കവിത
വിജിഷ വിജയൻ
പതിനൊന്നാം വയസ്സിലെ
ക്രിസ്മസ് തലേന്നാണ്
‘അശുദ്ധം’എന്ന വാക്കിനെ
തൊട്ടറിയാനായത്.
അതിന് കാപ്പി കലർന്നൊരു
ചോപ്പുനിറമായിരുന്നു.
ഒട്ടിപ്പിടിയ്ക്കാൻ വെമ്പുന്ന
തട്ടിയടർത്തിയ ബാല്യത്തിൽ
ഒറ്റമുണ്ട് കീറിയതിൽ
ഞാനതിനെ ചേർത്തുടുത്തു.
അമ്മ പറഞ്ഞു, അന്ന് മുതൽ
ഞാനശുദ്ധയാണെന്ന്.
തൊട്ടപ്പുറത്തെമരപ്പലകപിടിച്ച്
ഞാനുറക്കെക്കരഞ്ഞപ്പോൾ
മാറ്റാരൊക്കെയോ മൊഴിഞ്ഞു,
പലക ശുദ്ധിയാക്കണമെന്ന്.
അന്ധാളിപ്പ് പരന്നപകലിലൊന്നിൽ
വിശ്രമിക്കാനായ്‌മാത്രവർ
എന്റെ കൗമാരത്തിലേക്ക്
കുറച്ചുദിനങ്ങൾ കൊഴിച്ചിട്ടു.
തീണ്ടാരിപ്പായയെന്നു പേരിട്ട്
അവരെന്നെനിവർത്തിക്കിടത്തി.
നിവരാത്ത സ്വപ്നങ്ങളുമായി ഞാനും..
ആർക്കും വേണ്ടാത്തൊരവശയെപ്പോൽ,
ഒറ്റമുറിമൗനങ്ങളിലേക്കൊരു ടിക്കറ്റും.
വാർത്തുകുത്തിയ ചോറുകലത്തിൽ-
നിന്നൊറ്റപ്പാത്രത്തിലേക്ക്
എന്റെയന്നം പകർന്ന്
അപരിചത്വം വിളമ്പി,
പൊയ്മുഖങ്ങളെല്ലാം മറഞ്ഞു.
പ്രതിക്കൂട്ടിൽനിന്നർത്ഥമില്ലാതെ
പോയൊരുകഥാതന്തുവിലേക്ക്,
ചൂടുകട്ടൻ നിലത്തു വച്ചു
പോകുന്ന സായാഹ്നങ്ങൾ.
കുടിച്ചകപ്പ് കഴുകികമഴ്ത്തിയ മടുപ്പുകൾ.
തുറക്കാത്ത ജനൽപ്പാളിയിലൂടെ
തക്കംപാർത്തൊരു കൊതുക്
ആരുമറിയാതകത്ത് കടക്കും.
എന്നിലെ കുട്ടിത്തമൂറ്റിക്കുടിച്ച്
പക്വതയുടെ രക്തത്തെകുത്തിനിറച്ചു.
വെളിച്ചമെത്താത്ത തടവറകളിൽ
പെണ്മനമിന്നുമിരുന്നു വിങ്ങാറുണ്ട്.
ഒറ്റയ്ക്ക് തളർന്നുറങ്ങാറുമുണ്ട്.
കാലം മാറിയെന്നുറക്കെയാർത്തും ,
നരച്ച നാവുകളെ പിഴുതെറിഞ്ഞും
അരണ്ട നിഴലറകളെ
തൊട്ടുതീണ്ടിയും, നെറുകിലൊരുമുത്തം ചാർത്തിയും
നിനയ്ക്കെന്നെ ചേർത്തുപിടിയ്ക്കാനാവുമോ?
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.