ഇത് കാസര്‍ഗോഡ് ജില്ലയിലെ കോട്ടമല. ഭൂമിക്കടിയിലൂടെ 30 അടിയോളം താഴ്ചയില്‍ പാറക്കൂട്ടങ്ങള്‍കൊണ്ടൊരു അത്ഭുതം. സസ്‌നേഹം സഞ്ചാരിയുടെ ഭാഗമായി കോട്ടമലയിലെ ഏകാധ്യാപകവിദ്യാലയത്തില്‍ പഠനസാമഗ്രഹികള്‍ വിതരണം ചെയ്യാനെത്തിയതായിരുന്നു ഞങ്ങള്‍.
ഒരു നിമിത്തം പോലെ കുട്ടികളില്‍ നിന്നൊരു ചോദ്യം, ഞങ്ങളുടെ കോട്ട കാണാന്‍ പോകുന്നില്ലേ ചേട്ടന്മാരേ…
പണ്ടുകാലത്ത് ഇവിടെ ഒരു കോട്ടയുണ്ടായിരുന്നത്രേ! അതിലെ ഭീമാകാരന്മാരായ പാറക്കൂട്ടങ്ങള്‍ സ്ഥാനഭ്രംശം സംഭവിച്ച് ഇന്ന് വവ്വാലുകളും ഇഴജന്തുക്കളും പക്ഷികളും പാമ്പുകളും താമസിക്കുന്ന ഗുഹകളായി മാറി. അതില്‍ നിന്നാണ് പ്രദേശത്തിന് കോട്ടമലയെന്ന പേരുവീണതും. സഞ്ചാരികള്‍ക്ക് ഇതില്‍ കൂടുതലെന്തുവേണം! അതുകണ്ടിട്ടു മാത്രമേ തിരിച്ചു പോകുന്നുള്ളൂവെന്നായി. മഴയും കോടയും ഉള്ള സമയമാണ്. ഇപ്പോള്‍ അപകടമാണെന്ന് പ്രദേശവാസികളില്‍ ചിലര്‍ ഉപദേശിച്ചെങ്കിലും ഞങ്ങള്‍ മടങ്ങാന്‍ ഒരുക്കമല്ലായിരുന്നു. നാട്ടുകാരനായ ജെറിനെയും കൂട്ടി ഞങ്ങള്‍ കോട്ടമലയൊളിപ്പിച്ചുവെച്ച കൗതുകങ്ങളിലേക്ക് യാത്ര തുടരാന്‍ തീരുമാനിച്ചു.
ഒരു മണിക്കൂറോളം നീണ്ട മലകയറ്റത്തിനു ശേഷം ഗുഹാ കവാടത്തിനടുത്തെത്തി. ചെറിയൊരു വിടവിലൂടെ താഴെക്കിറങ്ങുമ്പോള്‍ വവ്വാലുകള്‍ കരഞ്ഞു ബഹളമുണ്ടാക്കി. പേടിപ്പെടുത്തുന്ന ചിറകടി ശബ്ദങ്ങളും അന്തമില്ലാതെ നീണ്ടുകിടക്കുന്ന ഇരുണ്ട ഗുഹാവഴികളും. പാമ്പുകളെ ശ്രദ്ധിക്കണമെന്ന് ആരോ ഉപദേശിച്ചു.
ഒരു മായാപ്രപഞ്ചത്തിലേക്കാണ് ഞങ്ങള്‍ കാലെടുത്തു വെച്ചത്. ഒരാള്‍ക്ക് മാത്രം കഷ്ടിച്ചു നൂണ്ടിറങ്ങാന്‍ പറ്റുന്ന പാറയിടുക്കുകള്‍. അസംഖ്യം ഗുഹാ വഴികള്‍. ഇടയില്‍ ഭയപ്പെടുത്തുന്ന പാതാളക്കുഴികള്‍. ചിലയിടങ്ങളില്‍ തരണം ചെയ്യാനസാധ്യമായ വഴുക്കലോടുകൂടിയ പാറകള്‍. വല്ലാത്തൊരു അനുഭവമായിരുന്നു അത്. വഴിയൊന്നു തെറ്റിയാല്‍ അന്തമില്ലാത്ത ഗുഹവഴികളില്‍ കൂടി കറങ്ങി നടക്കാം. ഞങ്ങളെ പുറത്തു കാത്തുനിന്നവര്‍ ഒരുപാട് വിളിച്ചിരുന്നത്രെ. ശബ്ദം പോലും പുറത്തേക്കു ചെല്ലാത്ത വെളിച്ചം കടന്നുവരാന്‍ മടിക്കുന്ന ലോകത്ത് ഞങ്ങളെന്തു കേള്‍ക്കാന്‍. ഒടുവില്‍ ജെറിന്റെ സഹായത്തോടെ പുറത്തേക്കുള്ള വഴി കണ്ടുപിടിച്ച് ഞരങ്ങി പുറത്തിറങ്ങി.
സന്ദീപിന്റെ 2 വര്‍ഷം പഴക്കമുള്ള പുതിയ ചെരുപ്പ് താഴെ ഗുഹയുടെ ആഴങ്ങളില്‍ അപ്രത്യക്ഷമായി. രതീഷേട്ടന്റെ പുത്തന്‍പുതിയ ഷര്‍ട്ടും പാന്റും പുതിയ നിറം പൂണ്ടു. ദേഹത്തു മുഴുവന്‍ ചളിയും വവ്വാലിന്‍ കാഷ്ടവുമായി അവസാനത്തെയാളും മുകളിലെത്തിയ ശേഷം മാത്രമാണ് ഒന്ന്‍ ദീര്‍ഘനിശ്വാസം വിടാന്‍ സാധിച്ചത്…
ഈ ഗുഹകള്‍ക്കിടയിലൂടെ ദൂരെ ചിറ്റാരിക്കാല്‍ വരെയെത്തുന്ന അപ്രാപ്യമായ വഴികളുണ്ടത്രേ. പലയിടത്തും ഇടിഞ്ഞു പൊളിഞ്ഞ് ഇന്നാ വഴികള്‍ സഞ്ചാരയോഗ്യമല്ല. ഗുഹയുടെ ഒത്ത നടുവില്‍ ഗുഹാചിത്രങ്ങളും പഴയകാല ജീവിതത്തിന്റെ ശേഷിപ്പുകളും ഉണ്ടത്രേ, പക്ഷേ പ്രദേശവാസിയായ ജെറിനുപോലും ആ വഴികള്‍ ഇന്നും മനസിലാക്കാനായിട്ടില്ല.
സഞ്ചാരിക്കൊപ്പമുള്ള ഓരോ യാത്രകളും വ്യത്യസ്തമാണ്, അപ്രതീക്ഷിതസൗഭാഗ്യങ്ങള്‍ മിക്ക യാത്രകളിലുമുണ്ടാകാറുണ്ട്. ഇപ്രാവശ്യം കോട്ടമലയിലെ കുട്ടികള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത് മറക്കാനാവാത്ത ഒരനുഭവമായിരുന്നു. സസ്‌നേഹം സഞ്ചാരിയുടെ സമ്മാനങ്ങള്‍ക്ക് പകരമായി സഞ്ചാരികളോട് തിരിച്ചു ചെയ്യാന്‍ പറ്റുന്ന ഏറ്റവും ഉത്തമമായ നീതി!
ഫോട്ടോ : ഗോകുല്‍ കാരാട്ട്