പ്രശസ്ത നാടകനടനും പൂക്കാട് കലാലയം നാടകസംഘാംഗവുമായ ബാലകൃഷ്ണൻ മരുതോറ(56) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നാണ് നിര്യാണം.
പൂക്കാട് കലാലയം ,കണ്ണൂർ സംഘചേതന,കോഴിക്കോട് മുരളിക ,വേദവ്യാസ വടകര ,പയസ് തൊട്ടിൽപ്പാലം തുടങ്ങിയ പ്രശസ്തമായ നാടകസംഘങ്ങളുടെ നാടകങ്ങളിലൂടെ ഏറെക്കാലം നാടകവേദികളിലെ പകരംവെക്കാനില്ലാത്ത സാന്നിധ്യമായിരുന്നു.
പഴശ്ശിരാജ, തച്ചോളി ഒതേനൻ ,നെല്ല് ,മനസ്സറിയും യന്ത്രം എന്നിവയാണ് അഭിനയിച്ച പ്രധാന നാടകങ്ങൾ .
പഴശ്ശി രാജയിലെ കോട്ടയത്ത് തമ്പുരാന്റെ വേഷവും തച്ചോളി ഒതേനനിലെ കതിരൂർ ഗുരുക്കളുടെ വേഷവും നെല്ലിലെ ആദിവാസിയുടെ വേഷവും നാടകപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ വേഷങ്ങളാണ് .
സാമൂഹികപ്രാധാന്യമേറിയ വിഷയങ്ങളെ മുൻനിർത്തി ഒട്ടേറെ തെരുവുനാടകങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്.
ബാല്യകാലസഖി,റെഡ്‌വൈൻ,കാറ്റുവിതച്ചവർ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു .