടേയും ശത്രുക്കളല്ല. അവരുടെ കുഞ്ഞുങ്ങളെ പുതിയ ലോകത്തിലേക്കും, ജീവിതത്തിലേക്കും ആണ് നയിക്കേണ്ടത്, പുതിയ വെളിച്ചവും സന്തോഷവും ആണ് അവര്‍ക്ക് നല്‍കേണ്ടത്. ഇനിയും ആസിഫമാര്‍ ഉണ്ടാകാതിരിക്കട്ടെ.

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here