ഏഴാം ഭ്രാന്തന്‍; ചിന്തകളുണര്‍ത്തുന്ന കൃതി

0
96

The Reader’s View

അന്‍വര്‍ ഹുസൈന്‍

നോവലിൻ്റെ വിശാലമായ ക്യാൻവാസിൽ കുറെ ജീവിതങ്ങളെയാണ് എഴുത്തുകാരൻ പകർത്താറുള്ളത്. ഈ കഥാപാത്രങ്ങൾ പരസ്പര ബന്ധമുള്ളവരാവാം, ആവാതിരിക്കാം. ഓരോരുത്തരുടെയും ജീവിതം എങ്ങനെ പകർത്തുന്നു എന്നതാണ് പ്രധാനം. ഒപ്പം ശ്രദ്ധേയമായ ജീവിത നിരീക്ഷണവും ഉണ്ടാവണം.

നോവലിൻ്റെ രൂപഘടനയോട് കലഹിച്ചു കൊണ്ട് നിരവധി പരീക്ഷണങ്ങൾ മലയാള നോവലിൽ ഉണ്ടായിട്ടുണ്ട്. ചിലവ വിജയിക്കുകയും ചിലവ പാളുകയും ചെയ്തിട്ടുണ്ട്.

ഒരാൾ തൻ്റെ ആദ്യനോവലിൽ ഇത്തരമൊരു പരീക്ഷണം നടത്തുകയും അതിൽ വിജയിക്കുകയും ചെയ്തു. ഈ എഴുത്തുകാരൻ ആൻഷൈൻ തോമസ് പ്രതീക്ഷയുണർത്തുന്നു. ഏഴാം ഭ്രാന്തൻ എന്ന ഈ നോവൽ മാൻകൈൻഡ് ലിറ്ററേച്ചർ കോഴിക്കോട് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 128 പേജുകളിൽ 8 അധ്യായങ്ങളിൽ നോവൽ പൂർത്തിയാവുന്നു.

സൈക്കോളജിസ്റ്റ് ബാലമുരളിക്ക് മുന്നിൽ പല ജീവിതങ്ങൾ പ്രത്യക്ഷപ്പെടുന്നു. അക്കൂട്ടത്തിൽ ന്യായാധിപനുണ്ട്, വേശ്യയുണ്ട്, പുരോഹിതനുണ്ട്, കള്ളനുണ്ട്. ജിന്നും ഫെമിനിസ്റ്റും അവിടെ എത്തുന്നുണ്ട്. മുരളിക്കൊപ്പം പ്രിയ എഴുത്തുകാരൻ സുദീപ് ദേവുമുണ്ട്.

ഓരോ ജീവിതങ്ങളും വ്യതിരിക്തമാണ്. ഓരോരുത്തരുടെയും നിരീക്ഷണങ്ങളും സുദീപ് ദേവിൻ്റെ കഥകളും സമഞ്ജസമായി സന്നിവേശിപ്പിച്ചിരിക്കുന്നു. ഒടുവിൽ ദേവ് ഒരു പ്രഹേളികയായി മാറുന്നു. മുരളി തന്നെയാണോ ദേവ് എന്ന വിഭ്രമത്തിൽ നോവൽ പൂർത്തിയാവുമ്പോൾ വായനക്കാരനിൽ ചില ചോദ്യങ്ങൾ അവശേഷിക്കുന്നു.

മൈത്രിയും സ്നേഹവും നിരന്തരം തൂലികയിൽ ചേർക്കുന്ന ബോബിച്ചൻ എഴുതിയ ഒരു മുൻകുറിപ്പിൽ പറയുന്ന പോലെ സ്വാസ്ഥ്യത്തിനും പെത്യത്തിനുമിടയിൽ താമരനൂല് പോലെ ദുർബലമായ ഒരു അതിർവരമ്പാണുള്ളത്. വായനക്കാരനും എഴാം ഭ്രാന്തനായി മാറുന്ന ഒരു രചനാ കൗശലം ഇതിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ട്.

എന്താണ് ഭ്രാന്ത് ? നോർമൽ എന്ന് പറയപ്പെടുന്നവർ ശരിക്കും നോർമലാണോ? കലാകാരന്മാർ ഒരർത്ഥത്തിൽ ഭ്രാന്തന്മാരാണ്. എഴുത്തുകാരനും. ബഷീറിൻ്റെ ഉന്മാദമോർക്കുക.

പ്രണയവും കരുതലും തമ്മിലുള്ള വ്യത്യാസമെന്താണ്? പ്രണയം കാമുകി ഒരിക്കൽ മറക്കും. ഒലിച്ചിറങ്ങിയ കരുതൽ പെയ്തിറങ്ങിയ സ്നേഹത്തേക്കാൾ ഒർമ്മിക്കപ്പെടും.

ഒരു രസകരമായ സംഭാഷണം ശ്രദ്ധിക്കൂ:
‘അപ്പോൾ കള്ളനല്ല, നിങ്ങളൊരു കമ്മ്യൂണിസ്റ്റാണ് ‘ ഞാൻ ചിരിച്ചു.
‘അയ്യോ! സാറേ, കള്ളനെ കമ്മ്യൂണിസ്റ്റെന്നു വിളിച്ചാൽ വലിയ പ്രശ്നമാകും കേട്ടോ ‘
‘കള്ളന്മാരിൽ കമ്മ്യൂണിസ്റ്റുകളുണ്ടാവുന്നത് പ്രശ്നമല്ല. കമ്മ്യൂണിസ്റ്റുകളിൽ കള്ളന്മാരുണ്ടാവുന്നതാണ് പ്രശ്നം ‘ ഞാൻ പറഞ്ഞു.

ജിവിതം നോവലിസ്റ്റ് പകർത്തുമ്പോൾ ഇങ്ങനെ നിരീക്ഷണങ്ങളും പകർത്തണം. അവ നമ്മുടെ ചിന്തകൾക്ക് വഴിമരുന്നിടണം. ഏഴാം ഭ്രാന്തൻ ചിന്തോദ്ദീപനമുണർത്തുന്ന ഒരു കൃതിയാണ് എന്നതിൽ സംശയമില്ല.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here