വായന
സ്നിഗ്ധ ബിജേഷ്
പ്രിയ ജ്യേഷ്ഠസുഹൃത്ത് സുരേഷ് കൂവാട്ടിന്റെ ‘തേൻവരിക്ക’ എന്ന കഥാസമാഹാരം എഴുത്തുകാരനിൽ നിന്നും സ്വന്തമാക്കുമ്പോഴേ ഒറ്റയിരുപ്പിന് അതു വായിച്ചു തീർക്കാനുള്ള ആകാംഷയായിരുന്നു. എഴുത്തുകാരന്റെ വരയോടുള്ള താല്പര്യം വിളിച്ചോതുന്ന ആകർഷകമായ പുറംചട്ടയിൽ തുടങ്ങി, ഗൃഹാതുരത്വം പേറുന്ന എഴുത്തുവഴികൾ ഞാൻ ബാല്യം ചിലവഴിച്ച തറവാട് വീടിന്റെ നല്ലോർമകളിലേക്ക് മനസ്സിനെ കൊണ്ടെത്തിക്കുന്ന വിധം മാധുര്യമാർന്നതായിരുന്നു,
ഓർമ്മകളായി മാറിയ ഓർമ്മകളുടെ കൂമ്പാരത്തിലെവിടെയോ ചികയുന്നത് പോലെ സുന്ദരമായ വായനാനുഭവം നൽകിയതിന്, സഹോദരതുല്യരായ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളിൽ പ്രഥമ സ്ഥാനത്തുള്ള സുരേഷേട്ടനോടുള്ള സന്തോഷം മറച്ചുവെക്കാതെ പങ്കിടണമെന്ന ചിന്തയാണ് ഇതെഴുതാൻ പ്രേരിപ്പിച്ചത്. വിശകലനം ചെയ്യാൻ മാത്രമുള്ള അറിവില്ല. എങ്കിലും എഴുതാനിരുന്നപ്പോൾ ഓർത്തെഴുതേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. ഓരോ കഥകളും കഥാപാത്രങ്ങളും ഇന്നലെ കണ്ടവരെന്ന പോലെ മുന്നിൽ വന്നു നിൽക്കുന്നത് പോലെ….
വായിച്ചുതുടങ്ങിയത് തന്നെ എനിക്ക് കണ്ടും കേട്ടും പരിചയമുള്ള മീനാക്ഷിയുടെ നമ്പ്യാരുവീടിന്റെ കഥയാണ്. ഓർമകളിൽ ഇപ്പോഴുമുണ്ട് ആ മുറ്റവും ഓരത്തായി വലിയ ബപ്ലൂസ് മാങ്ങകൾ ഉണ്ടാകാറുള്ള മാവും ഒക്കെയുള്ള ആ വലിയ വീട്. പൊളിച്ചുമാറ്റി ഇപ്പോൾ കോൺക്രീറ്റ് സൗധങ്ങൾ നിരന്നുനിൽകുന്ന ആ പറമ്പും വീടും മങ്ങലേൽക്കാതെ ഇപ്പോഴും ഓർത്തുവയ്ക്കുന്ന ആ ഓർമശക്തിയെ ആദ്യമേ അഭിനന്ദിക്കട്ടെ.
മീനാക്ഷി ഒരു നോവാണ് പുസ്തക പ്രകാശന വേളയിൽ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ. വി. ആർ. സുധീഷ് മാഷ് പറഞ്ഞതുപോലെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന നോവോർമ്മയായ ഒരു മുഖമുണ്ട് മീനാക്ഷിക്ക്. ആരും കടന്നുചെല്ലാത്ത ആളനക്കമില്ലാത്ത ആ വലിയ വീടിന്റെ ഉമ്മറത്ത് മുല്ലപ്പൂ പെറുക്കാനായി മാത്രം വരുന്ന ആ കുട്ടിയോട് വാത്സല്യത്തിനപ്പുറത്തു ഒരുപാട് അർത്ഥതലങ്ങളിലേക്ക് വായനക്കാരനെ കൊണ്ടുപോകാൻ മാത്രം ചില സൂചനകൾ തന്നുപോകുന്നുണ്ട് എഴുത്തുകാരൻ. കാരൂരിന്റെ കഥയായ പൂവമ്പഴത്തിലെ അന്തർജ്ജനത്തിന് അപ്പുവിനോട് തോന്നുന്ന ഒരിഷ്ടമുണ്ട്. കയ്യാല ചാടി കടക്കാൻ പറയുന്ന അന്തർജ്ജനം ചാടികടന്നപ്പോൾ അവനെ അഭിനന്ദിക്കാനും മടിക്കുന്നില്ല. കേശവന്റെ കല്യാണത്തിന് പോയ വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴും കേശവന്റെ പെണ്ണ് സുന്ദരിയാണോ? തന്നെക്കാൾ നിറമുണ്ടോ? എന്നൊക്കെ ചോദിക്കുന്ന ആ സ്ത്രീയെ ഓർമിപ്പിക്കുന്നു ഈ മീനാക്ഷിയും.
മീനാക്ഷിയിൽ നിന്ന് താളുകൾ മറിച്ച് നേരെ പോയത് തേൻവരിക്ക എന്ന കഥയിലേക്കാണ്. തേൻവരിക്കയിലെ മാഷേട്ടൻ എന്ന കഥാപാത്രം ഒരു നേർചിത്രമാണ്. പലർക്കും താദാത്മ്യം പ്രാപിക്കാവുന്ന ഒരു കഥാപാത്രം. കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ടാകും ഇതുപോലെ ഒരു മാഷേട്ടനെ, നാട്ടിൻപുറത്തിന്റെ ലൈബ്രറി ബെഞ്ചിലോ അല്ലെങ്കിൽ നാടിന്റെ പൊതുപരിപാടികളിൽ ഓടിനടക്കുന്ന സജീവ സാന്നിധ്യമാകും ഈ മുഖം പക്ഷെ വ്യക്തിപരമായി അയാളെ അടുത്തറിയുന്നവർ പ്രാരാബ്ധത്തിന്റെ വള്ളിപ്പടർപ്പിനുള്ളിൽ ബന്ധിക്കപ്പെട്ട, കൂടെ ജീവിത യാത്രയിൽ ഒന്നിച്ചുണ്ടായവർ പലരും ഉയർന്ന ജീവിത സാഹചര്യങ്ങളിലേക്ക് പറച്ചുനടപ്പെട്ടപ്പോഴും മാഷേട്ടൻ തനിച്ചാവുണ്ട്. പി എസ് സി റാങ്ക് ലിസ്റ്റാവും അയാളുടെ ഏക പ്രതീക്ഷ. കൗമാരത്തിലെ പ്രണയിനി പോലും അയാളെ ആ ഉൾവലിയലിൽ നിന്ന് മോചിപ്പിക്കുന്നില്ല.
എടുത്തുപറയേണ്ടതാണ് ഓരോ കഥയും അതിലെ സൂക്ഷ്മമായി മിനുക്കിയെടുത്ത കഥാപാത്രങ്ങളും. മീനാക്ഷി നോവുണർത്തുമ്പോൾ ഭാനുമതി ചിരിയുണർത്തുന്നുമുണ്ട്. രഹസ്യകാമുകൻ ആരാണെന്ന് അറിയുന്നത് വരെ വായനക്കാരനെ വരികളിൽ നിന്നും കണ്ണെടുക്കാതെ കൊണ്ടുപോകാൻ ആ എഴുത്തിനു സാധിക്കുന്നു എന്നത് എടുത്തുപറയേണ്ട ഒന്നാണ്. കളികൂട്ടുകാരിയും കൂടപ്പിറപ്പും അമ്മയും അമ്മൂമ്മയും മകളും ഒക്കെയായി വായിച്ചുതീരുമ്പോൾ ഈ പുസ്തകത്തോടും എഴുത്തുകാരനോടും ഒരിഷ്ടം ബാക്കിയാവുന്നു. വിശ്വസാഹിത്യങ്ങളോ പ്രശസ്തരായ എഴുത്തുകാരെയോ പിന്തുടരുന്ന നമ്മൾക്ക്, നമ്മളിൽ ആരുടെയൊക്കെയോ കഥകൾ പറഞ്ഞുതന്ന സുരേഷേട്ടന്റെ അടുത്ത എഴുത്തിനായി ഏവരെയും പോലെ കാത്തിരിക്കുന്നു ഞാനും.