ഗായത്രി. എം.
മരിച്ചു പോകുമ്പോൾ
ആരും ഒന്നും കൊണ്ടു പോകുന്നി-
ല്ലെന്നു പറയുന്നതൊക്കെ
വെറുതെയാണ്.
പണ്ടു വീട്ടിലുണ്ടായിരുന്ന
രണ്ട് കുട്ടിക്കലങ്ങൾ
കാണാതായിട്ടുണ്ട് –
ഒരേട്ടനുമനിയനും.
അമ്മയും അമ്മമ്മയും
ഓരോന്നു കൊണ്ടുപോയതാവാനേ തരമുള്ളൂ.
അതോ ഇനി മുത്തശ്ശനാണോ?
നിശ്ചയമില്ല.
ഏതായാലും തിരയാനിനി സ്ഥലം ബാക്കിയില്ല,
സംഗതിയൊട്ടു കാണുന്നുമില്ല.
…
അടുപ്പത്ത് കലത്തിൽ വെച്ച അരി തിളച്ച് പോകുമ്പോൾ
ഉത്തരക്കടലാസ് നോക്കി തിളച്ചിരിക്കുകയായിരുന്നു ഞാൻ.
നിറയെ അക്ഷരത്തെറ്റുകളാണ് മിക്കവയിലും.
ഒരുവൾ ‘കാല’ത്തിന് ‘കല’മെന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്.
ഈയിടെയായി ഓരോ ‘കല’വും
– അടുക്കളയിലെയും കടലാസിലെയും-
കാണാതായ ആ രണ്ട് കുട്ടിക്കലങ്ങളെ ഓർമ്മിപ്പിക്കുന്നു.
…
ഒരു പക്ഷേ, ഇവിടെയും അക്ഷരത്തെറ്റാവുമോ?
കുട്ടിക്കാലമായിരിക്കുമോ ശരി?
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.