The Reader’s View
അന്‍വര്‍ ഹുസൈന്‍
സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന സുപരിചിതമാണല്ലോ? വേദങ്ങളെല്ലാം സ്വര്‍ഗത്തെ പരാമര്‍ശിക്കുന്നുണ്ട്. അവിടെ ഭൂമിയില്‍ നന്മ ചെയ്യുന്നവര്‍ക്ക് സ്വപ്ന തുല്യമായ ഒരു ഭവനം ഉണ്ടെന്നും പ്രതീക്ഷിക്കപ്പെടുന്നു.
പുരോഹിതര്‍ സ്വര്‍ഗ-നരകങ്ങളെപ്പറ്റി പറയുക സ്വാഭാവികമാണ്. പക്ഷേ ബോബിച്ചന്‍ (ബോബി ജോസ് കട്ടികാട്) പറയുമ്പോള്‍ അതിനൊരു ചാരുതയുണ്ട്. അത് വേദമന്ത്രോച്ചാരണമല്ല: ജീവിതത്തെ തൊട്ടുള്ള എഴുത്താണ്.
ബോബിച്ചന്റെ കൂട്ട്, ഓര്‍ഡിനറി, ഹൃദയവയല്‍, കേളി, അവള്‍ തുടങ്ങിയ ഏത് പുസ്തകമെടുത്താലും അതിലെ വരികള്‍, വാക്കുകള്‍ ഹൃദയത്തില്‍ ചേക്കേറും. ബോബിച്ചന്‍ വിശുദ്ധ സുവിശേഷക്കളിലൂടെ, വേറിട്ട പുസ്തകങ്ങളിലൂടെ, മനം നിറക്കുന്ന ചലച്ചിത്രങ്ങളിലൂടെ നമ്മെ സഞ്ചരിപ്പിക്കും.
2022 ഡിസംബറില്‍ തിയോ ബുക്ക്‌സ്, കൊച്ചി പ്രസിദ്ധീകരിച്ച സ്വര്‍ഗ്ഗവാതില്‍ പക്ഷിയും വ്യത്യസ്തമല്ല. ബൈബിള്‍ നന്നായി കടന്നു വരുന്ന ഈ പുസ്തകവും ജീവിതവും അര്‍ത്ഥനയും ആത്മാവും പറുദീസയുമൊക്കെ പ്രതിപാദിക്കുന്നു. വ്യത്യസ്ത തലക്കെട്ടുകള്‍ക്ക് താഴെ ഉപ തലക്കെട്ടുകള്‍ ക്രമീകരിച്ചാണ് പുസ്തകം തയ്യാര്‍ ചെയ്തിരിക്കുന്നത്. പതിവ് പോലെ ദസ്തയോവ്‌സ്‌ക്കിയും വേര്‍ഡ്‌സ്വര്‍ത്തും ജോസഫും ലൂക്കോസും ഒക്കെ കടന്നു വരുന്നുണ്ട്.
സ്‌നേഹത്തെപ്പറ്റി ബോബിച്ചന്‍ നിരന്തരം എഴുതുന്നു. സ്‌നേഹവും പ്രാര്‍ത്ഥനയുമായി ബോബിച്ചന്‍ ബന്ധപ്പെടുത്തുന്നു. നമ്മള്‍ സ്‌നേഹിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു. പക്ഷേ നേതി സങ്കല്‍പ്പം പോലെ ഇതല്ല സ്‌നേഹം, ഇതല്ല പ്രാര്‍ത്ഥന എന്ന നിഷേധം ഉള്ളില്‍ തെളിയുന്നു. അഗാധമായി സ്‌നേഹിക്കപ്പെടുമ്പോഴും ഇതിനുമപ്പുറം സ്‌നേഹമുണ്ടാവുമോ എന്ന അന്വേഷണവും ഈ സ്‌നേഹം നിലനില്‍ക്കുമോ എന്ന ആശങ്കയും തുടരുന്നു.
നിര്‍ഭയത്വമാണ് പ്രാര്‍ത്ഥനയുടെ കാതല്‍. ദൈവം ശിക്ഷിക്കാനിരിക്കുന്ന ഒന്നല്ല; സ്‌നേഹമാണെന്ന നിറവിലാവണം പ്രാര്‍ത്ഥന. ഒരാള്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അയാള്‍ നമ്മള്‍ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ് പ്രാര്‍ത്ഥിക്കണം.
കാഫ്കയും വിവേകാനന്ദനും സൂഫിവര്യനുമെല്ലാം എത്ര സുന്ദരമായിട്ടാണ് ബോബിച്ചനിലൂടെ കൈ കോര്‍ത്തെത്തുക! വിശുദ്ധ ഫ്രാന്‍സിസിന്റെ പ്രാര്‍ത്ഥനകള്‍ നമ്മുടെ ഉള്ളകത്തേക്ക് എത്ര അനുപമമായാണ് പ്രസരിപ്പിക്കുക!
തോമസ് മൂര്‍ എന്ന ഐറിഷ് കവിയുടെ അഞ്ച് കുട്ടികളും ചെറുപ്പത്തില്‍ മരണമടഞ്ഞു. ആകാശത്തിന് ശമിപ്പിക്കാവുന്ന ക്ഷതങ്ങളേ ഈ നീല ഗ്രഹത്തിന് താഴേ എന്ന് എന്നിട്ടും അദ്ദേഹം കുറിച്ചു. എത്ര പ്രസാദാത്മകമായ സമീപനം! ഒരു രോഗം വരുമ്പോള്‍ ആത്മഹത്യയെ പുല്‍കാന്‍ ശ്രമിക്കുന്നവര്‍ ഈ സമീപനം ഓര്‍ക്കണം.
ചാവറയച്ചന്റെ ചാവരുള്‍, ജോണ്‍ മില്‍ട്ടന്റെ പറുദീസാ നഷ്ടം ഇവയൊക്കെ പരാമര്‍ശിച്ച് മാധവിക്കുട്ടിയിലെത്തുന്നു. വസന്തോത്സവം എത്രയോ ഹ്രസ്വമായിരുന്നു. ഒട്ടും ക്ഷീണിക്കാതെ വെയിലിലും മഴയത്തും ഞാന്‍ നടന്നു.
നിധി ചാല സുഖമാ രാമുനി
സന്നിധി സേവ സുഖമാ നിജമുഗ പല്‌സു മനസാ
ത്യാഗരാജ സ്വാമികള്‍ പാടുന്നു.
അങ്ങനെ നമ്മള്‍ നാദയോഗികളുടെ കീര്‍ത്തനം കേള്‍ക്കുന്നു. സംഗീതത്തിന്റെ വശ്യഭംഗിയിലേക്ക് ബോബിച്ചന്‍ നമ്മളെ കൈ പിടിച്ച് നടത്തുന്നു.
ആശാന്റെ കരുണയും ചെങ്ങാരപ്പിള്ളി നാരായണന്‍ പോറ്റിയുടെ ആട്ടക്കഥയും സാംബശിവന്റെ കഥാപ്രസംഗവുമെല്ലാം വാസവദത്തയുടെയും ഉപ ഗുപ്തന്റെയും കഥയാണ്. ഈ കരുണ ദൈവത്തിന്റേതാണ്. ഭൂമിയില്‍ അത് വ്യാപരിക്കണം. കടന്നു പോയ കിഡ്‌നി ഡോണര്‍ ആയിരുന്ന ചെറിയാച്ചനെ ഹഗ് ചെയ്തപ്പോള്‍ അയാളില്‍ യേശുവിന്റെ മണം!
ചിലര്‍ നമ്മിലേക്ക് വൈകിയെത്തുമോ? അങ്ങനെ നമുക്ക് തോന്നാം. പക്ഷേ സ്വീകാര്യമായ സമയം അതാവും. ‘ആരറിവൂ നിയതി തന്‍ ത്രാസു പൊങ്ങുന്നതും താനേ താണു പോവതും ‘
ടി പദ്മനാഭന്റെ ഒരു കഥ ഇങ്ങനെ അവസാനിക്കുന്നു. ആ വീട്ടില്‍ ഇനിയും വിളക്കണഞ്ഞിട്ടില്ല. കമ്പോണ്ടര്‍ ബൈബിള്‍ വായിക്കുകയായിരുന്നു. (ത്യാഗത്തിന്റെ രൂപങ്ങള്‍)
ബോബിച്ചന്‍ കപ്പൂച്ചിന്‍ സഭയിലെ ഒരു വൈദികനാണ്. നന്നായി വായിക്കുന്ന, സിനിമ കാണുന്ന കവിത ചൊല്ലുന്ന, സൗഹൃദങ്ങള്‍ നിറയെ ഉള്ള പുരോഹിതന്‍. നമ്മുടെ പുരോഹിതര്‍ ഇങ്ങനെയായിരുന്നെങ്കില്‍ സ്വര്‍ഗവാതില്‍ ഇത്ര അടഞ്ഞതാവില്ലായിരുന്നു
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
ബോബി അച്ഛന്റെ എഴുത്തുകളെ വളരെ മനോഹരമായി വിശകലനം ചെയ്തിരിക്കുന്നു. എല്ലാ പുരോഹിതരും ഇങ്ങനെ ആയിരുന്നുവെങ്കിൽ സ്വർഗ്ഗ വാതിൽ അടഞ്ഞ കിടക്കുകയില്ലായിരുന്നു എന്ന ഒറ്റവാക്യത്തിൽ എല്ലാം സംഗ്രഹിക്ക്പ്പെട്ടിരിക്കുന്നു
Anvar Hussain,
A well written review.
Good to know more about Bobichen and hours writing style, i am here today via your FB note.
Keep sharing.
ആശംസകൾ 🌹🙏
ഫിലിപ്പ് എരിയൽ
സെക്കന്തരാബാദ്