ശരണ്യ എം
കോഴിക്കോട്: കലയും കലാകാരന്മാരും നിരന്തരം അക്രമിക്കപ്പെടുന്ന കാലം. ലോകമറിയേണ്ട നിരവധി കഴിവുണ്ടായിട്ടും ആരുമറിയാതെ പോകുന്ന ജീവിതങ്ങൾ. അവഗണനകൾ കുന്നു കൂടുമ്പോൾ കലാ ജീവിതത്തോട് വിരക്തി തോന്നി ഇഷ്ടങ്ങൾ ഉപേക്ഷിക്കുന്ന കലാകാരന്മാർ. ചിലരാവട്ടെ പ്രതിസന്ധികളോട് നിരന്തരം യുദ്ധം ചെയ്ത് ഇഷ്ടങ്ങളെ ചേർത്തു പിടിച്ചു നിൽക്കുന്നവർ. അത്തരം കലാകാരൻമാരെ നാടറിയണം നാട്ടുകാരറിയണം.
ചെണ്ടയുടെ താളവും, പാട്ടിന്റെ ഈണവും, നൃത്തച്ചുവടുകളും, സിനിമയുമിഷ്ടമല്ലാത്ത എത്രപേരുണ്ട് നമുക്കിടയിൽ. ഇവയുടെ ചുവടുപറ്റി ജീവിക്കുന്ന കോഴിക്കോട്ടെ നാല് പ്രാദേശിക കലാകാരന്മാരെ ആദരിച്ചിരിക്കുകയാണ് സംഗീതാധ്യാപകനും ഗായകനുമായ ശ്രീ സുനിൽ തിരുവങ്ങൂർ.
കലാഭവൻ മണി പുരസ്കാരം നേടിയ ശിശിര, വാദ്യകലാകാരൻ സന്തോഷ് കൈലാസ് (സോപാനം, ബഹറൈൻ) ഓൾ ഇന്ത്യ റേഡിയോ സംഘടിപ്പിച്ച അർധശാസ്ത്രീയസംഗീത മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ ഹരികൃഷ്ണൻ, ഗുരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം മത്സരത്തിൽ മികച്ച നടനായ ആനന്ദ് തിരുവങ്ങൂർ എന്നീ കലാകാരന്മാരാണ് ആദരിക്കപ്പെട്ടത്. കവിയും ചിത്രകാരനുമായ യു. കെ രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, പൂക്കാട് കലാലയം പ്രിൻസിപ്പാളും പ്രശസ്ത വാദ്യകലാകാരനുമായ ശിവദാസ് ചേമഞ്ചേരി ഉപഹാരങ്ങൾ വിതരണം ചെയ്തു. മാർച്ച് 28 വൈകിട്ട് 5.30 ന് ആത്മയിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. ചടങ്ങിൽ നിരവധി കലാസ്നേഹികളും കലാകാരൻമാരും പങ്കെടുത്തു.