പയ്യന്നൂര്‍: മലയാളഭാഷാ പാഠശാലയുടെ 2018 വര്‍ഷത്തെ ടി.പി.എന്‍ സാഹിത്യ പുരസ്‌കാരത്തിന് ടി.സി.വി സതീശന്റെ പ്രഥമ നോവലായ പെരുമാള്‍പുരം അര്‍ഹമായി. 15001 രൂപയും ശില്‍പവുമടങ്ങുന്ന പുരസ്‌കാരം ജനുവരി അവസാന വാരത്തില്‍ പ്രശസ്തരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഭാഷാ പാഠശാലയുടെ പരിപാടിയില്‍ വെച്ച് സമ്മാനിക്കും.
ഭാഷകൊണ്ടും പ്രമേയം കൊണ്ടും വായനയുടെ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്ന നോവല്‍, അധിനിവേശങ്ങളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദേശപ്പെരുമകളെ തിരിച്ച് പിടിക്കുന്നതിന്റെ ഗ്രാമ്യ നന്മകളില്‍ പുതുയ ആവാസയിടങ്ങള്‍ രൂപപ്പെടുത്തേണ്ടതിന്റെ കാലിക പ്രസക്തിയെ വരച്ചു കാട്ടുന്ന കൃതിയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനും പ്രഭാവര്‍മ്മ, പി.കെ ഗോപി, കെ.ടി ബാബുരാജ് എന്നിവര്‍ അംഗങ്ങളായ സമിതി വിലയിരുത്തി.
രാത്രിമഴ പെയ്തിറങ്ങുകയാണ്, ശിവകാശിപ്പടക്കങ്ങള്‍ എന്നീ കഥാസമാഹാരങ്ങളുടെയും സൃഷ്ടാവാണ് ടി.സി.വി സതീശന്‍. വായ്ക്കരി എന്ന പ്രഥമ കവിതാ സമാഹാരം അച്ചടിയിലുമാണ്.