‘തോബിയാസ് ഒരു നാടകക്കാരനി’ല്‍ വേദി നിറഞ്ഞ് അച്ഛനും മകളും

0
516

കണ്ണൂർ: പ്രദീപ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പട്ടേനാസിന്റെ ‘തോബിയാസ് ഒരു നാടകക്കാരന്‍’ എന്ന നാടകം അരങ്ങേറി. രവി പട്ടേനയും മകള്‍ അശ്വതി രവീന്ദ്രനുമാണ് നാടകത്തിലെ അഭിനേതാക്കള്‍. ”അങ്ങിനെ ഏറെക്കാലമായി മനസ്സില്‍ കൊണ്ടു നടന്ന ഒരു സ്വപ്നം യാഥാര്‍ത്ഥ്യമായി. ഞാനും മകളും കൂടി ഒരു നാടകം.” എന്നാണ് രവി പട്ടേന നാടകത്തെപ്പറ്റി പ്രതികരിച്ചത്. എന്നിലെ വെളിച്ചക്കാരനെയും നടനെയും ഒരുമിച്ച് വെളിച്ചപ്പെടുത്താന്‍ സാധിച്ചെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

നാടകത്തിന്റെ വെളിച്ചവിതാനം നിയന്ത്രിക്കുന്ന പിന്നരങ്ങിലെ നാടക പ്രവര്‍ത്തകന്റെ ജീവിതം കാണികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന നാടകം. തോബിയാസ് എന്ന പഴയ നാടകക്കാരന്റെ സമരസപ്പെടാത്ത ജീവിതവും നേരിന്റെ രാഷ്ട്രീയം വിളിച്ചു പറയാന്‍ മടിയില്ലായ്മയും പുതിയ കാലത്തിലെ ചില നാടക സമീപനങ്ങള്‍ക്കുള്ള തിരിച്ചറിവുകൂടിയാണ് ഈ നാടകം.

ഒരു കഥാപാത്രം തന്നെ അരങ്ങില്‍ വെളിച്ച നിയന്ത്രണവും കൂടി അഭിനയത്തോടൊപ്പം ചെയ്യുന്നുവെന്ന എടുത്തു പറയേണ്ട പ്രത്യേകതകൂടി ഈ നാടകത്തിനുണ്ട്. കൗതുകം കൊണ്ട് നാടകത്തിന്റെ പിന്നരങ്ങിലെത്തുന്ന പെണ്‍കുട്ടിയുമായുള്ള സംവേദനത്തിലൂടെയാണ് നാടകം വളരുന്നത്. തന്റെ പഴയ നാടകാനുഭവങ്ങള്‍ പെണ്‍കുട്ടിയുമായി പങ്കിടുന്ന തോബിയാസ് അരങ്ങില്‍ മരിച്ചുവീഴുമ്പോള്‍, അദ്ദേഹം നിര്‍ത്തിടത്തു നിന്നും പ്രതീക്ഷയുമായി പെണ്‍കുട്ടി ദീപ വിതാനം ചെയ്യുന്നിടത്താണ് നാടകം തീരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here