യാത്രക്കാരെ മഴക്കാലത്ത് മാടിവിളിക്കുന്ന മൈസൂര്‍

0
141
യാത്രാവിവരണം
സന ഫാത്തിമ സക്കീർ
അതിരാവിലെ സൂര്യനുതിക്കുന്നതിനുമുമ്പേ പുറപ്പെടണം. നേരത്തെ ബുക്ക് ചെയ്ത ടെംപോ ട്രാവലര്‍ ഞങ്ങളെയും കാത്ത് റോഡില്‍ കിടപ്പുണ്ട്. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ മൂന്ന് കുടുംബങ്ങളാണ്. സൗഹൃദബന്ധവും രക്തബന്ധവും കൂടിക്കലര്‍ന്ന് ഊട്ടിയുറപ്പിച്ച ബന്ധങ്ങള്‍. ട്രാവലര്‍ പുറപ്പെട്ടു. കോട്ടയം തൃശൂര്‍ കോഴിക്കോട് കഴിഞ്ഞാല്‍ തമിഴ് നാട്ടിലെത്തി അവിടെ തങ്ങണം. കോട്ടയനഗരം മെല്ലെ കണ്ണുകള്‍ തുറന്ന് എഴുന്നേല്‍ക്കുന്നതേയുള്ളു. കടകളും കോട്ടകളും ഹോട്ടലുകളും ആളുകളെ ക്ഷണിക്കാന്‍ ഷട്ടറുകള്‍ തുറന്നു. ഉദ്യോഗസ്ഥരും ജോലിക്കാരും തിരക്ക് പിടിച്ച് ബസ് ഷെഡ്ഡിലേക്ക് നടക്കുന്നത് കാണാം. ഒട്ടും വൈകാതെ തന്നെ വിദ്യാര്‍ത്ഥികളുടെ തിരക്കും കാണാന്‍ കഴിഞ്ഞു. ആര്‍ത്തുരസിച്ച് പെയ്യുന്ന മഴ.മഴയുടെ വിരല്‍ തുമ്പുകള്‍ നീണ്ട് മേല്‍ പതിഞ്ഞതിനാല്‍ ജനല്‍ അടച്ചു.എത്ര എതിര്‍ത്താലും യാത്ര തുടരുമെന്ന ഭാവം കണ്ടാകും ഒന്നും പറയാതെ മഴ പിണങ്ങി പോയി. യാത്ര തുടര്‍ന്നു. പുറത്തേക്ക് തന്നെ നോക്കിയിരുന്നു. വണ്ടിയുടെ വേഗതയില്‍ മഴ ഈറനണിഞ്ഞ കാറ്റ് മെല്ലേ പുണര്‍ന്നു.  ഇരുവശത്തും വെള്ളപ്പാവാട അണിയിച്ച റബര്‍ മരങ്ങളുടെ തൊട്ടം. നട്ടുച്ചയുടെ വെയില്‍ കണ്ണിലെക്ക് കുത്തുമ്പോഴും മനസ്സില്‍ ഓര്‍മ്മകളുടെ പേമാഴി പെയ്തുതകര്‍ത്തു.
ഇടക്ക് ഭക്ഷണം കഴിക്കുന്നതിനല്ലാതെ വണ്ടി നിര്‍ത്തിയിരുന്നില്ല.മൈസൂര്‍ എത്തിയാലേ വിശ്രമം ഉള്ളു എന്ന പ്രേരണയില്‍ വണ്ടി കുതിച്ചോടുകയാണ്.. യാത്രയുടെ നീണ്ട കിലോമീറ്ററുകള്‍ പകല്‍സമയം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള ശ്രമം അതിരാവിലെ പുറപ്പെട്ടത് കൊണ്ട് സാധ്യമായി. കിലോമീറ്ററുകള്‍ താണ്ടി എത്തിയത് ഒരു ഇക്കോ ടൂറിസം പദ്ധതി ഉത്ഭവിപ്പിക്കുന്ന റിസോര്‍ട്ടിലാണ്. അവിടെ ഒരു ദിവസം തങ്ങി. പിറ്റേന്ന് കാട് കാണാനുള്ള  ആവേശത്തില്‍ എല്ലാവരും ഒരുങ്ങിയിറങ്ങി. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള യാത്ര. കാണേണ്ട കാഴ്ച തന്നെ.. വഴിയില്‍ ആന മയില്‍ മാന്‍ കുരങ്ങ് തുടങ്ങിയവയെ കണ്ടു. ആര്‍ത്തുവിളിച്ചും പരസ്പരം വിരലുകള്‍ ചൂണ്ടിയും അടുത്തുള്ളവരേ കാണിക്കുന്ന തിരക്കിലായിരുന്നു എല്ലാ കുട്ടികളും. വണ്ടി നീങ്ങി തുടങ്ങി. ഇടക്ക് കാണുന്ന ഓരോ മൃഗങ്ങളേയും കാട്ടിനിടയിലൂടെ കണ്ണോടിച്ച് കണ്ട് പിടിക്കുന്നത് പിന്നീട് മുതിര്‍ന്നവരുടേയും കുട്ടികളുടേയും ഹരമായി മാറി. ‘ദേ അതാ അവിടെ..’ കാട് തീരും വരേയും തുടര്‍ന്നു. കാടു കഴിഞ്ഞയുടന്‍ കണ്ടത് ‘കര്‍ണാടകയിലേക്ക് സ്വാഗതം’ എന്ന് ഇംഗ്ലീഷിലും കണ്ണടയിലും വിളിച്ചോദുന്ന പച്ച ബോര്‍ഡിലെ വെള്ള അക്ഷരങ്ങളായിരുന്നു.
കാലാവസ്ഥ മാറി. മണ്ണ് മാറി. പുതിയ ആളുകള്‍. ഭാഷ. സംസ്‌കാരം. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ സാക്ഷ്യം വഹിക്കുന്ന കര്‍ണാടക. ഗുണ്ടേല്‍ പേട്ടിലെ പൂപ്പാടങ്ങള്‍ വഴിക്കാഴ്ചയാണ്. സൂര്യകാന്തിയേ സൂര്യന്‍ തന്റെ കിരണങ്ങളിലൂടെ തഴുകുമ്പോള്‍ അതില്‍ സന്തോഷിക്കുന്ന അത് സൂര്യനെ പ്രണയിക്കുന്നു. സൂര്യന്റെ ദിശയിലേക്ക് നോക്കി നിന്ന് സന്തോഷിക്കുന്ന സൂര്യകാന്തിപ്പൂക്കളുടെ ഇടയില്‍ അല്‍പനേരം നിന്നു.
ഒരു വണ്ടിതാ  തേന്‍ കുടിക്കാനായി ഒരു പൂവിനടുത്തെത്തി. അപ്പോഴും സൂര്യന്റെ ശോഭയും ആസ്വദിച്ച് നില്‍ക്കുകയാണത്. തോട്ടത്തിനടുത്ത് തന്നെ തോട്ടക്കാരുടെ വീടുണ്ട്. കുട്ടികളും അവരുടെയൊപ്പം ഉണ്ട്. പഠിച്ച് വളരേണ്ട പ്രായം ഞാന്‍ ഓര്‍ത്തു. വണ്ടിയില്‍ തിരിച്ചുകയറിയപ്പോള്‍ അവരുടെ ആ നിഷ്‌കളങ്കമായ നോട്ടം മറ്റു കാഴ്ചകളില്‍ നിന്നും ഞങ്ങളിലേക്ക്  മാറ്റി നട്ടത് കണ്ടു. ചെറുതായി കൈ വീശി. ഒട്ടും മടിക്കാതെ അവരും. പൂപ്പാടങ്ങളില്‍ ഒരു ഭാഗത്ത് കൊയ്ത്തു കഴിഞ്ഞു. വിത്തുകള്‍ കിളക്കുന്നതേ ഉള്ളൂ. മണ്ണിനടിയില്‍ സ്വപ്നം കണ്ട് മയങ്ങുന്ന വിത്തുകള്‍. അപ്പോ ആ കുട്ടികളുടെ സ്വപ്നങ്ങളോ?. അവരും ആ തോട്ടവും പിന്നിലേക്ക് ഓടി മറഞ്ഞു. മൈസൂര്‍. ബോര്‍ഡുടനെ വായിച്ചു. 500 നോടടുത്ത് കിലോമീറ്ററുകള്‍ താണ്ടിയിരിക്കുന്നു. ക്ഷീണം വകവെക്കാതെ തുടര്‍കാഴ്ചക്കായി മനസ് തുടിക്കുന്നുണ്ടായിരുന്നു. മൈസൂര്‍ എത്തിയാല്‍ ആദ്യം പോകേണ്ടത് ടിപ്പു സുല്‍ത്താന്റെ സമ്മര്‍ പാലസ് കാണാനാണ്. അല്ലെങ്കില്‍ നഷ്ടം.
ദാരിയ ദവലത് ഭാഗ്
മൈസൂറിന്റെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ വേനല്‍ക്കാല വസതിയായിരുന്നു ദാരിയ ദവലത് ഭാഗ് എന്നറിയപ്പെടുന്ന മൈസൂറിലെ സമ്മര്‍ പാലസ്. ശ്രീരംഗപട്ടണത്തിന് നടുവിലൂടെ പോകുന്നു ബാംഗ്ലൂര്‍ ഹൈവേ മുറിച്ചുകടന്നാണ് യാത്ര. വളരെ വിശാലമായ മുറ്റമാണ് ആദ്യകാഴ്ച. മൈസൂരില്‍ എന്നത് പോലെ ബാംഗ്ലൂരിലും ഒരു സമ്മര്‍ പാലസ് ഉണ്ട്. മൈസൂര്‍ കടുവായെന്നറിയപ്പെടുന്ന അദ്ദേഹം 1784 ല്‍ ഇന്തോ സരസിനിക്  ശൈലിയിലുള്ള വസ്തുവിദ്യയില്‍ നിര്‍മ്മിച്ചതാണിത്. കൊട്ടാരത്തിന്റെ പൂരിഭാഗം നിര്‍മ്മിച്ചിരിക്കുന്നത് തേക്കിന്‍ തടികൊണ്ടാണ്. മൈസൂര്‍ യുദ്ധത്തിന്റെ വിഷയങ്ങളും കൊട്ടാരം അന്തപുരത്തിന്റെ സന്തോഷങ്ങളുമെല്ലാം അദ്ദേഹത്തിന്റെ കാലത്തുള്ള കലാകാരന്മാര്‍ ഈ ചുമരില്‍ അന്നത്തെ ഛായക്കൂട്ടുകൊണ്ട് വരച്ചിരിക്കുന്നു. കോട്ടാരത്തിനു പുറമേ നിന്ന് നോക്കിയാല്‍ സണ്‍ ശേഡ്കള്‍ കാണാം. അകത്തെ പെയിന്റിംഗിന് കേട് വരാതിരിക്കാനാണിത്. നൂറ്റാണ്ടുകള്‍ കടന്നിട്ടും പെയിന്റിംഗ് നിലനില്‍ക്കുന്നത് ഈ സംരക്ഷണ കൊണ്ടാണ്.
 കൊട്ടാരത്തിനുള്ളില്‍ തന്നെ ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതില്‍ പടയാളികള്‍ ഉപയോഗിച്ചിരുന്ന ബ്ലണ്ടര്‍ ബസ്റ്റ് തോക്കും ടിപ്പുവിന്റെ മൈസൂര്‍ പട്ട് കൊണ്ട് നിര്‍മിച്ച വസ്ത്രം, പനയോല കൊണ്ടുണ്ടാക്കിയ തൊപ്പി, ആയുധശേഖരങ്ങളും, അദ്ദേഹം പണ്ട് ക്ഷേത്രത്തിന് സംഭാവന ചെയ്ത വെള്ളിപ്പാത്രവും കാണാം . 1784 ല്‍ പണികഴിപ്പിച്ച കൊട്ടാരം. ഏകദേശം രണ്ടേകാല്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടട്ടും ഒരു പ്രൗഡിയും നഷ്ടപ്പെടാതെ നല്ല രീതിയിലുള്ള പരിപാലനത്താല്‍ കടലിന്റെ സമ്പത്ത് എന്നര്‍ത്ഥം വരുന്ന   ദാരിയ ധ്വലത് ഭാഗ് നിലകൊള്ളുന്നു. അടുത്തത് ഗുമ്പസാണ്. ശ്രീരംഗപട്ടണത്തിന്റെ മറ്റൊരു കോണില്‍ സ്ഥിതിചെയ്യുന്ന ടിപ്പുവിന്റെ പിതാവ് ഹൈദര്‍ അലിയും മാതാവ് ഫഖ്‌റുന്നിസയും ടിപ്പുവും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. പടയാളികള്‍ കാവല്‍ നിന്നിരുന്ന കവാടമാണ് ആദ്യകാഴ്ച. കവാടത്തിനുള്ളില്‍ പ്രവേശിച്ചു. 1782-1784 നും ഇടയില്‍ ടിപ്പു തന്റെ
രാജ്യമായ ശ്രീരംഗപട്ടണത്തില്‍ മാതാപിതാക്കള്‍ക്കായി പണിത ശവകുടീരമായിരുന്നു ഇത്. മുന്നില്‍ നീണ്ടുകിടക്കുന്ന നടപ്പാതയുടെ ഇരുവശവും ഉദ്യാനങ്ങളാണ്. പേര്‍ഷ്യ, ഓട്ടോമാന്‍ തുര്‍ക്കി, കാബൂല്‍, ഫ്രഞ്ച്, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച വിവിധ തരം പൂച്ചെടികളും സസ്യങ്ങളും അടങ്ങുന്ന പൂന്തോട്ടമാണ് ഗുമ്പസിനു ചുറ്റും ഒരുക്കിയിരിക്കുന്നത്. കരിന്താളി മരം കൊണ്ട് നിര്‍മിച്ചതും ആനക്കൊമ്പ്‌കൊണ്ട് അലങ്കരിച്ചിരുന്ന ഗുമ്പസിന്റെ വാതിലുകളിപ്പോള്‍ ലണ്ടനിലേ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലാണ്. അപൂര്‍വമായി ലഭിക്കുന്ന കട്ടിയുള്ള മാര്‍ബിള്‍ പാളികയില്‍ കൊത്തിയെടുത്ത ജനാലകളും ഇതേ ഇനത്തില്‍ പെട്ട 36 മാര്‍ബിള്‍ പാളികയിലാണ് ഗുമ്പസിന്റെ പണികഴിപ്പിച്ചത്. എല്ലാ വര്‍ഷവും ഈ മാര്‍ബിളുകള്‍ നാളികേരത്തിന്റെ എണ്ണ കൊണ്ടുകഴുകി മിനുക്കി സൂക്ഷിച്ച് പോരുന്നു. ഗുമ്പസിന്റെ അകത്ത് ടിപ്പുവിന്റേയും മാതാപിതാക്കളുടേയും ശവകുടിരങ്ങളാണ്. കടുവയുടെ വരകളുള്ള ഒരു മഞ്ഞപ്പട്ടിലാണ് ഖബര്‍ ആവരണം ചെയ്തിട്ടുള്ളത്.പുറത്ത് ശാന്തമായ അന്തരീക്ഷത്തില്‍ ടിപ്പുവിന്റെ ഭാര്യയുടേയും മക്കളുടേയും കല്ലറകള്‍ കാണാം. തൊട്ടടുത്ത് ഇന്നും അവര്‍ക്കായി കാവല്‍ നില്‍ക്കുന്ന ഭടന്‍മാരെയും അടക്കം ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലവും നിഗൂഢതകള്‍ നിറഞ്ഞ കേണല്‍ ബെയ്‌ലി വാട്ടര്‍ ജയിലുമെല്ലാം വഴികാഴ്ചയായിരുന്നു. അന്നത്തെ അവസാനത്തെ ടാര്‍ഗറ്റ് ആയിരുന്നു ത്രിവേണി സംഗമം കാണാനായി വണ്ടി കുതിക്കുകയാണ്. അതിനുമുപരി  വേഗത്തില്‍ വേഗത്തില്‍ മനസ്സ് പിറകോട്ടും. എത്ര കണ്ടിട്ടും മതിവരാത്ത കാഴ്ചകളിലേക്ക് അതിങ്ങനെ കുതിച്ചുപ്പാഞ്ഞു.
ത്രിവേണി സംഗമം
ലോകമാപനി, ഹേമാവതി, കാവേരി നദികളുടെ സംഗമസ്ഥാനമാണ് ഇവിടം. പ്രിതൃകര്‍മ്മങ്ങള്‍ക്കു ഏറെ പ്രസിദ്ധം … നദിക്കരയിലും മരച്ചുവട്ടിലുമായി ദേവീദേവന്മാരുടെ കരിങ്കല്‍ പ്രതിഷ്ഠകളും കാണാം. നദിക്കരയിലുള്ള ഒരു കടയില്‍ നിന്നും നല്ല ചൂട് ചായ വാങ്ങി. അപ്പൊള്‍ ചെറിയൊരു ചാറ്റല്‍ മഴയുമുണ്ടായിരുന്നു. എല്ലാം ആ ഒരനുഭവത്തെ ഒന്നും കൂടി രസകരമാക്കി. എല്ലാവരും മഴ തീരും വരെ ചുറ്റിനും കൂടിയിരുന്ന് സംഭാഷണത്തില്‍ മുഴങ്ങി. നഗരത്തില്‍ തന്നെ ഒരു ഹോട്ടലില്‍ ആ രാത്രി താമസിച്ചു. പിറ്റേന്ന് രാവിലെ അലാറം ഉറക്കത്തിന്റെ താഴ്വാഴങ്ങളില്‍ നിന്നുമുണര്‍ത്തി.. ജനാലകള്‍ തുറക്കുമ്പോള്‍ തൊട്ടടുത്തുള്ള മസ്ജിദില്‍ നടക്കുന്ന നമസ്‌കാരമാണ് ദൃശ്യം. കുളിച്ചൊരുങ്ങി വണ്ടിയില്‍ ഓരോരുത്തരായി നിര തെറ്റാതെ കയറി. ഓരോ സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ അവരുടെ വിഭവങ്ങള്‍ രുചിക്കണം. അതില്‍ ചിലതായിരുന്നു മൈസൂര്‍ മസാല ദോശ, മൈസൂര്‍ പാക്ക്, താലി എന്നിവകള്‍. ഭക്ഷണത്തിനു ശേഷം പുറപ്പെട്ടത് മൈസൂര്‍ മൃഗശാല കാണാനാണ്. ‘ശ്രീ ചമരാജേന്ദ്ര സൂളജിക്കല്‍ ഗാര്‍ഡന്‍ ‘.
പക്ഷികളുടെ സങ്കേത്തിലേക്കാണ് ആദ്യം പ്രവേശിക്കുന്നത്, കുരങ്ങു വര്‍ഗ്ഗങ്ങള്‍, അനാക്കോണ്ട ഉള്‍പ്പെടെയുളള ഉരഗവര്‍ഗങ്ങള്‍, ഇങ്ങനെ 1450 ഓളം വിഭാഗത്തിലുള്ള ജന്തുവര്‍ഗ്ഗങ്ങളും, 25 ഓളം രാജ്യങ്ങളില്‍ നിന്നായി 168 ഓളം സ്പീഷീസിലുള്ള പക്ഷി വര്‍ഗ്ഗങ്ങളും ഇവിടെ ഉണ്ട്. 1892 ചാമരാജ വഡയാര്‍ സ്ഥാപിച്ചതാണിത്. പിന്നീട് അത് വിപുലീകരിച്ചാണ് ഇന്നു കാണുന്ന രീതില്‍ രൂപം കൊണ്ടത് .157 എക്കറില്‍ ഇന്നത് വ്യാപിച്ചു കിടക്കുന്നു. പ്ലാസ്റ്റിക് വിമുക്തമായി നല്ല രീതിയില്‍ ഇവിടം പരിപാലിക്കപ്പെടുന്നു. കൗതുകകരമായി ഓരോ മൃഗങ്ങളെയും ദത്തെടുക്കാനുള്ള പദ്ധതി ഈ വര്‍ഷം സ്ഥാപിച്ചിരുന്നു. അവയുടെ ഓരോ ചിലവും വഹിക്കാന്‍ മൃഗസ്‌നേഹിയായ ഓരോ വ്യക്തിയും മുന്നോട്ട് വരുന്നുമുണ്ട്. 2005ല്‍ ജനിച്ച മാന്യ പിന്നെ 2016ല്‍ ജനിച്ച നിഷ കടുവകളുടെ പേരുകളാണ്. അവയുടെ പേരുകള്‍ പോലുമെന്നേ വല്ലാതെ ആകര്‍ഷിച്ചു. ഏറ്റവും ഉയരത്തില്‍ പറക്കുന്ന സാരസ് ക്രെയിന്‍,ആഫ്രിക്കന്‍ ഗ്രേപാരറ്റ്, സണ്‍ കോനൂര്‍,റൈന്‍ബൗ ലോറികെറ്റ്, സ്‌കാര്‌ലറ്റ് മകോവ, ഇന്ത്യന്‍ ലേപ്പര്‍ഡ്, റോയല്‍ ബംഗാള്‍ ടൈഗര്‍സ് എന്നിവകളെ കാണാം. മൃഗശാലയുടെ അകത്തുതന്നെ മൃഗാശുപത്രിയുമുണ്ട്. ബാരികേട് കൊണ്ട് വേര്‍തിരിക്കപ്പെട്ട കുരങ്ങുകളുടെ കൂട്ടിനടുത്തുള്ള ബോര്‍ഡില്‍ എഴുതിയിരിക്കുന്നതിങ്ങനെ ‘അവരെ കളിയാക്കരുത് നിങ്ങള്‍ അവരില്‍ നിന്നും പരിണമിക്കപ്പെട്ടവരാകുന്നു’ അത് കണ്ടിട്ടും ഉച്ചഭക്ഷണത്തിനു ശേഷം മയങ്ങുന്ന അവരെ പ്രഗോബിപ്പിക്കുന്ന മനുഷ്യര്‍. വന്യമൃഗങ്ങള്‍ കൂട്ടിനകത്ത് ഇരയാകുമ്പോള്‍ അവരുടെ ഇര അപ്പുറത്ത കൂട്ടില്‍ മാത്രമല്ല അവരുടെ കാഴ്ചക്കാരായി കൂട്ടിന് പുറത്തുമുണ്ട്.മൃഗശാലയില്‍ നിന്നുമിറങ്ങി ഉച്ചയൂണും കഴിഞ്ഞ് മൈസൂര്‍ കൊട്ടാരം കാണാനായി പുറപ്പെട്ടു.
മൈസൂര്‍ കൊട്ടാരം
ടിക്കറ്റ് എടുത്തതിന് ശേഷം വാരാഹ ഗേറ്റ് വഴിയാണ് പ്രവേശിക്കുന്നത്. ഗേറ്റ് കടന്ന് ഇടത് വശത്തോട്ട് കയറുമ്പോള്‍ കാണുന്നത് വൃത്തിയായി പരിപാലിക്കുന്ന ഉദ്യാനങ്ങളും ചുവന്ന മിനാരങ്ങളാല്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൊട്ടാരവുമാണ്. മുന്നില്‍ രാജപാഥയാണ് അതിനിരുവശവും പൂച്ചെടികളും പുല്‍ത്തകിടുകളും പിടിപ്പിച്ചിട്ടുണ്ട്.ജാതിയുടെയോ മതത്തിന്റെയോ യാതൊരു വേര്‍തിരിവ് കാണിക്കാതെ തന്റെ പ്രജകളെ ഒരുപോലെ സ്‌നേഹിച്ച വോടെയാര്‍ രാജപ്പരമ്പരയുടെ വസതിയായിരുന്നു മൈസൂര്‍ കൊട്ടാരം. കൊട്ടാരം ഹിന്ദു രാജപുത്രാ ഗോത്തിക ഇസ്ലാം വസ്തുവിധ്യയുടെ സങ്കരരൂപമാണ്. ഗുജറാത്തിലെ യാദവ സമൂഹം കര്‍ണാടകയില്‍ വന്ന് മൈസൂരില്‍ സ്ഥിരതാമസക്കാറാവുകയായിരുന്നു. 1399 ല്‍ വോടെയാര്‍ രാജാവംശം സ്ഥാപിക്കുകയും ചെയ്തു.14 ആം നൂറ്റാണ്ടില്‍ വേദേയാര്‍ രാജകുടുംബം ഇവിടെയൊരു കൊട്ടാരം പണിതു. ഏകദേശം 6 നൂറ്റാണ്ട് കാലമാണ് അവര്‍ ഈ പ്രദേശം ഭരിച്ചത്. ടിപ്പു സുല്‍ത്താന്‍ കീഴടക്കിയെങ്കിലും 1799ല്‍ അദ്ദേഹത്തിന്റെ മരണശേഷം വോടെയാര്‍ രാജകുടുംബത്തിന് തന്നെ വീണ്ടുകിട്ടി.തടികൊണ്ടാണ് ആദ്യം പണി കഴിപ്പിത് പിന്നീട് നവീകരിക്കുകയും ചെയ്തു.  കൊട്ടാരത്തിന്റെ ആടിത്യം വിളിച്ചോതുന്ന രീതിയിലുള്ള നിര്‍മ്മാണം. കുറച്ചു അകത്തേക്ക് കയറിയാല്‍ ഇടനാഴിയും നടുമുറ്റവും ചേരുന്നയിടം കാണാം. കൊട്ടാരത്തിന്റെ എല്ലാ ഭാഗത്തുനിന്നും നടുമുറ്റത്തേക്ക് തുറക്കാന്‍ കഴിയുന്ന ജനാലകളാണ് ചുറ്റും. നടുമുറ്റത്ത് നടക്കുന്ന ഗുസ്തിയും അഭ്യാസവും കൊട്ടാരത്തിലെ അംഗങ്ങള്‍ക്ക് എവിടെ നിന്നും കാണാം.

1897 ല്‍ ആരംഭിച്ച് 1912 ല്‍ ആണ് ഇന്ന് കാണുന്ന രീതിയില്‍ കൊട്ടാരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. പിന്നീട് 1940 കളില്‍ കൊട്ടാരത്തിന്റെ പല ഭാഗങ്ങളുടേയും വിസ്ത്രിതി കൂട്ടുകയുണ്ടായി. പ്രതിവര്‍ഷം 30 ലക്ഷം വിദേശികളും സ്വദേശികളും ആയിട്ടുള്ള സഞ്ചാരികള്‍ കൊട്ടാരം സന്ദര്‍ശിക്കാന്‍ വരുന്നുണ്ട്. കൊട്ടാരത്തിന്റെ മതിലുകളിലെ കൊത്തുപ്പണികളും ചുമര് ചിത്രങ്ങളും രാജകീയ ജീവിതത്തിന്റെ നേര്കാഴ്ച തന്നെ. അകത്ത് വലിയ സ്വര്‍ണ്ണനിറത്തില്‍ മുങ്ങിയ രണ്ട് ദര്‍ബാര്‍ ഹാളുകള്‍ കാണാന്‍ കഴിയും.
കൊട്ടാരത്തിനകത്ത് വോടെയാര്‍ രാജകുടുംബത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തലമുറകളോളം രാജ്യപാരമ്പര്യത്തിലുള്ള രാജാക്കന്മാരുടേയും റാണിമാരുടേയും ചിത്രങ്ങളാനിവ. യുദ്ധസമയങ്ങളില്‍ ശത്രു സൈന്ന്യത്തിനെതീരെ പോര്‍ക്കളങ്ങളില്‍ തീ തുപ്പിയിരുന്ന പീരങ്കിവണ്ടികള്‍ വിശ്രമിക്കുകയാണിവിടെ.എല്ലാം മനസ്സില്‍ ഒന്നൊന്നായി ചിത്രീകരിച്ചു. വര്‍ണ്ണനീതമായ കാഴ്ചകള്‍. കലാവിരുതോ അതിഗംഭീരം. അവസാനത്തെ ദിവസക്കാഴ്ച്ച ഗംഭീരമാക്കിയത് ചാമുണ്ഡി മലകളിലൂടെ ചുരം കയറിയപ്പോഴായിരുന്നു. സോപ് പെട്ടികള്‍ പോലെ അടുക്കിവെച്ചിരിക്കുന്ന കോട്ടകള്‍. കുറച്ചു മുന്‍പ് ഞാന്‍ അവിടെയായിരുന്നു. ട്രാവലര്‍ ചുരം കയറുമ്പോള്‍ ആ കാഴ്ച കണ്ണിമ വെട്ടാതെ നോക്കി നിന്നു. മൈസൂര്‍.. ധീരനായ ടിപ്പുവിന്റെ മൈസൂര്‍.ഈ മഴക്കാലത്തും ചരിത്രത്തെ സ്‌നേഹിക്കുന്നവരെ മാടിവിളിക്കുന്ന മൈസൂര്‍.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here