കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ സഹകരണത്തോടെ ഒക്ടോബര്‍ 19 മുതല്‍ 23 വരെ തൗര്യത്രികം – യുവ പ്രതിഭാ സംഗമം സംഘടിപ്പിക്കും. താരേക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 19 ന് വൈകീട്ട് അഞ്ചിന് പ്രശസ്ത സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി നിര്‍വഹിക്കും. ഒ.വി വിജയന്‍ സ്മാരകം സെക്രട്ടറി ടി. ആര്‍ അജയന്‍ അധ്യക്ഷനാവും. കൂടിയാട്ട കലാകാരൻ പത്മശ്രീ ശിവന്‍ നമ്പൂതിരി മുഖ്യാതിഥിയാകും.
കേരള സംഗീതനാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, ജനറല്‍ കൗണ്‍സില്‍ അംഗം കുഴല്‍മന്ദം രാമകൃഷ്ണന്‍, കുഞ്ചന്‍ സ്മാരകം സെക്രട്ടറി എ.കെ ചന്ദ്രന്‍ കുട്ടി, പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സെക്രട്ടറി പി.എന്‍ സുബ്ബുരാമന്‍, പി. മധു തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് 5.30 ന് എന്‍.എം ബ്രഹ്മദത്തനും ടീമും അവതരിപ്പിക്കുന്ന വയലിന്‍ കച്ചേരി വൈകിട്ട് ഏഴിന് ദിവ്യ അവതരിപ്പിക്കുന്ന മോഹനിയാട്ടം എന്നിവ അരങ്ങേറും.
തുടര്‍ന്നുള്ള നാല് ദിവസങ്ങളിലും വൈകിട്ട് 5.30ന് സംഗീതക്കച്ചേരിയും വൈകിട്ട് ഏഴിന് വിവിധ നൃത്തരൂപങ്ങളും അരങ്ങേറും. ഒക്ടോബര്‍ 20 ന് ശ്രീരഞ്ജിനി കോടമ്പള്ളിയുടെ നേതൃത്വത്തില്‍ കര്‍ണാടക സംഗീത കച്ചേരി, മീര ശ്രീനാരായണന്‍ അവതരിപ്പിക്കുന്ന ഭരതനാട്യം എന്നിവ നടക്കും.
ഒക്ടോബര്‍ 21 ന് ദരദ്വാജ് സുബ്രഹ്മണ്യന്‍ അവതരിപ്പിക്കുന്ന കര്‍ണാടക സംഗീത കച്ചേരി, സ്വാതി നാരായണന്‍ അവതരിപ്പിക്കുന്ന കുച്ചിപ്പുടി എന്നിവ അരങ്ങേറും. ഒക്ടോബര്‍ 22 ന് തൃപ്പൂണിത്തുറ ആര്‍.കെ രഞ്ജിത്ത് അവതരിപ്പിക്കുന്ന കര്‍ണാടക സംഗീതകച്ചേരി, വി.പി മന്‍സിയ അവതരിപ്പിക്കുന്ന ഭരതനാട്യം, ഒക്ടോബര്‍ 23 ന് എന്‍.ജെ നന്ദിനിയുടെ നേതൃത്വത്തില്‍ കര്‍ണാടക സംഗീത കച്ചേരി, സാന്ദ്ര പിഷാരടി അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നിവ നടക്കും.