പ്രതാപ് ജോസഫ്
A picture is a poem with out words
ഏറ്റവും മഹത്തായ കലാരൂപം കവിതയാണെന്നാണ് വയ്പ്. അതല്ലെങ്കിൽ ഏതൊരു കലാരൂപത്തിന്റെയും ഉന്നതാവസ്ഥയെ കാണിക്കാൻ നാം കവിതയെന്ന രൂപകം ഉപയോഗിക്കുന്നു. നാടകാന്തം കവിത്വം എന്നാണല്ലോ. വാക്കുകൾകൊണ്ട് ആ വാക്കുകൾക്ക് അതീതമായ ഒരു ലോകം സൃഷ്ടിക്കപ്പെടുമ്പോൾ അതിനെ നാം കവിത എന്നു വിളിക്കുന്നു. കവിതയിൽ വാക്കുകളാണുള്ളതെങ്കിൽ ഒരിമേജിൽ വസ്തുക്കളാണുള്ളത്. നിറങ്ങളും വരകളുമൊക്കെ അതിന്റെ ഭാഗമാകാം. കവി വാക്കുകളെ ക്രമീകരിക്കുന്നതുപോലെ സൂക്ഷ്മമായി ഒരു ഫോട്ടോഗ്രാഫർ തന്റെ ഫ്രെയിമിലെ വസ്തുക്കളെ ക്രമീകരിക്കുന്നു. അതല്ലെങ്കിൽ വാക്കുകളുടെ സവിശേഷമായ ക്രമത്തിൽനിന്ന് കവിതയുണ്ടാകുന്നതുപോലെ വസ്തുക്കളുടെ സവിശേഷമായ ക്രമത്തിൽനിന്ന് ഫോട്ടോഗ്രാഫുണ്ടാകുന്നു.
ആർട്ട് എന്നത് ഏതു കലാരൂപത്തിലും കോമ്പോസിഷൻ ആണ്. കോമ്പോസിഷൻ എന്ന വാക്ക് നാം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് സംഗീതത്തിന്റെ കാര്യത്തിൽ ആണ്. ഒരു മ്യൂസിക് കമ്പോസർ നിരവധി ഉപകരണങ്ങളിൽ നിന്നുള്ള ശബ്ദത്തെ താളാത്മകമായി സമന്വയിപ്പിച്ച് തന്റെ കോമ്പോസിഷൻ തയ്യാറാക്കുന്നു. ചിലപ്പോൾ ഒറ്റക്കോ കൂട്ടായോ ഉള്ള മനുഷ്യരുടെ ശബ്ദവും അതിന്റെ ഭാഗമാകാം. സമാനമായി, ഒരു വിഷ്വൽ കമ്പോസറുടെ മുന്നിൽ നിരവധി വിഷ്വൽ എലമെന്റുകൾ ഉണ്ട്. നിഴലും വെളിച്ചവും വരകളും വർണ്ണങ്ങളും സ്ഥലവും സമയവും ചലനവും ഇങ്ങനെ ഒരു ഫ്രയിമിനകത്ത് ഫോട്ടോഗ്രാഫർ എന്തൊക്കെ ഉൾക്കൊള്ളിക്കുന്നുണ്ടോ അതൊക്കെ അയാളുടെ/അവളുടെ കോമ്പോസിഷന്റെ ഭാഗമാണ്. ഇവിടെ മ്യൂസിക് കമ്പോസറുടെ അതേ സൂക്ഷ്മതയും താളാത്മകതയും മാധ്യമാവബോധവും തന്നെയാണ് ഒരു ഫോട്ടോഗ്രാഫർക്കും മറ്റൊരുരീതിയിൽ ആവശ്യമുള്ളത്. രണ്ടുവാക്കുകൾ കൂടിച്ചേരുമ്പോൾ മൂന്നാമതൊരു വാക്കല്ല നക്ഷത്രമാണുണ്ടാകുന്നത് എന്ന് കവിതയെക്കുറിച്ച് പറയുന്നത് ഫോട്ടോഗ്രഫിയുടെ കാര്യത്തിലും സത്യമാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല