ജിദ്ദ: സൗദി അറേബ്യയിലെ ആദ്യ സിനിമ തിയറ്റർ ഇൗമാസം 18 ന് പ്രവർത്തനം ആരംഭിക്കും. തലസ്ഥാനമായ
റിയാദിലായിരിക്കും ആദ്യ തിയറ്റർ പ്രദർശനം നടക്കുകയെന്ന് ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.
അമേരിക്കയിൽ സന്ദർശനം നടത്തുന്ന കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ബുധനാഴ്ച ലോസ് ആഞ്ചലസിൽ
അമേരിക്കൻ മൾട്ടി സിനിമ (എ.എം.സി) കമ്പനിയുമായി വിപുലമായ കരാർ ഒപ്പിട്ടതിന് പിന്നാലെയാണ് തിയതി
പ്രഖ്യാപനം വന്നത്.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ കാർമികത്വത്തിലുള്ള ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായാണ്
സൗദി വിനോദമേഖലയിലും വിപ്ലവം സംഭവിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇത് സംബന്ധിച്ച
സൂചന നൽകുന്ന പ്രഖ്യാപനങ്ങൾ ഭരണതലത്തിൽ നിന്ന് വന്നിരുന്നു. മൂന്നരപ്പതിറ്റാണ്ടുകൾക്ക് ശേഷമാണ്
സൗദിയിൽ തിയറ്ററുകൾക്ക് പ്രവർത്തനാനുമതി ലഭിക്കുന്നത്. 1980 കളുടെ തുടക്കം വരെ സൗദിയിലെ വിവിധ
നഗരങ്ങളിൽ തിയറ്ററുകൾ പ്രവർത്തിച്ചിരുന്നു.