തോട്ടോഗ്രഫി 4
പ്രതാപ് ജോസഫ്
Your first 10,000 photographs are your
Worst
Henri Cartier-Bresson
ഫിലിം ഫോട്ടോഗ്രഫിയുടെ കാലത്ത് ഓരോ 1000 ചിത്രത്തേയും ഓരോ ക്ലാസ്സുകയറ്റമായി പരിഗണിക്കാറുണ്ടായിരുന്നു. അതായത് 1000 ചിത്രം എടുത്തുകഴിഞ്ഞാൽ നമ്മൾ ഒന്നാം ക്ലാസ്സിൽ എത്തി എന്ന് അർത്ഥം. അടുത്ത 1000 കഴിഞ്ഞാൽ രണ്ടാം ക്ലാസ്സിലെത്തുന്നു. ഓരോ ഫിലിമും ആലോചിച്ചുറപ്പിച്ച ഒരു തീരുമാനമാണ്. പ്രത്യേകം ചെലവുമുണ്ട്. ഡിജിറ്റൽ കാലത്ത് അങ്ങനെയല്ല, കണ്ണും പൂട്ടിയാണടിക്കുക. അപ്പോൾ ആ 1000 എന്നത് കുറഞ്ഞത് 10000 എങ്കിലും ആകും. ‘നിങ്ങളുടെ കൈയ്യിൽ രണ്ടാമതൊരു അമ്പുണ്ടെങ്കിൽ ആദ്യത്തെ അമ്പിന്റെ കാര്യത്തിൽ നിങ്ങൾ ഉദാസീനരാകും’ എന്നൊരു സെൻ മൊഴിയുണ്ട്. ഫിലിമിൽ നിന്ന് ഡിജിറ്റൽ സാങ്കേതികതയിലേക്ക് വരുമ്പോൾ അങ്ങനെ ഒരു ഉദാസീനത നമ്മെ ഭരിക്കുന്നുണ്ട്.
ഫോട്ടോ എടുത്തു തുടങ്ങുന്നവർ ആദ്യം ശ്രദ്ധിക്കുക ബോഡിയിലാണ്; കാമറ ബോഡിയിലും അവരവരുടെ ബോഡിയിലും. പിന്നെ ആ ശ്രദ്ധ ഫ്രെയിമിലേക്കു മാറും. അപ്പോഴും ശ്രദ്ധ സബ്ജക്റ്റിൽ മാത്രമായിരിക്കും. ഒരു കുട്ടി നടക്കാൻ പഠിക്കുന്നതുപോലൊരു പ്രക്രിയയാണിത്. പൊട്ടുന്നത് മുട്ടാണെങ്കിലും ഉറയ്ക്കുന്നത് മനസ്സും ശരീരവുമായിരിക്കും. സബ്ജക്റ്റിൽനിന്ന് ഫ്രെയിമിന്റെ മുഴുവനിടത്തേക്കും ശ്രദ്ധചെല്ലണം. ആ ഘട്ടത്തിൽമാത്രമേ നാം കോമ്പോസിഷൻ ശ്രദ്ധിച്ചുതുടങ്ങൂ. ഫ്രെയിമിൽനിന്നും കോമ്പോസിഷനിൽനിന്നും മാറി ശ്രദ്ധ നമ്മുടെ ഉള്ളിലേക്കെത്തണം; ഫോട്ടോഗ്രഫിയുടെ അടുത്തഘട്ടവും കലയുടെ ആദ്യഘട്ടവും അതാണ്.
എന്റെ ആദ്യത്തെ 10000 ചിത്രങ്ങൾ ഒരു ഹാർഡ് ഡിസ്ക് അടിച്ചുപോയപ്പോൾ നഷ്ടപ്പെട്ടു. അതുകൊണ്ട് ഇപ്പോൾ വിലയിരുത്താൻ കഴിയുന്നില്ല. പക്ഷെ അടുത്ത 10000 ചിത്രങ്ങൾ എന്റെ കൈവശം തന്നെ ഉണ്ടായിരുന്നു. അതു ഞാൻ കഷ്ടപ്പെട്ട് പലപ്പൊഴായി ഡിലീറ്റ് ചെയ്തുകളഞ്ഞു. പിന്നീടുള്ള ഒരു ലക്ഷത്തോളം ചിത്രങ്ങൾ നാലഞ്ച് ഹാർഡ് ഡിസ്കുകളിലായി കുന്നുകൂടിക്കിടക്കുന്നു. അവ ഞാൻ തിരിഞ്ഞുപോലും നോക്കാറില്ല. ഫോട്ടോഗ്രഫി തുടങ്ങിയിട്ട് കുറഞ്ഞത് 20 വർഷമെങ്കിലുമായി. ശരാശരി ഒരു 100 ചിത്രമെങ്കിലും പകർത്താത്ത ദിവസങ്ങൾ ഉണ്ടാവില്ല. അതിൽ ഒരു 10 എണ്ണമെങ്കിലും എഡിറ്റ് ചെയ്തുനോക്കും. ഒരു ചിത്രമെങ്കിലും സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യും. ഫോട്ടോഗ്രാഫറുടെ മുന്നിൽ ലോകം പരന്നും നിവർന്നും വളഞ്ഞും ഉരുണ്ടും കിടക്കുകയാണ്. ലോകം വിശാലമായ ഒരു സ്റ്റുഡിയോ അല്ലാതെ മറ്റൊന്നുമല്ല.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
മനോഹരം