കവിത
സ്മിതസൈലേഷ്
ഞാനൊരു വീടാണ്
എത്ര അടുക്കി പെറുക്കി
വെച്ചാലും പിന്നെയും
ചിന്നി ചിതറി കിടക്കുന്ന
ഒരു തോന്ന്യാസിവീട്
അതിന്റെ ഭിത്തി നിറയെ
കാണും മുഷിഞ്ഞ
വിഷാദകലകൾ…
കരിക്കട്ടമുറിവെഴുത്തുകൾ
ആനന്ദവെയിൽ ചോരുന്ന
മേൽക്കൂരയിലെ ഓട്ടുവിടവുകൾ..
ഉന്മാദമഴ ചെരിഞ്ഞു പെയ്യുന്ന
ജനാല ചില്ല് മുറിവുകൾ..
കിടപ്പുമുറിയിലേക്ക്
വിഷാദത്തിന്റെ സർപ്പം
ഇഴഞ്ഞെത്തുന്ന
പൊട്ടിയുടഞ്ഞൊരു
ഹൃദയവിള്ളൽ..
സർപ്പദംശന
വിഷപ്രസരണത്തിന്റെ
ഭീതി തണുപ്പുള്ള
റെഡ് ഓക്സൈഡ്
തറമിനുപ്പുകൾ..
കരിയില കാവലിന്റെ
കരുതലൊച്ചകൾ
അതിഥിയാഗമനങ്ങളെ
അകക്കണ്ണിൽ കാട്ടുന്ന
അടിച്ചുവാരാ മുറ്റം
ഞാനൊരു
പേടിസ്വപ്നത്തിൽ നിന്നും
ഞെട്ടിയുണരുമ്പോൾ മാത്രം
വേലിയിറമ്പിൽ പിടഞ്ഞുണരുന്ന
ഒറ്റ ചെമ്പരത്തി..
അടുക്കളയിലെ
പുകചുമർ..
കഴുകാ പത്രങ്ങൾ
മാറാല മേഘങ്ങൾ
കാഴ്ചയിലേക്കിറ്റു
വീഴുന്ന മേൽക്കൂര
ചതുപ്പുകൾ..
അലക്കാ വിഴുപ്പുകൾ
അടുക്കി വെക്കാത്ത
പുസ്തക അലമാരകൾ
ചിതറി പോയ വരികൾ..
ഒഴുകി പോയ വാക്കുകൾ
തീന്മേശയിൽ
ചെരിഞ്ഞൊഴുകിയുണങ്ങിയ
കവിതപ്പാടുകൾ..
വഴി തെറ്റിയെത്തുന്ന
ഏകാകികളുടെ കൂട്ടം..
പാട്ടുകാരായ പ്രണയികൾ
വിരഹികൾ.. ഉന്മാദികൾ
ചിലർ സ്വന്തം മുറിവിനേയോ
ചിലർ ഉള്ളിലെ
കടൽച്ചൊരുക്കുകളെയോ
ചിലർ ചിലപ്പോൾ
ഒരു കടലിനെ തന്നെയോ
എന്റെയുള്ളിൽ
മറന്നു വെക്കും
ചിലരൊരു വിഷാദഗാനമോ
ചിലർ ഏകാന്തത
തുളുമ്പുന്നൊരു പൂവോ
എനിക്ക് നൽകുന്നു..
ചിലർ ഒഴുകാത്തൊരു പുഴ
ഒക്കെയും എന്റെയുള്ളിൽ
തളം കെട്ടികിടക്കും..
അകമുറികളിൽ
വെളിച്ചത്തിന്റെ ഒരു
ചില്ല് മറന്നു വെക്കുന്നവരുമുണ്ട്
എന്റെ ഇരുട്ടിനൊരുമ്മ
മാത്രം നൽകി മടങ്ങുന്ന
വേറെ ചിലർ..
അകമുറികളെ
അടുക്കി പെറുക്കി വെക്കുന്ന
ധ്യാനമൗനികളായ
ചിട്ടവട്ട അതിഥികളുമെത്തും
ചിലപ്പോൾ..
അതിഥികൾ പടിയിറങ്ങുമ്പോൾ
ഞാൻ ഓർമ്മമുദ്രകളിലൂടെ
നടക്കാനിറങ്ങും
തട്ടി തടഞ്ഞു വീഴും
വീടിനുള്ളിൽ വഴിയറിയാതെ
പിന്നെയും പിന്നെയും വീഴും
അകമുറിയിലെ
എന്റെ വളർത്തുകാറ്റപ്പോൾ
ഓടി വന്നെന്നെ ശാസിക്കും
പിടിച്ചെഴുന്നേല്പിക്കും
ഈ അടുക്കിപെറുക്കിവെക്കലൊന്നും
നിങ്ങൾക്ക് ശരിയാവില്ലെന്നു
അടുക്കിപെറുക്കിവെച്ചതിനേയൊക്കെ
വലിച്ചു വാരിയിടും
വീടിനുള്ളിലപ്പോൾ
മുഷിഞ്ഞ ഓർമ്മകളുടെ
വാട്ടമണം നിറയും
ഞാനപ്പോൾ എന്നെ
ശ്വസിക്കാൻ തുടങ്ങും
പിന്നെയും തോന്ന്യാസിവീടാവും.
This is Beautiful ❤️
അകങ്ങളിലേക്കുള്ള നോട്ടം;സ്ത്രീ ജീവിതത്തിലേക്കും..സൂക്ഷ്മത കവിതയെ ശ്രദ്ധേയമാക്കി..